ETV Bharat / state

ലോക്‌സഭയിലേക്ക് ആരെല്ലാം, ഇടതുമുന്നണി ചർച്ച തുടങ്ങുന്നു

author img

By ETV Bharat Kerala Team

Published : Feb 10, 2024, 12:08 PM IST

ഈ മാസം തന്നെ ലോക്‌സഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

LDF meetings  loksabha election 2024  ലോക്‌സഭാ തെരഞ്ഞെടുപ്പ്  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍  എല്‍ഡിഎഫ്
LDF is all set to activate candidate selection discussions in Lok Sabha election

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഇടതുമുന്നണി. സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഐ - സിപിഎം നേതൃയോഗങ്ങള്‍ ഇന്നും തുടരും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം ഇന്നലെ (09-02-2012) എംഎന്‍ സ്‌മാരകത്തില്‍ ചേര്‍ന്നിരുന്നു. ഇന്ന് (10.02.24) സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന സമിതിയും ചേരും. വൈകിട്ട് 4 മണിക്ക് എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളാകും ഇരുപാര്‍ട്ടികളുടെയും യോഗത്തിലും മുന്നണി യോഗത്തിലുമുണ്ടാകുക. എല്‍ഡിഎഫില്‍ സിപിഐയുടെ സീറ്റായ തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനോട് മത്സരിക്കാന്‍ പാര്‍ട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പന്ന്യന്‍ താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍, സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസിനെ പരിഗണിക്കാനാണ് സാധ്യത.

അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ സീറ്റ് വിഭജനത്തിന് ശേഷം മാത്രമേ എല്‍ഡിഎഫില്‍ ഉണ്ടാവുകയുള്ളൂ. 15 സീറ്റുകള്‍ സിപിഎമ്മിനും, 4 സീറ്റുകള്‍ സിപിഐക്കും ഒരു സീറ്റ് കേരള കോണ്‍ഗ്രസ് (എം) എന്ന ധാരണ തുടരാനാണ് സാധ്യത. സീറ്റ് വിഭജനത്തിന് ശേഷം അതാത് പാര്‍ട്ടികളുടെ ജില്ലാ ഘടകങ്ങളുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ച ശേഷമാകും അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയുടെ ചര്‍ച്ചകളിലേക്ക് കടക്കുക (LDF is all set to activate candidate selection discussions).

സിപിഎമ്മിന് ചർച്ച ചെയ്യാൻ എക്‌സാലോജിക്കും: വീണ വിജയനെ പ്രതിക്കൂട്ടില്‍ നിർത്തുന്ന എക്‌സാലോജിക്ക് വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളും സിപിഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എസ് എഫ് ഐ ഒ അന്വേഷണത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രതിപക്ഷവും സര്‍ക്കാരിനെതിരെ ആയുധമാക്കുന്നുണ്ട്.

കെപിസിസിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന സമരാഗ്നിയിലാകെ ഇത് സജീവ ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന് പ്രതിരോധം തീര്‍ക്കാനുള്ള നീക്കങ്ങളും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.