ETV Bharat / state

'ഭീകരതയെ താലോലിക്കുന്നു, താലിബാനും സിപിഎമ്മും ചെയ്യുന്നത് ഒരേ പ്രവൃത്തി': കെ സുധാകരന്‍ - Sudhakaran on memorial construction

author img

By ETV Bharat Kerala Team

Published : May 18, 2024, 5:58 PM IST

സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുന്നതാണ് ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ട സഖാക്കള്‍ക്കുള്ള സ്‌മാരക നിര്‍മാണം എന്ന് കെ സുധാകരന്‍. സിപിഎം ബോംബുകള്‍ ടിപി ചന്ദ്രശേഖരന്‍, ഷുഹൈബ്, ശരത് ലാല്‍, കൃപേഷ്, അരിയില്‍ ഷുക്കൂര്‍ തുടങ്ങി ഒരുപാടുപേരെ ഇല്ലാതാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

KPCC PRESIDENT K SUDHAKARAN  CPM AND PINARAYI VIJAYAN  സിപിഎം സ്‌മാരക നിര്‍മ്മാണം  പാനൂര്‍ ബോംബ് സ്ഫോടനം
KPCC PRESIDENT K SUDHAKARAN (Source: Etv Bharat Network)

തിരുവനന്തപുരം : ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ട സഖാക്കള്‍ക്കുള്ള സ്‌മാരക നിര്‍മാണം ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സ്‌മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയാണ് എന്നത് ഭീകരപ്രവര്‍ത്തനത്തെ സിപിഎം എന്തുമാത്രം താലോലിക്കുന്നു എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഭീകരസംഘടനകളും താലിബാന്‍കാരുമൊക്കെ ചെയ്യുന്ന അതേ പ്രവൃത്തിയാണ് സിപിഎം ചെയ്യുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു.

2015-ല്‍ പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. അന്ന് പാര്‍ട്ടി ഇതിനെ തളളിപ്പറഞ്ഞെങ്കിലും 2016 മുതല്‍ ഇരുവരുടെയും രക്തസാക്ഷിത്വ ദിനം ആചരിച്ചു തുടങ്ങി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സ്‌മാരകം നിര്‍മിച്ചിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ മാസം പാനൂര്‍ മുളിയാതോട് ബോംബ് നിര്‍മാണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഈ ബോംബ് സ്ഫോടനം ഉണ്ടായപ്പോഴും സിപിഎം തള്ളിപ്പറഞ്ഞു. എന്നാല്‍ വൈകാതെ ഇവിടെയും സ്‌മാരക മന്ദിരം ഉയരുമെന്ന് സുധാകരന്‍ പറഞ്ഞു. വടകരയില്‍ ഷാഫി പറമ്പില്‍ ജയിക്കുമെന്ന് ഉറപ്പിച്ചപ്പോഴാണ് സിപിഎം ബോംബ് തയാറാക്കിയതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ടിപി ചന്ദ്രശേഖരന്‍, ഷുഹൈബ്, ശരത് ലാല്‍, കൃപേഷ്, അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ എത്രയോ പേരെയാണ് സിപിഎം ബോംബുകള്‍ ഇല്ലാതാക്കിത്. കേരളം പോലൊരു പരിഷ്‌കൃത സമൂഹത്തിലാണ് സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്‍റെ തേര്‍വാഴ്‌ച. കണ്ണൂരാണ് ഈ കാടത്തത്തിന്‍റെ പ്രഭവകേന്ദ്രം.

രണ്ടു മൂന്നു ദശാബ്‌ദമായി പിണറായി വിജയനാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഭരണത്തണലില്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചുവരുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള സന്ധിയില്ലാ സമരമായിരുന്നു തന്‍റെ ജീവിതമെന്നും എത്രയോ വട്ടം അവരുടെ ബോംബ് ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സംസ്ഥാനത്തെ ഗുണ്ട ആക്രമണം: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാര്‍ച്ച്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.