ETV Bharat / state

വേനൽക്കാല ഡ്രൈവിങ്: ശ്രദ്ധിക്കാം ഈ കാര്യങ്ങൾ... - mvd about summer driving

author img

By ETV Bharat Kerala Team

Published : Apr 7, 2024, 2:23 PM IST

ടയർ എയർ പ്രഷർ കുറച്ചിടുകയും റേഡിയേറ്റർ കൂളൻ്റിന്‍റെ അളവ് കൃത്യമായി പരിശോധിക്കുകയും വേണം. തീപിടുത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണമെന്ന് എംവിഡിയുടെ നിർദേശം.

SUMMER DRIVING  VEHICLES MAINTAINANCE  MVD ABOUT SUMMER DRIVING  വേനൽക്കാല ഡ്രൈവിങിൽ ശ്രദ്ധിക്കേണ്ടവ
Be Careful Summer Driving and Vehicles Maintainance Says MVD

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽചൂട് പാരമ്യത്തിലേക്ക് എത്തുകയാണ്. ഡ്രൈവർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കാവുന്നതാണ് ചൂടും പൊടിയും ശബ്‌ദ മലിനീകരണവുമൊക്കെ. വേനൽക്കാലത്ത് ഡ്രൈവിങ്ങിലും വാഹനങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചുമുള്ള നിർദേശങ്ങൾ പങ്കുവെയ്ക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

അസഹനീയമായ ചൂട് കാരണം ഉണ്ടാകാവുന്ന ഉറക്കം, അമിത ക്ഷീണം, നിർജ്ജലീകരണം, മാനസിക പിരിമുറുക്കം, പുറം വേദന, കണ്ണിന് കൂടുതൽ ആയാസം സൃഷ്‌ടിക്കൽ ഇവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദാഹവും ശാരീരിക പ്രശ്‌നങ്ങൾക്കും പുറമെ ഹൈവേകളിൽ റോഡ് മരീചിക പോലെയുള്ള താൽക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് കഠിനമാക്കും. വേനൽക്കാലത്തെ സുരക്ഷിതമായ ഡ്രൈവിങ്ങിന് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.

വാഹനങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

• റബർ ഭാഗങ്ങളും ടയറും വൈപ്പർ ബ്ലേഡുകളും ഫാൻ ബെൽറ്റും കൃത്യമായ പരിശോധിക്കുകയും ആവശ്യമെങ്കിൽ ഇവ മാറ്റിയിടുകയും ചെയ്യണം.

• ടയർ എയർ പ്രഷർ കുറച്ചിടുക.

• റേഡിയേറ്റർ കൂളൻ്റിന്‍റെ അളവ് കൃത്യമായി പരിശോധിക്കണം.

• വാഹനങ്ങൾ പരമാവധി തണലത്ത് പാർക്ക് ചെയ്യുക. വെയിലത്ത് പാർക്ക് ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ഡാഷ് ബോർഡിൽ പതിക്കാത്ത തരത്തിൽ പാർക്ക് ചെയ്യുക. പാർക്ക് ചെയ്യുമ്പോൾ ഡാഷ് ബോർഡ് സൺ പ്രൊട്ടക്ഷൻ ഷീൽഡ് ഘടിപ്പിക്കുന്നതും ഉചിതമാണ്.

• വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഡോർ ഗ്ലാസ് പൂർണമായും അടക്കാതിരിക്കുക. വൈപ്പർ ബ്ലേഡ് ഉയർത്തി വെക്കണം.

• തീപിടുത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാതിരിക്കുക.

• വെയിലത്ത് നിർത്തിയിട്ടുള്ള വാഹനങ്ങളിൽ ഉണ്ടാകാവുന്ന ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നതിനായി യാത്ര ആരംഭിക്കുന്ന സമയത്ത് ഗ്ലാസ് താഴ്ത്തിയിടണം. കാലുകളിലേക്ക് വായു സഞ്ചാരം വരുന്ന രീതിയിൽ ഫാൻ ക്രമീകരിക്കണം. കുറച്ച് ദൂരം വാഹനം ഓടിയതിനു ശേഷം മാത്രം എസി പ്രവർത്തിപ്പിക്കണം.

• വാഹനത്തിൽ വെള്ളം പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലും സൂക്ഷിക്കാതിരിക്കുക. ഇങ്ങനെ ഡാഷ് ബോർഡിൽ വെയിൽ നേരിട്ട് കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുന്നത് പ്രിസം എഫക്‌ട് മൂലം തീപിടിത്തത്തിന് ഉള്ള സാധ്യതയും ഉണ്ടാക്കും.

• ഇന്ധനം കുപ്പികളിൽ വാങ്ങി സൂക്ഷിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.

• തീപിടിത്തത്തിന് സാധ്യതയുള്ള സാധനങ്ങൾ, സ്പ്രേകൾ, സാനിറ്റൈസർ എന്നിവ വാഹനത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം.

യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

• അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിട്ടാൻ ദീർഘദൂര യാത്രകളിൽ ഇടക്കിടെ ഇടവേളകൾ എടുക്കണം. ശരീരത്തിൽ ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കണം.

• യാത്രകളിൽ ജലാംശം അടങ്ങിയ പഴവർഗങ്ങൾ കരുതണം.

• ദീർഘദൂര യാത്രകളിൽ എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കണം.

• ഉറക്കം വരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിങ് കഴിവതും ഒഴിവാക്കണം.

• ചായ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയ്ക്ക് പകരം കരിക്കിൻ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുക.

• അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം.

• ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സമയത്ത് ചൂട് കാറ്റ് മൂലം ഡീഹൈഡ്രേഷൻ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ശരീരത്ത് പതിക്കുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കയ്യുറയും ധരിക്കണം.

• കാറുകളിൽ സ്‌റ്റീരിയോ കുറഞ്ഞ ശബ്‌ദത്തിൽ പ്രവർത്തിപ്പിക്കണം. സീറ്റ് ശരിയായ രീതിയിൽ ക്രമീകരിക്കണം.

• കണ്ണിൻ്റെ ആയാസം കുറയ്ക്കാൻ ഇടവേളകൾ എടുക്കണം. ശുദ്ധജലം ഉപയോഗിച്ച് മുഖം ഇടക്കിടെ കഴുകണം. കണ്ണടച്ച് വിശ്രമം എടുക്കണം.

• വെയിൽ നേരിട്ട് പതിക്കുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനും സൺഗ്ലാസ് ധരിക്കണം.

• പാർക്ക് ചെയ്‌ത വാഹനങ്ങൾക്കടിയിൽ നായകളോ മറ്റു ജീവികളോ അഭയം തേടാൻ സാധ്യതയുണ്ട്. മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിർബന്ധമായും വാഹനത്തിൻ്റെ അടിഭാഗം ശ്രദ്ധിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.