ETV Bharat / state

'വാണിജ്യസ്ഥാപനങ്ങള്‍ക്ക് തടസമെന്ന പേരില്‍ മരം വെട്ടിമാറ്റാനാകില്ല'; പാതയോരങ്ങളിലെ മരംമുറിയ്‌ക്ക് മതിയായ കാരണം വേണമെന്ന് ഹൈക്കോടതി - HIGH COURT AGAINST TREE CUTTING

author img

By ETV Bharat Kerala Team

Published : May 25, 2024, 1:36 PM IST

പാലക്കാട്-പട്ടാമ്പി സംസ്ഥാനപാതയിലെ മരം മുറിക്കാന്‍ അനുമതി നല്‍കിയ പൊതുമരാമത്ത് വകുപ്പിനെതിരെ ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ മരങ്ങൾ മുറിച്ചുമാറ്റാൻ അനുവദിക്കരുതെന്ന് കോടതി സർക്കാരിനോട് നിര്‍ദേശിച്ചു. പാതയോരത്തെ മരങ്ങൾ തങ്ങളുടെ കെട്ടിടത്തിലേക്കുള്ള കാഴ്ച്ച മറയ്ക്കുന്നുവെന്ന് പറഞ്ഞ് നല്‍കിയ ഹർജി തള്ളിയാണ് കോടതി ഉത്തരവ്.

KERALA HIGH COURT  പാതയോരങ്ങളിലെ മരം മുറി  പാലക്കാട് പട്ടാമ്പിയിലെ മരം മുറി  മരം മുറിക്കുന്നതിനെതിരെ കോടതി
Representative Image (ETV Bharat)

എറണാകുളം: പാതയോരങ്ങളിലെ മരംമുറിയിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ അനുവദിക്കരുത് എന്നും കോടതി വ്യക്തമാക്കി. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസം സൃഷ്‌ടിക്കും എന്നത് മരം മുറിച്ചുമാറ്റാനുള്ള കാരണമല്ല.

ഇത്തരം മരംമുറി തടയാൻ ആവശ്യമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പാലക്കാട്-പട്ടാമ്പി സംസ്ഥാനപാതയിലെ മരം മുറിക്കാമെന്ന് നിർദേശം നൽകിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് പറഞ്ഞ കോടതി അവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഉത്തരവിട്ടു. മരത്തിന്‍റെ ശാഖകൾ അപകടകരമായ രീതിയിൽ ആണെന്ന് പറഞ്ഞാണ് മുറിക്കാനുളള അനുമതി നല്‍കിയത്.

ശാഖകൾ മാത്രം മുറിച്ച് മാറ്റിയാല്‍ പോരെ എന്തിനാണ് മരം പൂർണമായും മുറിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. പാതയോരത്തെ മരങ്ങൾ സംരക്ഷിക്കുക എന്നതാണ് പിഡബ്ല്യുഡിയുടെ കടമയെന്നും കോടതി ഓർമ്മിപ്പിച്ചു.
തങ്ങളുടെ കെട്ടിടത്തിലേക്കുള്ള കാഴ്ച്ചയ്ക്ക് പാതയോരത്തെ മരങ്ങൾ ഭീഷണിയാണെന്നും മുറിച്ചുമാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള പാലക്കാട് പട്ടാമ്പി സ്വദേശികളുടെ ഹർജി തള്ളിയാണ് കോടതി ഉത്തരവ്.

ALSO READ: ഗൂഗിൾ മാപ്പ് ചതിച്ചു ; കോട്ടയത്ത് വിനോദ സഞ്ചാരികളുടെ കാര്‍ തോട്ടില്‍ വീണു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.