ETV Bharat / state

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ കേസെടുക്കണമെന്ന ഹര്‍ജിയിൽ വിധി ഇന്ന് - Masappadi Case Verdict

author img

By ETV Bharat Kerala Team

Published : May 6, 2024, 8:59 AM IST

MATHEW KUZHALNADAN  MASAPPADI CASE  മാസപ്പടി കേസ്  വീണാ വിജയന്‍
Pinarayi Vijayan, Veena Vijayan (Etv Bharat Network)

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിൽ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. മെയ് 3-ന് കേസ് പരിഗണിക്കവെ, ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് ബലം നല്‍കാന്‍ നാല് രേഖകകൾ കൂടി മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

കെഎംഇആര്‍എല്ലിന്‍റെ കൈവശമുളള അധിക ഭൂമി നഷ്‌ടമാകാതിരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ്, 1999 -ല്‍ കേന്ദ്ര ഭൂഗര്‍ഭ - ഭൂ പര്യവേക്ഷണ മന്ത്രാലയം സ്വകാര്യ വ്യക്തികളുടെ ഖനനാനുമതി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ നിര്‍ദേശം, സിഎംആര്‍എല്ലിന്‍റെ അപേക്ഷ പരിഗണിക്കണമെന്ന മന്ത്രിസഭ മിനിറ്റ്‌സ് എന്നീ രേഖകളാണ് ഹാജരാക്കിയത്.

ഇതടക്കമുള്ള കാര്യങ്ങളിലാകും ഇന്ന് വാദം നടക്കുക. മാസപ്പടി കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടന്‍റെ ആവശ്യം. ധാതു മണൽ ഖനനത്തിനായി സി എം ആർ എൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി വീണ വിജയന് പണം ലഭിച്ചു എന്നാണ് ഹർജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ വിജയന്‍ അടക്കം ഏഴ് പേരാണ് കേസിലെ എതിർ കക്ഷികള്‍.

Also Read : 'മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഇടപെട്ടു'; കോടതിയിൽ സമർപ്പിച്ച തെളിവുകളുമായി മാത്യു കുഴൽനാടന്‍റെ പത്രസമ്മേളനം - MASAPPADI CASE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.