ETV Bharat / state

അലങ്കോലമായ കലോത്സവം അന്വേഷിക്കാൻ നാലംഗ സമിതി; തീരുമാനം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തില്‍

author img

By ETV Bharat Kerala Team

Published : Mar 15, 2024, 1:58 PM IST

നടത്തിപ്പിലെ വീഴ്‌ച കാരണം അലങ്കോലമായി അവസാനിപ്പിച്ച കേരള സർവകലാശാല യുവജനോത്സവത്തിലെ സംഭവവികാസങ്ങളും പരാതികളും അന്വേഷിക്കാൻ നാലംഗ സമിതിയെ ചുമതലപ്പെടുത്തി സർവകലാശാല സിൻഡിക്കേറ്റ് യോഗം.

Kerala University  Kerala University Arts Fest  Kerala University Syndicate  Fake Certificate Controversy Four Member Committee To Investigate Kerala University Arts Fest Issues
Kerala University Arts Fest

തിരുവനന്തപുരം : കേരള സര്‍വകലാശാല കലോത്സവത്തിനിടെ ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാൻ നാലംഗ സമിതി. ഡോ. ഗോപി ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, മുൻ എം എൽ എ ആർ രാജേഷ് ,ഡോ. ജയൻ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെ സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് ചുമതലപ്പെടുത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കി ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും ബാക്കി തീരുമാനം. യൂണിയൻ കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനവും റിപ്പോർട്ടിന് ശേഷമുണ്ടാകും. കോഴ ആരോപണങ്ങള്‍ കൊണ്ടും സംഘര്‍ഷങ്ങള്‍ കൊണ്ടും അലങ്കോലമായിരുന്നു ഇത്തവണ കേരള സര്‍വകലാശാല യുവജനോത്സവം.

കോഴ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ വിധി കര്‍ത്താക്കളില്‍ ഒരാള്‍ ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കലോത്സവം നിര്‍ത്തിവച്ച് യൂണിയനെ അടക്കം അസാധുവാക്കുന്ന നടപടിയിലേക്ക് സർവകലാശാല വി സി കടന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അപ്പീലുകള്‍ അടക്കം പരിശോധിച്ച് നടപടി സ്വീകരിക്കാൻ നാലംഗ സമിതിക്ക് രൂപം നൽകിയത്.

കലോത്സവത്തിലെ സംഘർഷം, കോഴ ആരോപണം, വിധികർത്താവിന്‍റെ ആത്മഹത്യ തുടങ്ങിയ സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല ഡിജിപിയ്‌ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലെ പൊലീസ് നടപടിയും ഏറെ നിര്‍ണായകമാണ്. യുവജനോത്സവത്തിന്‍റെ ഫെസ്റ്റിവല്‍ മാനുവല്‍ പരിഷ്‌കരിക്കുന്നതിനായി പ്രത്യേക സമിതിയ്‌ക്ക് രൂപം നല്‍കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം, മുൻ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എംഎസ്എം കോളജിലെ മുൻ പ്രിൻസിപ്പല്‍ ഡോ. മുഹമ്മദ് താഹയ്‌ക്ക് വീണ്ടും ചുമതല നല്‍കാൻ സാധ്യത. പ്രിൻസിപ്പലിന്‍റെ പൂര്‍ണ ചുമതല നല്‍കുന്ന ഫയലും ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്‌തിരുന്നു. ഈ ഫയലിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിൻഡിക്കേറ്റ് ഉപസമിതി അംഗീകാരം നല്‍കിയതാണ്. സർട്ടിഫിക്കറ്റ് വിവാദത്തിൽ വീഴ്‌ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.