തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മറിയാമ്മ ഉമ്മൻ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.
മക്കളായ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും ബിജെപിയിലേക്ക് പോകുമെന്ന തരത്തിൽ പ്രചരണം നടക്കുന്നതായി അറിഞ്ഞു. അത് അറിഞ്ഞപ്പോഴാണ് കുടുംബമായി പ്രചാരണത്തിന്ന് ഇറങ്ങാമെന്നാണ് തീരുമാനിച്ചത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താല്‍പര്യമില്ല.
കോൺഗ്രസിനെ ഒരുപാട് സ്നേഹിക്കുന്ന കോൺഗ്രസ് കുടുംബത്തിൽപ്പെട്ടയാളാണ് താൻ. ഉമ്മൻ ചാണ്ടി ഉണ്ടായിരുന്ന 46 വർഷക്കാലവും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയിട്ടില്ലെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി.
'ഉമ്മൻ ചാണ്ടി ഇല്ലാത്ത ആദ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി കുടുംബമായി പ്രചാരണത്തിനിറങ്ങും. നിർണായകമായ തെരഞ്ഞെടുപ്പാണിത്. ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നു പോലും ആശങ്ക ഉയരുമ്പോൾ കോൺഗ്രസ് മുന്നണിയുടെ വിജയത്തിന് കഴിയാവുന്നതെല്ലാം ചെയ്യണം. കുട്ടികൾ പാർട്ടി വിട്ടു പോകുമെന്നൊക്കെ ചിലർ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞങ്ങൾ ഇറങ്ങുമ്പോൾ അവര്‍ക്കുള്ള മറുപടി ആകുമല്ലോ. ഉമ്മൻ ചാണ്ടിയുടെ കുടുംബം എന്നും കോൺഗ്രസിനൊപ്പം അടിയുറച്ചു തന്നെയുണ്ടാകും. പാർട്ടി നിർദേശിക്കുന്നതനുസരിച്ചാകും പ്രചാരണത്തിന് പോവുക' -മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
കുടുംബത്തിൽ നിന്നും ചാണ്ടി ഉമ്മൻ പിൻഗാമി ആകട്ടെ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം. അതനുസരിച്ച് കുടുംബത്തിൽ നിന്നും രാഷ്ട്രീയമായി സജീവമാവുക ചാണ്ടി ഉമ്മൻ ആയിരിക്കുമെന്നും മറിയാമ്മ പറഞ്ഞു. പത്തനംതിട്ടയില്‍ അച്ചു ഉമ്മന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.
അനിൽ ആന്‍റണി എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന പത്തനംതിട്ടയിൽ പ്രചാരണത്തിന് എത്തുമോയെന്ന ചോദ്യത്തിന് പ്രചാരണത്തിന് എത്തണമെന്നാണ് ആഗ്രഹമെന്ന് മറിയാമ്മ ഉമ്മൻ വ്യക്തമാക്കി. അനിൽ ആന്‍റണിയുമായി വ്യതിപരമായി എതിർപ്പില്ല. ഉമ്മൻ ചാണ്ടിയെ കല്യാണം കഴിച്ച നാൾ മുതൽ ആന്‍റണിയുടെ കുടുംബവുമായി നല്ല ബന്ധമുണ്ട്. ചാണ്ടി ഉമ്മനെ പോലെയാണ് അനിൽ ആന്‍റണിയും.
അനിലിന്‍റെ ബിജെപി പ്രവേശം നിരവധി പേരെ ഒരുപാട് വേദനിപ്പിച്ചു. ആശയപരമായി എതിർക്കും. പക്ഷേ അതൊന്നും വ്യക്തിബന്ധത്തെ ബാധിക്കില്ല. വ്യക്തിപരമായ സംഘർഷമില്ല. പത്തനംതിട്ടയിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. കോൺഗ്രസും ഇന്ത്യ മുന്നണിയും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നും മറിയാമ്മ ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിൽ നിന്ന് ഒരാൾ രാഷ്ട്രീയത്തിലേക്ക് മതിയെന്ന് ഉമ്മൻ ചാണ്ടിയുടെ കാലത്ത് തീരുമാനിച്ചതാണ്. നാളെ മുതൽ പ്രചാരണ രംഗത്തുണ്ടാകും. കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ച ശേഷം ആയിരിക്കും ഏതൊക്കെ മണ്ഡലങ്ങളിൽ എപ്പോഴൊക്കെ എത്തുമെന്ന് തീരുമാനിക്കുക. തനിക്ക് രാഷ്ട്രീയം പ്രസംഗിക്കാനറിയില്ല. ഇന്നലെയാണ് പ്രചാരണത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹം തോന്നിയത്. ഇന്നലെ തന്നെ മകനോട് ആവശ്യപ്പെടുകയും ചെയ്‌തുവെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തുടർച്ചയായി മത്സരിക്കുമ്പോഴും അദ്ദേഹത്തിന്‍റെ മരണ ശേഷം ചാണ്ടി ഉമ്മൻ മത്സരിച്ചപ്പോഴും മറിയാമ്മ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനും മറിയയും അച്ചുവും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഇത്തവണയും കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും പ്രചാരണ രംഗത്തു സജീവമാണ് ചാണ്ടി ഉമ്മൻ.