ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ് : ലീഗിന് മൂന്നാം സീറ്റില്ല, ചർച്ച തൃപ്‌തികരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

author img

By ETV Bharat Kerala Team

Published : Feb 25, 2024, 3:28 PM IST

Muslim league  congress  election 2024  പി കെ കുഞ്ഞാലിക്കുട്ടി  കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ
No Third Lok Sabha Seat for Muslim League

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് നൽകുന്നതിലെ ബുദ്ധിമുട്ട് മുസ്‌ലിം ലീഗ് നേതൃത്വത്തെ അറിയിച്ച് കോൺഗ്രസ്

എറണാകുളം : ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ഇല്ല. മൂന്നാം സീറ്റ് നൽകുന്നതിലെ ബുദ്ധിമുട്ട് കോൺഗ്രസ് ലീഗ് നേതൃത്വത്തെ അറിയിച്ചു. ഒഴിവുവരുന്ന രാജ്യസഭ സീറ്റ് നൽകാമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ടുവച്ചു. ഇതോടെ, സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്‌ച ചേരുന്ന യോഗത്തിൽ ചർച്ച ചെയ്‌ത് തീരുമാനം അറിയിക്കാമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

ഇതോടെയാണ് ആലുവ പാലസിൽ നടന്ന കോൺഗ്രസ് ലീഗ് ഉഭയകക്ഷിയോഗം പൂർത്തിയായത്. രാജ്യസഭ സീറ്റ് നിർദേശം മുന്നോട്ടുവച്ചതായി കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ വ്യക്തമാക്കി. ലീഗ് തീരുമാനം അറിയിച്ച ശേഷം കോൺഗ്രസ് എഐസിസിയുടെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ച പോസിറ്റീവാണെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

27ന് കമ്മിറ്റി കൂടി ഔദ്യോഗിക തീരുമാനം പറയും. ഈ വിഷയത്തിൽ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകൾ ഭംഗിയായി പൂർത്തിയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രണ്ട് വിഭാഗവും പരസ്‌പരം ഉൾക്കൊണ്ടു. കോൺഗ്രസിന് ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യണം. 27ന് അന്തിമ തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മൂന്നാം സീറ്റ് വേണമെന്ന ലീഗിൻ്റെ ആവശ്യത്തെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാനാണ് കൊച്ചിയിൽ ലീഗ് കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തിയത്. ചർച്ചയിൽ ലീഗിനെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, കെ.പി.എ മജീദ് എന്നിവരും കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും പങ്കെടുത്തു.

യുഡിഎഫിലെ ഇരു പ്രബല പാർട്ടികളും തമ്മിൽ നടത്തിയ ചർച്ചയിൽ പൊതുവെ പ്രതീക്ഷിച്ച തീരുമാനം തന്നെയാണ് ഉണ്ടായത്. മൂന്ന് സീറ്റ് വേണമെന്ന ലീഗിന്‍റെ ആവശ്യമാണ് ചർച്ച ചെയ്‌തത്. ഘടകകക്ഷികളായ കേരള കോൺഗ്രസും ആർഎസ്‌പിയും അവരുടെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മൂന്നാം സീറ്റെന്ന ലീഗിന്‍റെ ആവശ്യത്തെ തുടർന്നാണ് കോൺഗ്രസിന്‍റെയും മുസ്ലിംലീഗിന്‍റെയും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ വഴിമുട്ടിയത്.

രാഹുൽ ഗാന്ധിയില്ലെങ്കിൽ വയനാടോ, അല്ലെങ്കിൽ കണ്ണൂർ സീറ്റോ നൽകണമെന്നായിരുന്നു ലീഗ് ആവശ്യപ്പെട്ടത്. മൂന്നാം സീറ്റെന്ന ആവശ്യത്തിന് അർഹതയുണ്ടെന്നും എല്ലാ കാലങ്ങളിലും രണ്ട് സീറ്റിൽ ഒതുങ്ങി നിൽക്കാൻ കഴിയില്ലെന്നുമായിരുന്നു ലീഗ് നിലപാട്. നിലവിലെ സാഹചര്യത്തിൽ മൂന്ന് സീറ്റ് നൽകാൻ കഴിയില്ല എന്നായിരുന്നു കോൺഗ്രസിന്‍റെ നിലപാട്.

അതേസമയം ഒഴിവുവരുന്ന രാജ്യസഭ സീറ്റ് നൽകാമെന്ന നിർദ്ദേശം സമവായത്തിനായി കോൺഗ്രസ് മുന്നോട്ടുവയ്ക്കുകയുമായിരുന്നു. സംസ്ഥാന പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് നിലപാട് അറിയിക്കുമെന്ന തീരുമാനം ലീഗ് ഉഭയ കക്ഷി യോഗത്തെ അറിയിച്ചു. പാണക്കാട് ചേരുന്ന യോഗത്തിൽ ലീഗ് രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് നിർദ്ദേശം അംഗീകരിക്കാനാണ് സാധ്യത.

ചർച്ചകൾ ആദ്യം തുടങ്ങിയിട്ടും എൽഡിഎഫിലെ സ്ഥാനാർഥി ധാരണകൾ പൂർത്തിയായ ശേഷവും യുഡിഎഫിന് തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇതിൽ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഒരു പോലെ ആശങ്കയുണ്ടായിരുന്നു. ഇന്നത്തെ ചർച്ചയോടെ പ്രശ്‌നം പരിഹരിച്ചതായാണ് കോൺഗ്രസ്, ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.