ETV Bharat / state

പ്രത്യേക പരിഗണന നൽകി പട്ടിക വർഗ വികസനം, നൈപുണ്യ വികസനത്തിനും വിദ്യാഭ്യാസത്തിനുമായി ബജറ്റിൽ പുതിയ പദ്ധതികൾ

author img

By ETV Bharat Kerala Team

Published : Feb 5, 2024, 6:08 PM IST

Updated : Feb 16, 2024, 12:54 AM IST

പട്ടികവർഗ യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനായി ഉന്നതി, വിങ്സ് പദ്ധതികളുമായി സർക്കാർ

Kerala Budget 2024 Education  Budget For Skill Development  scheduled caste development  പരിഗണന നൽകി പട്ടിക വർഗ വികസനം  ബജറ്റിൽ പുതിയ പദ്ധതികൾ
Kerala Budget 2024

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗത്തിന്‍റെ വികസനത്തിനായി 859.50 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ ഇത്തവണ വകയിരുത്തിയിരിക്കുന്നത്. 2011 ലെ സെൻസെസ് പ്രകാരം സംസ്ഥാനത്തെ പട്ടിക വർഗക്കാർ 1.45 ശതമാനമേ ഉള്ളുവെങ്കിലും സംസ്ഥാന പദ്ധതി അടങ്കലിന്‍റെ 2.8% ആണ് പട്ടികവർഗ വികസനത്തിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹനം നൽകുന്ന പദ്ധതിക്കുള്ള വിഹിതം കഴിഞ്ഞവർഷത്തെ വിഹിതമായ 8.75 കോടി രൂപയിൽ നിന്നും 9.25 കോടി രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 32.10 കോടി രൂപ വിവിധ പദ്ധതികൾക്കായും വകയിരുത്തിയിട്ടുണ്ട്.

പട്ടികവർഗ യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനായി ഉന്നതി, വിംഗ്‌സ്‌ എന്നിങ്ങനെ രണ്ട് പുതിയ പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കും സ്വയം സംരംഭകത്തിനും പ്രോത്സാഹനം നൽകുന്നതാണ് ഉന്നതി പദ്ധതി. പദ്ധതിയിലൂടെ ഗവേഷണം, വികസനം, വിപണനം, പുതിയ നിക്ഷേപങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ധനസഹായം നൽകുക.

സ്റ്റാർട്ടപ്പുകൾക്ക് പത്തുലക്ഷം രൂപയാണ് പ്രാരംഭ ഘട്ടത്തിൽ ധനസഹായം. ഇതിനായി രണ്ടുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് വ്യോമായന മേഖലയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ചതാണ് വിംഗ്‌സ്‌ പദ്ധതി. രണ്ടു കോടി രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്.

പട്ടികവർഗ വികസന വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളുടെ നവീകരണത്തിനും യുനിസെഫ് നിഷ്‌കർഷിക്കുന്ന നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ആയി അഞ്ചുകോടി രൂപയും ഏകലവ്യ സ്‌കൂളുകൾക്കും സ്പെഷ്യൽ സിബിഎസ്ഇ മോഡൽ സ്‌കൂളുകൾക്കുമായി 57 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

പട്ടികവർഗ യുവതികൾക്കുള്ള വിവാഹ ധനസഹായവും ചികിത്സയ്ക്കുമായി 8.90 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഗർഭാവസ്ഥയിലും പ്രസവശേഷവും പരിചരണം ഉറപ്പാക്കാൻ ആവിഷ്‌കരിച്ച ജനനി ജന്മ രക്ഷ പദ്ധതിയിലൂടെ 17 കോടി രൂപയും നൽകും.

ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്ക് പരമാവധി അഞ്ചേക്കർ വരെ ഭൂമി നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഭൂരഹിതരായ പട്ടികവർഗക്കാരുടെ പുനര ദിവസം പദ്ധതി 42 കോടി രൂപയും ഭക്ഷ്യസുരക്ഷാ പദ്ധതികൾക്കായി 25 കോടി രൂപയും വകയിരുത്തി.

Last Updated : Feb 16, 2024, 12:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.