ETV Bharat / state

ഗവര്‍ണര്‍ക്ക് ആവശ്യത്തിന് ഫണ്ട് നല്‍കുന്നില്ലെന്ന ആരോപണം ബാലിശം; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ശിവന്‍കുട്ടി - Minister V Sivan kutty against Modi

author img

By ETV Bharat Kerala Team

Published : Apr 21, 2024, 11:10 PM IST

Sivankutty  modi  Governor  Fund
Not giving sufficient fund to Governor: Modi's statement Childish-Sivankutty

ഗവര്‍ണറുമായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ബന്ധത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ തുറന്നടിച്ച് സംസ്ഥാന മന്ത്രി വി ശിവന്‍കുട്ടി. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

തിരുവനന്തപുരം: ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ടെന്നും, ഗവർണർക്ക് ആവശ്യമായ ഫണ്ട് നൽകുന്നില്ല എന്ന ആരോപണം ബാലിശമാണെന്നും മന്ത്രി വി ശിവൻകുട്ടി. സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തോട് വാർത്താകുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ താത്‌പര്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഗവർണറെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി അൽപ്പം വർഷങ്ങൾ പുറകിലേക്ക് പോയി നോക്കണമെന്നും നരേന്ദ്ര മോദി 2011 ൽ ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗവർണർ പദവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എടുത്ത നിലപാട് എന്തായിരുന്നുവെന്നും മന്ത്രി ചോദിച്ചു.

കമല ബേനിവാൾ എന്ന മുൻ കോൺഗ്രസ് നേതാവായ ഗവർണറുമായി തുറന്ന പോരിലായിരുന്നില്ലേ അന്ന് മോദിയെന്നും അന്ന് നരേന്ദ്ര മോഡി ആർട്ടിക്കിൾ 163 നെ കുറിച്ച് വാചാലനാവുകയായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. ഗവർണർ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം അനുസരിച്ചു നീങ്ങണം എന്നാണ് ഈ ആർട്ടിക്കിൾ പറയുന്നത്. അന്ന് നരേന്ദ്ര മോദി മന്ത്രിസഭ തീരുമാനിച്ച് നടപ്പാക്കിയത് ഗുജറാത്തിലെ ഗവർണറുടെ അധികാര പരിധി കുറയ്ക്കാനുള്ള നടപടികളല്ലേ?

2013 ൽ നരേന്ദ്ര മോദി ഗുജറാത്ത് യൂണിവേഴ്സിറ്റീസ് ലോ (അമെൻഡ്‌മെന്റ് ) ബിൽ അവതരിപ്പിച്ചു പാസാക്കിയെന്നും ബില്ലിൽ സർവ്വകലാശാലയിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിച്ചുരുക്കിയെന്നും മന്ത്രി പറഞ്ഞു. ഗവർണർ കമലാ ബേനിവാൽ ഈ ബില്ല് തിരിച്ചയച്ചു. 2015 ൽ ബിജെപി സർക്കാർ നിയോഗിച്ച ഗവർണർ ഒ. പി. കോഹ്ലി ഈ ബില്ലിൽ ഒപ്പിട്ടു. ഗവർണറുമായുള്ള അന്നത്തെ തന്‍റെ കൊമ്പുകോർക്കൽ പവിത്രം, ഇവിടെ ഗവർണറെ വിമർശിച്ചാൽ കുഴപ്പം എന്ന രീതി ശരിയല്ലെന്നും മന്ത്രി തുറന്നടിച്ചു.

Also Read: അജണ്ടകൾ നടപ്പാക്കാൻ നിയമലംഘനം അവകാശമായി കാണുന്ന ചിലരുണ്ട്; ജോണ്‍ ബ്രിട്ടാസിനെതിരെ ഗവർണർ

സംസ്‌ഥാനത്തെ ഭരണഘടനാ തലവനാണ്‌ രാജ്യത്തിന്‍റെ ഭരണഘടന അനുസരിച്ച്‌ ഗവർണർ. എന്നാൽ ഗവർണർക്ക് ഭരണനിർവഹണ അധികാരമില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന സർക്കാരിനാണ് എക്‌സിക്യൂട്ടീവ്‌ പവർ. ഗവർണർക്ക് സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ്‌ ഉള്ളത്‌. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്നും എന്നാൽ കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഭരണ ഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിച്ചത് എന്നത് ഓർക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.