തിരുവനന്തപുരം : എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിയിലെത്തി നടി ശോഭന. കാട്ടാക്കടയില്‍ നടന്ന നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് നടി ശോഭനയെത്തിയത്. നടക്കാത്ത പല കാര്യങ്ങളും മോദിയുടെ ഭരണത്തില്‍ നടന്നുവെന്നും അദ്ദേഹത്തിന്‍റെ ലക്ഷ്യങ്ങള്‍ ഫലപ്രാപ്‌തിയിലെത്തിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ഥികളാണ് കേരളത്തിലുള്ളതെന്നും ശോഭന പറഞ്ഞു.
എല്ലാ തരത്തിലുള്ള നേട്ടങ്ങളും തന്‍റെ നാടിന് ലഭിക്കണമെന്ന് ഒരു മലയാളി എന്ന നിലയിൽ താന്‍ ആഗ്രഹിക്കുന്നുവെന്നും ശോഭന പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിദ്യാഭ്യാസമുള്ളവരും ബുദ്ധിജീവികളുമാണ്. വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ നിന്നും വിദേശത്തേക്ക് ആളുകളുടെ ഒഴുക്ക് ഉണ്ടാകുന്നു. കൂട്ട പലായനത്തിന് സമാനമായി തൊഴിലാളികള്‍ വിദേശത്തേക്ക് പോകുകയാണ്. കേരളത്തിൽ തൊഴിലാളി ചോര്‍ച്ചയുണ്ടാകുന്നു.
ഒരു പരിധി വരെ കേരളത്തിലെ എല്ലാവര്‍ക്കും സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷിയുണ്ട്. വിദേശത്തേക്കുള്ള ഈ കുത്തൊഴുക്ക് ഒരു തരത്തില്‍ സര്‍ക്കാരിനെ ശല്യപ്പെടുത്താതെയുള്ള പ്രശ്‌ന പരിഹാരമാണ്. നടക്കാത്ത കാര്യങ്ങള്‍ പലതും മോദിയുടെ ഭരണത്തില്‍ നടന്നുവെന്നതിന്‍റെ തെളിവാണ് രണ്ടാം ഇന്നിങ്‌സിലും ക്യാപ്റ്റനായി അദ്ദേഹമെത്തിയതെന്നും ഇപ്പോള്‍ മൂന്നാം ഇന്നിങ്‌സിന്‍റെ സമയമാണെന്നും ശോഭന വേദിയില്‍ പറഞ്ഞു.
ബി ജെ പിയുടെ പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങളും ശോഭന വിശദീകരിച്ചു. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, കെ സുരേന്ദ്രന്‍ തുടങ്ങിയ എല്ലാ ബിജെപി സ്ഥാനാര്‍ഥികളും മോദിയുടെ വീക്ഷണങ്ങള്‍ ഫലപ്രാപ്‌തിയിലെത്തിക്കാന്‍ ശേഷിയുള്ളവരാണെന്നും വേദിയില്‍ ശോഭന പറഞ്ഞു. മികച്ച ഭരണ സംവിധാനമാണ് നമുക്ക് വേണ്ടതെന്നും നമുക്ക് അര്‍ഹമായത് നമുക്ക് ലഭിക്കണമെന്ന് കൂടി പറഞ്ഞാണ് ശോഭന പ്രചാരണ വേദിയിലെ പ്രസംഗം അവസാനിപ്പിച്ചത്.
ഫെബ്രുവരി മാസത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പിണറായി സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയില്‍ ബ്രാന്‍ഡ് അംബാസഡറായി ശോഭനയെ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ശോഭന വേദിയിലെത്തി ഇടത് സര്‍ക്കാരിന് അനുകൂലമായി സംസാരിക്കുകയും ചെയ്‌തിരുന്നു. അതേസമയം തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് വോട്ടഭ്യര്‍ഥിച്ചു കൊണ്ട് ഇന്നലെ ശോഭന നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയോടൊപ്പം റോഡ് ഷോയും നടത്തിയിരുന്നു.