ETV Bharat / state

കൊച്ചിയ്‌ക്കടുത്ത് കൊച്ചരീക്കല്‍... കാടിനുള്ളില്‍ പ്രകൃതി ഒളിപ്പിച്ച വശ്യത; നിഘൂഢമായ ഗുഹയും കുളവും ഉറവയും തേടി സഞ്ചാരികള്‍ - Kocharikal Caves Piravam

author img

By ETV Bharat Kerala Team

Published : May 25, 2024, 10:52 PM IST

കല്യാണ വീഡിയോഗ്രാഫികളിലൂടെയും സോഷ്യൽ മീഡിയ റീലുകളിലൂടെയും പ്രദേശത്തെക്കുറിച്ച് അറിഞ്ഞ് ദിനംപ്രതി ധാരാളം പേരാണ് ഇവിടെയെത്തുന്നത്

കൊച്ചരീക്കൽ കേവ്സ്  എറണാകുളം  KOCHAREEKKAL CAVE ERNAKULAM  കൊച്ചരീക്കൽ ഗുഹ കാഴ്‌ചകൾ
kochareekkal Cave Ernakulam (ETV Bharat)

കൊച്ചരീക്കൽ കേവ്സ് കാഴ്‌ചകൾ (ETV Bharat)

എറണാകുളം : വേനൽ മഴയിൽ നനഞ്ഞ് വശ്യമനോഹരിയായി നിൽക്കുകയാണ് കൊച്ചരീക്കൽ ഗുഹ. മഴയത്ത് ഗുഹയിലേക്ക് സഞ്ചാരികളുടെ തിരക്കേറുകയാണ്. എറണാകുളം പിറവത്തിനടുത്ത് പാമ്പാക്കുട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏറെ മനോഹരമായ ഭൂമികയാണ് കൊച്ചരീക്കൽ കേവ്സ്. പിറവത്ത് നിന്ന് കൃത്യം 12 കിലോമീറ്റർ.

റബർ തോട്ടങ്ങൾക്കിടയിലൂടെ നഗരത്തിന്‍റെ തിരക്കുകളില്ലാതെ ഗുഹയുടെ മനോഹാരിത ആസ്വദിക്കാൻ ഇവിടേക്ക് ജന പ്രവാഹമാണ്. പച്ചക്കുട വിരിച്ചുനിൽക്കുന്ന ധാരാളം വൃക്ഷങ്ങൾക്ക് നടുവിൽ കൊച്ചരീക്കൽ ഗുഹയും മനോഹരമായ ഒരു കുളവും.

കല്യാണ വീഡിയോഗ്രാഫികളിലൂടെയും സോഷ്യൽ മീഡിയ റീലുകളിലൂടെയും പ്രദേശത്തെക്കുറിച്ച് അറിഞ്ഞ് ധാരാളം പേരാണ് ഇവിടെയെത്തുന്നത്. സ്വകാര്യ വ്യക്തികൾ പാർക്കിങ് സൗകര്യമൊരുക്കി ചെറിയ ഫീസ് പിരിക്കുന്നുണ്ട്. വാഹനം ഒതുക്കി താഴേക്ക് ഇറങ്ങിച്ചെന്നാൽ കണ്ടാൽ കൗതുകവും ഭയവും ഉളവാക്കുന്ന ഗുഹാഭാഗങ്ങൾ കാണാനാകും. വലിയ ഭീമാകാരമായ ഗുഹാമുഖങ്ങൾ ഒന്നും തന്നെ ഇവിടെയില്ല. വലിപ്പം കുറഞ്ഞ ഗുഹയ്‌ക്കുള്ളിലേക്ക് കയറാൻ ആകും.

ഗുഹയ്‌ക്കുള്ളിൽ നിന്നും അരുവികൾ പോലെ വെള്ളമൊഴുകി താഴെയുള്ള കുളത്തിലെത്തും. മരക്കൂട്ടങ്ങൾക്ക് നടുവിലെ കുളം കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. സമീപവാസികളിൽ ചിലർ ഇവിടുത്തെ ജലാശയത്തെ ദൈനംദിന ജീവിത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഗുഹയുടെ ഒരു ഭാഗത്ത് ഉറവയുണ്ട്.

കുളത്തിലേക്ക് ഇറങ്ങാന്‍ മാർഗങ്ങളുണ്ട്. ആഴം എത്രയാണെന്നുള്ളതിന് വ്യക്തതയില്ല. വശങ്ങളിലേക്ക് ഇറങ്ങാൻ കൈവരികൾ പൂർണമായും സ്ഥാപിച്ചിട്ടില്ല. മണ്ണിടിച്ചിൽ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാലിവിടെ പതിയിരിക്കുന്നത് വലിയ അപകടമാണ്. കുളത്തില്‍ വീണാല്‍ അത് അത്യന്തം അപകടകരമാണ്.

സോഷ്യൽ മീഡിയയിലൂടെ സ്ഥലഭംഗി കണ്ട് മതിമറന്ന് എത്തുന്നവരാണ് ഭൂരിഭാഗം പേരും. ദിവസവും സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉണ്ട്. പ്രദേശത്തെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ തന്നെ ആവശ്യമായ മുൻകരുതലുകളോടെ ഔദ്യോഗികമായി സഞ്ചാരികൾക്കായി ഇവിടം തുറന്നുകൊടുക്കുമെന്ന് പാമ്പാക്കുട പഞ്ചായത്ത് ഭരണസമിതി അറിയിച്ചിട്ടുണ്ട്.

Also Read : കോടമഞ്ഞിന്‍റെ കുളിരും ആപ്പിൾതോട്ടങ്ങളും; കേരളത്തിന്‍റെ ആപ്പിൾ താഴ്‌വരയിലേക്കൊരു യാത്ര - Kanthalloor Apple Farms

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.