ETV Bharat / state

അണിഞ്ഞൊരുങ്ങിയ ഗജവീരന്മാര്‍, ഇടമുറിയാതെ താളമേളം; 'കളര്‍ഫുള്ളായി' കൊല്ലം പൂരം - Kollam Pooram 2024

author img

By ETV Bharat Kerala Team

Published : Apr 16, 2024, 7:12 AM IST

കൊല്ലം പൂരം  ആശ്രാമം മൈതാനം  മന്ത്രി കെ എൻ ബാലഗോപാൽ  കുടമാറ്റം
പൂരാഘോഷങ്ങളോടെ കൊല്ലം പൂരം നടന്നു

പൂരപ്രേമികളിൽ പൂരപ്പൊലിമ തീർത്ത് കൊല്ലം പൂരം നടന്നു. ആശ്രാമം മൈതാനത്ത് നടന്ന പൂരത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് ആയിരങ്ങൾ.

പൂരാഘോഷങ്ങളോടെ കൊല്ലം പൂരം നടന്നു

കൊല്ലം: ഇടമുറിയാത്ത താളമേളങ്ങൾക്കൊപ്പം വർണക്കാഴ്‌ചകളുടെ ദൃശ്യവിസ്‌മയം തീർത്ത് കൊല്ലം പൂരം ഹൃദ്യാനുഭവമായി. കനത്തചൂടിലും ആശ്രാമം ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്തു നടന്ന പൂരത്തിനു സാക്ഷ്യം വഹിക്കാനെത്തിയത് ആയിരങ്ങളാണ്. പുതിയകാവ് ഭഗവതിയുടെയും താമരക്കുളം മഹാഗണപതിയുടെയും തിടമ്പുകളേറ്റി 22 ഗജവീരന്മാരാണ് മുഖാമുഖം അണിനിരന്നത്.

ചെറുപൂരങ്ങൾക്ക് അകമ്പടിയായെത്തെിയ ആനകൾ വേറെയും. രാവിലെമുതൽ പൂരം എഴുന്നള്ളത്ത് ആരംഭിച്ചിരുന്നു. വിവിധ ക്ഷേത്രങ്ങളിൽനിന്ന് ചെറുപൂരങ്ങൾ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെയാണ് ക്ഷേത്രസന്നിധിയിലെത്തിയത്.

ആനനീരാട്ടായിരുന്നു പൂരത്തിന് മുന്നോടിയായുള്ള ആകർഷകമായ കാഴ്‌ച. ചെറുപൂരങ്ങളിൽ അകമ്പടിയായെത്തെിയ ഗജവീരന്മാർക്കെല്ലാം നീരാടാനുള്ള സൗകര്യം ക്ഷേത്രത്തിന് സമീപത്ത് തന്നെ സജ്ജീകരിച്ചിരുന്നു. തുടർന്ന് ആനയൂട്ടും നടന്നു.

വൈകീട്ട് താമരക്കുളം മഹാഗണപതിയുടെ എഴുന്നള്ളത്തും പുതിയകാവ് ഭഗവതിയുടെ എഴുന്നള്ളത്തും ക്ഷേത്രസന്നിധികളിൽനിന്നു പുറപ്പെട്ടു. രണ്ട്‌ എഴുന്നള്ളത്തുകളിലും 11 വീതം ഗജവീരന്മാരാണ് അണിനിരന്നത്. ഗജവീരനായ തൃക്കടവൂർ ശിവരാജുവാണ് പൂരത്തിന് ഭഗവാന്‍റെ തിടമ്പേറ്റിയത്.

പുത്തൻകുളം അനന്തപത്മനാഭൻ, പുതിയകാവ് ഭഗവതിയുടെ തിടമ്പേറ്റി. ചിറക്കര ശ്രീരാമാണ് താമരക്കുളം ഗണപതിയുടെ തിടമ്പേറ്റിയത് ആചാരങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾ പൂർത്തിയായി രാത്രി ഏഴ് മണിയോടെ എഴുന്നള്ളത്തുകൾ ആശ്രാമത്തെ പൂരമൈതാനിയിൽ അണിനിരന്നു. അതിനുമുമ്പേ വൻജനാവലി പൂരക്കാഴ്‌ചയ്ക്ക് മൈതാനത്തെത്തിയിരുന്നു.

മന്ത്രി കെ എൻ ബാലഗോപാൽ കുടമാറ്റം ഉദ്ഘാഘാടനം ചെയ്‌തു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമായിരുന്നു കുടമാറ്റം. മുത്തുക്കുടകളും വർണക്കുടകളും മാറിമാറി ഉയർന്നു. ഇരുവിഭാഗങ്ങളും മേളത്തിനൊത്ത് വ്യത്യസ്‌തവർണങ്ങളിലുള്ള കുടകളുയർത്തി കാണികളെ ആവേശം കൊള്ളിച്ചു. വ്യത്യസ്‌തനിറങ്ങളിലുള്ള കുടകൾക്കിടയിലെ രൂപങ്ങൾ പൂരപ്രേമികൾക്ക് കാഴ്‌ചയുടെ നവ്യാനുഭവം പകർന്നു.

കൊടിമരങ്ങൾ, എടുപ്പുകുതിര, കാള, ജഗന്നാഥപുരി കുടകൾ, പൂക്കുടകൾ, അലങ്കാരക്കുടകൾ, ഉണ്ണിക്കണ്ണന്മാർ, ശിവപാർവതി, ശിവലിംഗം, മഹാവിഷ്‌ണു, ഊഞ്ഞാലാട്ടം, മയിൽ, കാളിയമർദനം, തിരുപ്പതി കിരീടം, ഭരതനാട്യം, കൽവിളക്ക്, ആറന്മുളക്കണ്ണാടി, ചന്ദ്രയാൻ തുടങ്ങി ഇരുഭാഗത്തുനിന്നും ഓരോരോന്നായി ഉയർന്ന കുടകൾ പൂരപ്രേമികളിൽ പൂരപ്പൊലിമ തീർത്തു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മുകളിൽ വെഞ്ചാമരവും ആലവട്ടവും വീശുന്ന കാഴ്‌ച കാണികൾക്ക് ഹരമായി. കൊല്ലം പാർലമെൻ്റ്‌ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ, എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ്, എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാർ ജി എന്നിവർ പൂര നഗരിയിൽ എത്തിയിരുന്നു.

ALSO READ : വടക്കുന്നാഥന്‍റെ മണ്ണില്‍ ഇനി പൂരനാളുകള്‍...; മണികണ്‌ഠനാൽ പന്തൽ കാൽനാട്ടൽ കർമ്മം നടന്നു - Thrissur Pooram 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.