ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ് ; കണ്ണൂർ ജില്ല പോളിങ്ങിന് സജ്ജം - Kannur Is Ready For Polling

author img

By ETV Bharat Kerala Team

Published : Apr 25, 2024, 8:10 AM IST

തെരഞ്ഞെടുപ്പ് ഒരുക്കം  LOK SABHA ELECTION 2024  ELECTION COMMISSION  കണ്ണൂർ
കണ്ണൂർ ജില്ല പോളിങിന് സജ്ജം

ലോക്‌സഭ തെരഞ്ഞെടുപ്പ് സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായതായി ജില്ല കലക്‌ടർ അറിയിച്ചു. ഇന്ന് നിശബ്‌ദ പ്രചാരണം. കണ്ണൂർ ജില്ല പോളിങ്ങിന് സജ്ജം.

കണ്ണൂർ : നാളെ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും ജില്ല കലക്‌ടറുമായ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ജനറല്‍ ഒബ്‌സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിങ്, ചെലവ് നിരീക്ഷക ആരുഷി ശര്‍മ, പൊലീസ് നിരീക്ഷന്‍ സന്തോഷ് സിങ് ഗൗര്‍ എന്നിവര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ട്.

ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ 21,16,876 പേരാണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ 11,14,246 പേര്‍ സ്ത്രീകളും 10,02,622 പേര്‍ പുരുഷന്മാരും എട്ട് പേര്‍ ട്രാന്‍സ്‌ജെൻഡേഴ്‌സുമാണ്. 18 നും 19നും ഇടയില്‍ പ്രായമുള്ള 55,166 പേരും 20 നും 29 നും ഇടയിലുള്ള 3,48,884 പേരും 30 നും 39 നും ഇടയില്‍ പ്രായമുള്ള 3,92,017 പേരും 40 നും 49 നും ഇടയിലുള്ള 4,47,721 പേരും 50 വയസിന് മുകളിലുള്ള 8,73,088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്.

ജില്ലയില്‍ 1866 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലം -181, തളിപ്പറമ്പ് -196, ധര്‍മടം -165, മട്ടന്നൂര്‍ -172, കല്യാശ്ശേരി -170, ഇരിക്കൂര്‍ -184, അഴീക്കോട് -154, കണ്ണൂര്‍ -149, പേരാവൂര്‍ -158, തലശ്ശേരി -165, കൂത്തുപറമ്പ് -172 എന്നിങ്ങനെയാണ് പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം. പോളിങ് ഡ്യൂട്ടിക്കായി റിസര്‍വ് ഉള്‍പ്പെടെ 8972 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു പോളിങ് ബൂത്തില്‍ ഒരു പ്രിസൈഡിങ് ഓഫിസറും മൂന്ന് പോളിങ്ങ് ഓഫിസര്‍മാരുമാണ് ഉണ്ടാവുക.

റിസര്‍വ് ഉള്‍പ്പെടെ ജില്ലയില്‍ 283 മൈക്രോ ഒബ്‌സര്‍വര്‍മാരാണ് ഉള്ളത്. കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ മാത്രമായി 151 മൈക്രോ ഒബ്‌സര്‍വര്‍മാരുണ്ട്. ഇവര്‍ക്കെല്ലാം വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി കഴിഞ്ഞു. ഈ വര്‍ഷം ആദ്യമായി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിന്‍റെ തുടര്‍ച്ചയായി പരീക്ഷയും നടത്തി. അവശ്യ സര്‍വീസ് വോട്ടിങ്ങിനായി റിസര്‍വ് ഉള്‍പ്പെടെ 48 ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്.

വോട്ടര്‍ ഫെസിലിറ്റി സെന്‍ററില്‍ റിസര്‍വ് ഉള്‍പ്പെടെ 55 പേരെയും ആര്‍ ഒ വോട്ടര്‍ ഫെസിലിറ്റി സെന്‍ററില്‍ 45 പേരെയുമാണ് നിയോഗിച്ചത്. വീട്ടിലെ വോട്ടിങ്ങിനായി 28 ടീമുകളിലായി 140 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. കലക്‌ടറേറ്റിലെ വെബ്‌കാസ്‌റ്റിങ് നിരീക്ഷണത്തിനായി 120 മോണിറ്ററിങ് സ്‌റ്റാഫിനെയും 15 ടെക്‌നിക്കല്‍ സ്‌റ്റാഫിനെയും നിയമിച്ചിരുന്നു.

നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ 22 എംസിസി സ്‌ക്വാഡുകളും രണ്ട് ജില്ലാതല ടീമുമാണ് പ്രവര്‍ത്തിക്കുന്നത്. അവയിലാകെ 162 പേരാണ് ഉള്ളത്. ചെലവ് നിരീക്ഷണത്തിനായി ജില്ലയില്‍ 13 അസിസ്‌റ്റന്‍റ് എക്‌സ്‌പെന്‍റിച്ചര്‍ ഓഫിസര്‍മാരാണ് ഉള്ളത്. അക്കൗണ്ടിങ് ടീമില്‍ 24 പേരും ഫ്ലയിങ് സ്‌ക്വാഡില്‍ 165 പേരും സ്‌റ്റാറ്റിക് സര്‍വലയന്‍സ് ടീമില്‍ 495 പേരും വീഡിയോ സര്‍വലയന്‍സ് ടീമില്‍ 33 പേരും വീഡിയോ വ്യൂയിങ് ടീമില്‍ 22 പേരുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലാകെ തെരഞ്ഞെടുപ്പിന്‍റെ പോളിങ് ഉള്‍പ്പടെയുള്ള വിവിധ ജോലികള്‍ക്കായി 10611 ജീവനക്കാരെയാണ് നിയോഗിച്ചത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ : ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ 1866 പോളിങ് സ്‌റ്റേഷനുകളിലേക്കായി 2371 ബാലറ്റ് യൂണിറ്റ്, 2358 കണ്‍ട്രോള്‍ യൂണിറ്റ്, 2544 വിവി പാറ്റ് എന്നിവയാണ് വിതരണം ചെയ്‌തത്. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റിന്‍റെ എണ്ണത്തിന്‍റെ 25 ശതമാനവും കണ്‍ട്രോള്‍ യൂണിറ്റിന്‍റെ എണ്ണത്തിന്‍റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും നല്‍കിയത്.

ഇ വി എം കമ്മിഷനിങ് സമയത്ത് റിസര്‍വില്‍ നിന്നും പകരമായി എടുത്ത യന്ത്രങ്ങള്‍ക്ക് ആനുപാതികമായി 142 ബാലറ്റ് യൂണിറ്റ്, 74 കണ്‍ട്രോള്‍ യൂണിറ്റ്, 73 വിവി പാറ്റ് എന്നിവ സപ്ലിമെന്‍ററി റാന്‍ഡമൈസേഷന്‍ ചെയ്‌ത് വിതരണം നടത്തി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും അനുബന്ധ മെറ്റീരിയലുകളും നിയമസഭ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളില്‍ എത്തിച്ചിട്ടുണ്ട്. 25 ന് 11 നിയമസഭ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ പോളിങ് സംഘങ്ങള്‍ക്ക് കൈമാറും. 25ന് വൈകിട്ടോടെ പോളിങ് സംഘങ്ങള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ബൂത്തുകളില്‍ എത്തും.

ബൂത്തിലെ സജ്ജീകരണങ്ങള്‍ : വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും തടസരഹിതമായും വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പോളിങ് സ്‌റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. പോളിങ് സ്‌റ്റേഷനുകള്‍ എല്ലാം കെട്ടിടങ്ങളുടെ താഴത്തെ നിലകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിങ് സ്‌റ്റേഷനുകളില്‍ പോളിങ് ബൂത്തിന്‍റെ വിവിരങ്ങള്‍, പോളിങ് ഏരിയ, സ്ഥാനാര്‍ഥി പട്ടിക, റിട്ടേണിങ് ഓഫിസര്‍, അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍, സെക്‌ടറല്‍ ഓഫിസര്‍, ബിഎല്‍ഒ എന്നിവരുടെ പേര് വിവരങ്ങള്‍, മറ്റ് വോട്ടര്‍ ഫെസിലിറ്റേഷന്‍ പോസ്‌റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. മുഴുവന്‍ പോളിങ് സ്‌റ്റേഷനുകളിലും വൈദ്യുതി, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉണ്ടാകും. തണല്‍, വരാന്ത സൗകര്യം എന്നിവ ഇല്ലാത്ത സ്ഥലങ്ങളില്‍ പന്തല്‍ ഒരുക്കും.

ഭിന്നശേഷി സൗഹൃദം : തെരഞ്ഞെടുപ്പ് പൂര്‍ണമായും ഭിന്നശേഷി വയോജന സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സഞ്ചരിക്കാന്‍ പരസഹായം ആവശ്യമുള്ള 85 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് എസ്‌പിസി, എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. കാഴ്‌ച പരിമിതരായവര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇവിഎം, വിവി പാറ്റ് വോട്ടിങ് യന്ത്രം ബൂത്തുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ പോളിങ് സ്‌റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് മുന്‍ഗണന ലഭിക്കും. എല്ലാ പോളിങ് സ്‌റ്റേഷനുകളിലും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകും. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിങ് സ്‌റ്റേഷനുകളില്‍ താത്കാലിക റാംപുകള്‍ സ്ഥാപിക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമെങ്കില്‍ വാഹനസൗകര്യവും വീല്‍ ചെയറുകളും ലഭ്യമാക്കും. മെഡിക്കല്‍ എമര്‍ജന്‍സികള്‍ വരുന്ന ഘട്ടത്തില്‍ സെക്‌ടറല്‍ ഓഫിസര്‍മാര്‍ മുഖാന്തിരം മെഡിക്കല്‍ കിറ്റുകള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ ലഭ്യമാക്കും. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാണ് പോളിങ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക.

വള്‍ണറിബിള്‍ പോളിങ് സ്റ്റേഷനുകള്‍ 121, ക്രിട്ടിക്കല്‍ 418 : ജില്ലയില്‍ വള്‍ണറിബിള്‍ പോളിങ് സ്‌റ്റേഷനുകള്‍ 121 ആണ്. 220 പോളിങ് ലൊക്കേഷനുകളിലായി 418 പോളിങ് സ്‌റ്റേഷനുകള്‍ ക്രിട്ടിക്കലായും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ അധിക സുരക്ഷയും മൈക്രോ ഒബ്‌സര്‍വര്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. റൂറല്‍ ജില്ലയില്‍ 12ഉം സിറ്റിയില്‍ ഒമ്പതുമായി ആകെ ജില്ലയില്‍ 21 കമ്പനി കേന്ദ്ര സായുധ പൊലീസ് സേന തെരഞ്ഞെടുപ്പ് സുരക്ഷക്കായി എത്തിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ഇവരുടെ സാന്നിധ്യമുണ്ടാവും. ഇതിനുപുറമേ കേരള പൊലീസും തെരഞ്ഞെടുപ്പ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി രംഗത്തുണ്ടാകും.

പോളിങ് ക്രമക്കേട് തടയാന്‍ കര്‍ശന നടപടി : പോളിങ് ബൂത്തുകളില്‍ ക്രമക്കേട് ഉണ്ടാകുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ പോളിങ് സ്‌റ്റേഷനുകളിലും ലൈവ് വെബ് കാസ്‌റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ജില്ല കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.

മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലും വെബ് കാസ്‌റ്റിങ്ങിന്‍റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും. അന്ധത മൂലം ബാലറ്റ് യൂണിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂണിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. സഹായി വോട്ടറാകാന്‍ 18 വയസ് പൂര്‍ത്തിയായ ആളാകണം. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. വോട്ട് ചെയ്യുന്നതിന് മുമ്പായി സഹായിയില്‍ നിന്നു പ്രഖ്യാപനം ഒപ്പിട്ട് വാങ്ങും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക. നിര്‍ദേശങ്ങളില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ പറഞ്ഞു.

മുഴുവന്‍ ബൂത്തിലും വെബ്‌കാസ്‌റ്റിങ് : 1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇന്‍റര്‍നെറ്റ് സഹായത്തോടെ ശബ്‌ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഓഫാക്കാന്‍ ആകാത്ത വിധം സീല്‍ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദൃശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. പ്രശ്‌ന സാധ്യത ബൂത്തുകളില്‍ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥാപിക്കുക. കലക്‌ടറേറ്റില്‍ സജ്ജമാക്കിയ വെബ് കാസ്‌റ്റിങ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. സമാധാനപരമായും നിഷ്‌പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനാണ് ഈ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

10565 പേര്‍ ഹോം വോട്ടിങ് വോട്ട് ചെയ്‌തു : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഹേം വോട്ടിങ്ങിന് അര്‍ഹരായ 10,960 ല്‍ 10,565 പേരും വോട്ട് രേഖപ്പെടുത്തി. 85 വയസിന് മുകളില്‍ പ്രായമുള്ള 8074 പേരും 2491 ഭിന്നശേഷിക്കാരുമാണ് ഏഴ് നിയമസഭ മണ്ഡലങ്ങളിലായി സമ്മതിദാന അവകാശം വിനിയോഗിച്ചത്. 395 പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ബാക്കിയായത്.
വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ 85+ വിഭാഗത്തില്‍ അര്‍ഹരായ 8434 പേരില്‍ 95.7 ശതമാനം പേരും വോട്ട് ചെയ്‌തപ്പോള്‍ 360 പേര്‍ ബാക്കിയായി. 2526 ഭിന്നശേഷിക്കാരില്‍ 98.6 ശതമാനം പേരും വോട്ടു ചെയ്‌തു. ഇതില്‍ 35 പേര്‍ മാത്രമാണ് ബാക്കി. അവശ്യ സര്‍വീസ് വിഭാഗത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിച്ച 2212 പേരില്‍ 1956 പേരും വോട്ട് ചെയ്‌തതോടെ പോളിങ് ശതമാനം 98.6 ആയി. 256 പേരാണ് ഇതില്‍ ബാക്കിയുള്ളത്.

ALSO READ : ശക്തന്‍റെ മണ്ണില്‍ ശക്തികാട്ടി മുന്നണികൾ; കത്തിക്കയറി കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന് സമാപനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.