ETV Bharat / state

രാഷ്‌ട്രപതിയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ; അസാധാരണ നീക്കം - Kerala petition against president

author img

By ETV Bharat Kerala Team

Published : Mar 23, 2024, 1:38 PM IST

Updated : Mar 23, 2024, 3:53 PM IST

KERALA PETITION AGAINST PRESIDENT  KERALA GOVT IN SC  KERALA GOVT AGAINST PRESIDENT  WRIT PETITION AGAINST PRESIDENT
kerala-govt-filed-writ-petition-against-president-in-sc

14:54 March 23

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നു എന്നാരോപണം

KERALA PETITION AGAINST PRESIDENT  KERALA GOVT IN SC  KERALA GOVT AGAINST PRESIDENT  WRIT PETITION AGAINST PRESIDENT
Kerala Govt filed writ petition against president in SC

13:31 March 23

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി വൈകിപ്പിക്കുന്നു എന്നാരോപിച്ച് രാഷ്‌ട്രപതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേരള ഗവര്‍ണറെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. രാഷ്‌ട്രപതിക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജിയുമായി പോകുന്നത് അസാധാരണമാണ്.

സംസ്ഥാന മന്ത്രിസഭയെ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്യേണ്ട രാഷ്‌ട്രപതി സംസ്ഥാന നിയമസഭ പാസാക്കിയ ഏഴില്‍ നാല് ബില്ലുകള്‍ക്കും അംഗീകാരം നല്‍കാതെ പിടിച്ച് വച്ചിരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത് അങ്ങേയറ്റം സ്വേച്‌ഛാധിപത്യപരമായ നീക്കമാണ്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്‍റെ നഗ്നമായ ലംഘനം. ഇതിന് പുറമെ 200, 201 അനുച്ഛേദങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നതായി സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന നിയമങ്ങള്‍ക്ക് കേന്ദ്ര നിയമങ്ങളുമായി പ്രകടമായ പ്രശ്‌നങ്ങളില്ലെങ്കില്‍ രാഷ്‌ട്രപതി അംഗീകരിക്കേണ്ടതുണ്ട്. രാഷ്‌ട്രപതിയ്ക്ക് മുന്നിലുള്ള നിയമങ്ങള്‍ ഒന്നും കേന്ദ്രനിയമങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ ഭരണഘടനാപരമായി ഇതൊന്നും വൈകിപ്പിക്കാന്‍ യാതൊരു അടിസ്ഥാനവുമില്ല. ഭരണഘടന ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാഷ്‌ട്രപതി എല്ലാ ബില്ലുകളും തിരിച്ചയക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

11 മാസം മുതല്‍ 24 മാസം മുമ്പ് വരെ സംസ്ഥാനം പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രപതിക്ക് നല്‍കിയ ഉപദേശത്തെയും സംസ്ഥാനം ചോദ്യം ചെയ്യുന്നുണ്ട്. ഇത് സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന ബില്ലുകളാണ്. ഇത്തരം നടപടി ഭരണഘടനയുടെ ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതും ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന അധികാര പരിധി ലംഘിക്കുന്നതുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഗവര്‍ണര്‍ അനിശ്ചിതമായി ബില്ലുകള്‍ പിടിച്ച് വയ്ക്കുകയും പിന്നീട് ഭരണഘടനയ്ക്ക് വിരുദ്ധമായി യാതൊരു കാരണങ്ങളും ചൂണ്ടിക്കാട്ടാതെ അത് രാഷ്‌ട്രപതിയുടെ അനുമതിക്ക് അയക്കുകയുമായിരുന്നു. ഇത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്‍റെ ലംഘനമാണ്. ഭരണഘടനയുടെ 21 -ാം അനുച്ഛേദം ഉറപ്പ് നല്‍കുന്ന കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങളാണ് ഇതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ക്ഷേമ നിയമങ്ങളുടെ ഗുണങ്ങള്‍ അനുഭവിക്കാനുള്ള അവരുടെ അവസരം നഷ്‌ടമാക്കിയിരിക്കുന്നു.

രാഷ്‌ട്രപതിയുടെ മുന്‍ അനുമതിയോടെ മാത്രം നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ മാത്രമേ പിടിച്ച് വയ്ക്കാന്‍ രാഷ്‌ട്രപതിക്ക് അധികാരമുള്ളൂ. (31 എ, 31 (സി), 288(2) തുടങ്ങിയ അനുച്ഛേദങ്ങളുടെ പരിധിയില്‍ വരുന്ന നിയമങ്ങളാണവ. രണ്ട് വര്‍ഷമായി ഒരു നിയമം പാസാക്കാതെ ഇരിക്കുന്നുവെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍ സക്രിയമല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അദ്ദേഹം ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റാതെ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നു. ഗവര്‍ണര്‍ മൂലം സംസ്ഥാന നിയമസഭയുടെ നിലനില്‍പ്പ് തന്നെ അര്‍ത്ഥശൂന്യമാകുന്നു. ഗവര്‍ണറുടെ മുന്നിലെത്തുന്ന ബില്ലുകള്‍ സംസ്ഥാന മന്ത്രിസഭയുമായി കൂടിയാലോചനകള്‍ നടത്തി നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍വകലാശാല നിയമഭേദഗതി 2021, കേരള സഹകരണ സംഘ ഭേദഗതി ബില്‍ 2022, സര്‍വകലാശാല ഭേദഗതി ബില്‍ 2022( ബില്‍ നമ്പര്‍ 132), സര്‍വകലാശാല ഭേദഗതി ബില്‍ (2022) (ബില്‍ നമ്പര്‍ 150) തുടങ്ങിയവയാണ് രാഷ്‌ട്രപതിക്ക് മുന്നില്‍ ഉള്ള ബില്ലുകള്‍.

Last Updated :Mar 23, 2024, 3:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.