ETV Bharat / state

ഇടുക്കിയിലെ കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു; ചെറുതോണിയിൽ എഎസ്ഐക്ക് പരിക്ക് - CLASH IN IDUKKI KOTTIKALASAM

author img

By ETV Bharat Kerala Team

Published : Apr 24, 2024, 9:57 PM IST

IDUKKI CONSTITUENCY KOTTIKALASAM  LOK SABHA ELECTION 2024  തൊടുപുഴയിൽ സംഘര്‍ഷം  ഇടുക്കി ലോക്‌സഭ മണ്ഡലം
Idukki Constituency Kottikalasam

ഇടുക്കിയിൽ കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷം. പലയിടത്തും നേരിയ മഴ പെയ്തെങ്കിലും കൊട്ടിക്കലാശത്തിന്‍റെ ആവേശം ചോർന്നില്ല.

കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു, ഇടുക്കിയിൽ പലയിടത്തും സംഘര്‍ഷം

ഇടുക്കി: സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്‌ദ പ്രചാരണം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി.

ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. നാളെ ഒരു ദിവസത്തെ നിശബ്‌ദ പ്രചാരണത്തിനുശേഷം മറ്റന്നാള്‍ ആണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക.

ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുന്നു യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. പലയിടത്തും നേരിയ മഴ പെയ്തെങ്കിലും കൊട്ടിക്കലാശത്തിന്‍റെ ആവേശം ചോർന്നില്ല.

ചെറുതോണിയിൽ എഎസ്ഐക്ക് പരിക്ക്: ഇടുക്കി ചെറുതോണിയിൽ കൊട്ടിക്കലാശത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇടുക്കി ഡിവൈഎസ്‌പി ഓഫിസിലെ എഎസ്ഐ സന്തോഷ് ബാബു (46) വിനാണ് പരിക്കേറ്റത്. കൊടി കെട്ടിയ ഈറ്റക്കമ്പു കൊണ്ടുള്ള ഏറു കൊണ്ട് കണ്ണിന് താഴെ മൂക്കിന് സമീപം മുറിവേറ്റ ഉദ്യോഗസ്ഥനെ രക്തം വാർന്ന നിലയിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടിക്കലാശത്തിനിടെ പ്രവർത്തകർ കൊടി കെട്ടിയ ഈറ്റകമ്പ് വലിച്ചെറിഞ്ഞത് പതിച്ചാണ് പരിക്കേറ്റത്. സിപിഎം, ബിജെപി, കോൺഗ്രസ് പാർട്ടികളുടെ പ്രവർത്തകർ ചെറുതോണി ട്രാഫിക് ജങ്ഷനിൽ കൊട്ടിക്കലാശം നടത്തുന്നതിനിടെ പ്രവർത്തരിലാരോ കമ്പ് വലിച്ചെറിയുകയായിരുന്നു.

തൊടുപുഴയിൽ സംഘര്‍ഷം: തൊടുപുഴയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ ഇടതുവലതു പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥി ഡീൻ കുര്യാക്കോസിനായി കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രം മുന്നോട്ടെടുത്തതിനെ ചൊല്ലിയായിരുന്നു ആദ്യ സംഘര്‍ഷം. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ പൊലീസെത്തിയാണ് ശാന്തമാക്കിയത്.

പിന്നീട് കൊട്ടികലാശം സമാപിച്ചപ്പോള്‍ ഡീന് കുര്യാക്കോസിന്‍റെ പ്രചാരണ വാഹനത്തിന് മുകളില്‍ എല്‍ഡിഎഫ് പ്രവർത്തകര്‍ കൊടി നാട്ടിയതോടെ വീണ്ടും വാക്കേറ്റമുണ്ടായി. ഇരുമുന്നണികളിലെയും നേതാക്കളും പൊലീസും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിന്തരിപ്പിച്ചത്. തൊടുപുഴയില്‍ നടന്ന കൊട്ടികലാശത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസും എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥനും പങ്കെടുത്തു.

Also Read: കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ ഇടത് വലത് മുന്നണികള്‍ ഏറ്റുമുട്ടി; സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.