കണ്ണൂര്‍ : മാഹി സെന്‍റ് തെരേസ പള്ളിയുടെ ബസിലിക്ക പ്രഖ്യാപനം ഈ മാസം 24ന് (Mahe St Theresa Church Basilica announcement). വൈകിട്ട് 3 മണിക്ക് വാരാപ്പുഴ അതിരൂപ മെത്രാപൊലീത്ത ഡോ. ജോസഫ് കളത്തില്‍ പറമ്പിലിന്‍റെ കാര്‍മ്മികത്വത്തില്‍ സാഘോഷ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. തുടര്‍ന്ന് ബസിലിക്ക പ്രഖ്യാപനവും സമര്‍പ്പണവും കോഴിക്കോട് രൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിര്‍വഹിക്കും.
തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ കാര്‍മ്മികത്വത്തില്‍ വചന പ്രേഘാഷണവും നടക്കും. അന്നേ ദിവസം വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി ഉദ്‌ഘാടനം ചെയ്യും. സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യ പ്രഭാഷണം നടത്തും.
ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. 23-ാം തീയതി ഉച്ചക്ക് 12 ന് കോഴിക്കോട് രൂപത മെത്രാന്‍ വര്‍ഗീസ് ചക്കാലക്കല്‍ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്‌ഠിക്കും. തുടര്‍ന്ന് വൈകിട്ട് ദിവ്യബലിയും നടക്കും.
ബസിലിക്ക പ്രഖ്യാപനത്തിന്‍റെ സമാപന ദിവസമായ 25ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് വടക്കുംതലയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യ ബലി നടക്കും. തുടര്‍ന്ന് വൈകിട്ട് 6 ന് ഇടവക സമൂഹത്തിന്‍റെ കലാപരിപാടികള്‍ അരങ്ങേറും. ബസിലിക്ക ആയതോടെ ഇടവക വികാരി റക്‌ടര്‍ എന്ന പേരിലാണ് അറിയപ്പെടുക. വര്‍ഷത്തില്‍ ആറ് ദിവസം ദണ്ഡവിമോചനം നടക്കും.
ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമുളള മാഹിയില്‍ ഇസ്‌ലാം മതവിശ്വാസികള്‍ക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് ക്രൈസ്‌തവ ജനസംഖ്യ. എന്നാല്‍ മയ്യഴി മാതാവ് എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാള്‍ ആഘോഷത്തിന് ജനങ്ങളെല്ലാം ഒരേ മനസുകാരാണ്. സ്‌പെയ്‌നില്‍ ജനിച്ച തെരേസ പുണ്യവതി ഫ്രഞ്ച് ഭരണ കാലത്താണ് മാഹിയിലെത്തിയത്. വീര ദൈവങ്ങള്‍ക്കും അമ്മ ദൈവങ്ങള്‍ക്കും പഞ്ഞമില്ലാത്ത മാഹിയില്‍ പള്ളി പണിയാനും വിശുദ്ധ അമ്മ ത്രേസ്യയെ പ്രതിഷ്‌ഠിക്കാനും മുന്നിട്ടിറങ്ങിയതും മാഹിക്കാരാണ്.
1936ല്‍ ഓലമേഞ്ഞ മാഹി പള്ളി നിര്‍മിക്കാന്‍ ഫ്രഞ്ചുകാര്‍ക്കൊപ്പം മത-ജാതി വേര്‍തിരിവില്ലാതെ മാഹിക്കാര്‍ ഒന്നടക്കം ഇറങ്ങി. അന്ന് പണിത പള്ളി വിവിധ കാലഘട്ടങ്ങളില്‍ വികസിപ്പിച്ചാണ് ഇന്നത്തെ നിലയിലുള്ള ദേവാലയമായി മാറിയത്. ഫ്രഞ്ച് ആധിപത്യത്തിനെതിരെ സമരം ശക്തമായപ്പോഴും മാഹി പള്ളിയോടും ത്രേസ്യാമ്മയോടുമുളള ജനങ്ങളുടെ ആദരവിന് കോട്ടം തട്ടിയിരുന്നില്ല. ത്രേസ്യാമ്മ മാഹിക്കാരുടെ അമ്മയായി മാറി.
1948-ല്‍ ഫ്രഞ്ചുകാര്‍ക്കെതിരെ മാഹിക്കാരുടെ ജനകീയ വിപ്ലവം അതിശക്തമായ കാലത്തും മയ്യഴി മാതാവ് അവരുടെ പ്രിയപ്പെട്ട അമ്മ തന്നെ. മയ്യഴി വിമോചന സമരക്കാരെ അടിച്ചമര്‍ത്താന്‍ ഫ്രഞ്ച് കപ്പല്‍ പട മയ്യഴി പുറംകടലില്‍ നങ്കൂരമിട്ട വിവരം അറിയിക്കുന്നതും മാഹി പള്ളിയില്‍ നിന്നുള്ള മണിമുഴക്കത്തിലായിരുന്നു. വിവരമറിഞ്ഞതോടെ മാഹിപള്ളിയില്‍ നിന്നും ജനങ്ങള്‍ക്ക് ആപല്‍ സൂചന അറിയിച്ചു. പള്ളി മണി കൂട്ടമായി മുഴങ്ങി. ജനക്കൂട്ടം പള്ളിക്കു മുമ്പില്‍ ഓടിയെത്തി വിവരമന്വേഷിച്ചപ്പോഴാണ് ഫ്രഞ്ചുകാരില്‍ നിന്നും തങ്ങളെ രക്ഷിക്കാനുളള മുന്നറിയിപ്പാണ് പള്ളിയില്‍ നിന്ന് മുഴങ്ങിയതെന്ന് അറിഞ്ഞത്.
ഫ്രഞ്ച് പട്ടാളത്തിന്‍റെ കണ്ണില്‍പെടാതെ മയ്യഴിക്കാര്‍ മാഹിയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്‌തു. ഫ്രഞ്ചുകാര്‍ കൊണ്ടു വന്ന പുണ്യവതിയുടെ ദേവാലയമായിട്ടും തങ്ങള്‍ക്ക് രക്ഷ നല്‍കാന്‍ ശ്രമിച്ച മാഹി പള്ളിയോടും മയ്യഴിമാതാവിനോടും മാഹിക്കാരുടെ ആദരവ് ഇരട്ടിയായി. തങ്ങളെ രക്ഷിച്ച മാതാവിനെ ഫ്രഞ്ചുകാര്‍ക്ക് അവരുടെ നാട്ടില്‍ തിരിച്ച് കൊണ്ടു പോകാനുമായില്ല. അങ്ങനെ ആവിലായില്‍ ജന്മം കൊണ്ട വിശുദ്ധയായ ത്രേസ്യാമ്മ പുണ്യവതി മയ്യഴിക്കാരുടെ ഹൃദയത്തില്‍ കുടിയിരുത്തപ്പെട്ടിരിക്കുകയാണ്.