ETV Bharat / state

മാഹി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നു; പുതിയ പാലം വേണമെന്ന ആവശ്യം ശക്തം - MAHE BRIDGE CLOSED FOR MAINTENANCE

author img

By ETV Bharat Kerala Team

Published : Apr 25, 2024, 8:07 PM IST

തകര്‍ച്ചയിലേക്ക് നീങ്ങുന്ന മാഹി പാലം ഇതേ നിലയില്‍ നിലനിര്‍ത്താന്‍ ആവില്ലെന്ന് ദേശീയ പാത വിഭാഗത്തിനും സംസ്ഥാന പൊതുമരാത്ത് വകുപ്പിനും ബോധ്യമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നത്.

MAHE BRIDGE  MAHE BRIDGE MAINTENANCE  മാഹി പാലം അടച്ചിടും  മാഹി സെന്‍റ് തെരേസാസ് പള്ളി
Mahe bridge to Close for maintenance works, natives demands new bridge

മാഹി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നു

കണ്ണുർ: മാഹി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടുമ്പോഴും പുതിയ പാലം വേണമെന്ന ആവശ്യം പരിഗണിക്കപ്പെടുമോ എന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. ഈ മാസം 29 മുതൽ മെയ് 10 വരെ മാഹി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അധികൃതർ ഉത്തരവിറക്കിയിട്ടുണ്ട്.

കോഴിക്കോട് ദേശീയ പാത ഡിവിഷൻ്റെ മേൽ നോട്ടത്തിലാണ് പാലത്തിലെ അറ്റകുറ്റ പണി നടക്കുക. ദേശീയ പാത അതോറിറ്റി നിശ്ചയിച്ച 19 ലക്ഷം രൂപയുടെ പുനർനിർമാണമാണ് നടക്കുന്നത്. പുതിയ ദേശീയ പാതയിൽ മുഴപ്പിലങ്ങാട്- മാഹി ഭാഗം പൂർത്തിയായതോടെ ഇനി മാഹി പാലം പുതുച്ചേരി-കേരള സർക്കാരുകളുടെ അധികാര പരിധിയിലാകും. പാലത്തിൻ്റെ തുടർന്നുള്ള എല്ലാ പണികളും ഇരു സർക്കാരുകളുമാണ് ചെയ്യേണ്ടത്.

മയ്യഴി കൂട്ടം നേരത്തെ കേരള ഹൈക്കോടതിയിൽ പൊതു താൽപരര്യ ഹര്‍ജി നല്‍കിയതിൽ ദേശീയ പാത വിഭാഗം കോടതിക്ക് നല്‍കിയ മറുപടി തൃപ്‌തികരമായിരുന്നില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. കോൺക്രീറ്റ് ചെയ്‌ത് ബലപ്പെടുത്തിയ പാലത്തിലൂടെ ഭാര വാഹനങ്ങൾ കടന്നു പോകുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കോൺക്രീറ്റ് സ്ലാബുകൾ തകർന്നും കുഴി വീണും പാലം സമ്പൂർണ തകർച്ചയിലേക്ക് കുതിക്കുകയാണ്. വൈകിയ വേളയില്‍ പാലം ബലപ്പെടുത്താൻ ശ്രമിക്കുമ്പോഴും പുതിയ പാലമാണ് ശാശ്വത പരിഹാരം എന്നാണ് നാട്ടുകാരുടെ പക്ഷം. കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം വഴിതിരിച്ചു വിട്ടാണ് അറ്റകുറ്റപ്പണി നടത്തുക.

2003 മുതല്‍ ദേശീയ പാത അധികൃതര്‍ പാലം ബലപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. 2004 ല്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് വേണ്ടി പോണ്ടിച്ചേരി മരാമത്ത് വകുപ്പ് ഇരു കരകളിലേയും സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ട പദ്ധതി തയ്യാറാക്കിയിരുന്നു.

125 മീറ്റര്‍ നീളത്തില്‍ പത്തര മീറ്റര്‍ വീതിയില്‍ പാലം നിര്‍മ്മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന് ഇരുവശവും കാല്‍നടക്കാര്‍ക്കായി നടപ്പാതയും ഉള്‍പ്പെടുത്തിയിരുന്നു. മാഹി പൊതുമരാമത്ത് വകുപ്പ് പദ്ധതി രേഖയും സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജില്ല കളക്‌ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടും അനുമതി പ്രാവര്‍ത്തികമായില്ല.

തകര്‍ച്ചയിലേക്ക് നീങ്ങുന്ന മാഹി പാലം ഇതേ നിലയില്‍ നിലനിര്‍ത്താന്‍ ആവില്ലെന്ന് ദേശീയ പാത വിഭാഗത്തിനും സംസ്ഥാന പൊതുമരാത്ത് വകുപ്പിനും ബോധ്യമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നായി നിരവധി തീര്‍ത്ഥാടകരാണ് ദിവസവും മാഹി സെന്‍റ് തെരേസാസ് പള്ളിയില്‍ എത്തുന്നത്. ഇതുകൂടെ കണക്കിലെടുത്ത് പാലം നിര്‍മ്മാണം അതിവേഗം പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

Also Read : ഇതര ജില്ലക്കാര്‍ക്ക് പെട്രോളും മദ്യവും മാത്രം മതി; നിറം മങ്ങി മാഹിയുടെ വാണിജ്യപ്പെരുമ - MAHE TOWN THE COMMERCIAL CENTER

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.