ETV Bharat / state

അന്നക്കുട്ടിയെ തിരിഞ്ഞുനോക്കാത്ത മക്കൾക്കെതിരെ കടുത്ത നടപടി; മകനെ സസ്പെൻഡ് ചെയ്‌ത് കേരള ബാങ്ക്

author img

By ETV Bharat Kerala Team

Published : Jan 31, 2024, 7:30 PM IST

Updated : Jan 31, 2024, 10:47 PM IST

Kerala Bank suspends Annakkuty son  Children abandoned mother death  മകനെ സസ്പെൻഡ് ചെയ്‌തു  കുമളി
Kerala Bank has taken action against Annakkuty son on her death due to no one to take care

കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലാക്കിയ വയോധിക ചികിത്സയ്‌ക്കിടെ മരിച്ച സംഭവത്തിൽ മകനെ ജോലിയിൽ നിന്നും കേരള ബാങ്ക് സസ്പെൻഡ് ചെയ്‌തു. കുമളി പഞ്ചായത്തിലെ തത്‌കാലിക ജോലിയിലിരുന്ന മകളെ നേരത്തെ പിരിച്ചു വിട്ടിരുന്നു. ഇരുവർക്കെതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലാക്കിയ വയോധിക മരിച്ച സംഭവത്തിൽ (Children abandoned mother death at Kumali) മകനെ കേരള ബാങ്കിലെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്‌തു. കേരള ബാങ്കിൻ്റെ കുമളി ശാഖയിലെ കളക്ഷൻ ഏജൻ്റായി പ്രവർത്തിച്ച എം എം സജി മോനെതിരെയാണ് നടപടി (Kerala Bank suspends Annakkuty son from collection agent job). മകനെന്ന ഉത്തരവാദിത്വത്തിൽ സജിമോൻ വീഴ്‌ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു കഴിഞ്ഞ ജനുവരി 20നാണ് മരിച്ചത്. കുമളിയിലെ വാടക വീട്ടിൽ മക്കൾ ആരും സംരക്ഷിക്കാതെ ഒറ്റക്കാണ് അന്നക്കുട്ടി താമസിച്ചിരുന്നത്. ഇവർ വീണ് വലതു കൈ ഒടിഞ്ഞിരുന്നു.

മക്കൾ ആരും ഇവരെ സംരക്ഷിക്കുന്നില്ലെന്ന് നാട്ടുകാരും പഞ്ചായത്തംഗങ്ങളും ചേർന്ന് പൊലീസ് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കുമളി ഇൻസ്പെക്‌ടർ ജോബിൻ ആന്‍റണിയും സംഘവും അന്നക്കുട്ടിക്ക് സഹായവുമായി എത്തിയിരുന്നു. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അന്നക്കുട്ടിയെ പരിചരിക്കാനായി വനിത പൊലീസിനെ ഉൾപ്പെടെ നിയോഗിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആയതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും, തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിൽ വച്ചാണ് വയോധിക മരിച്ചത്.

ഭർത്താവ് മരിച്ച അന്നക്കുട്ടി മകന്‍റെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മകനും മകളും അന്നക്കുട്ടിയെ ഒറ്റയ്ക്ക് പാർപ്പിച്ചിരിക്കുകയായിരുന്നു. മകൾ മാസം തോറും നൽകിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരു വർഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്. മകനെ വിവരം അറിയിച്ചിരുന്നെങ്കിലും ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകൻ വീട്ടിലെ വളര്‍ത്തു നായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് മകൾ സിജിമോളെ കുമളി പഞ്ചായത്തിലെ താത്കാലിക ജോലിയിൽ നിന്നും നേരത്തെ പിരിച്ചു വിട്ടിരുന്നു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകൾ ചുമത്തി അന്നക്കുട്ടിയുടെ രണ്ട് മക്കൾക്കെതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കുമളി പഞ്ചായത്തംഗം ജയമോൾ മനോജിന്‍റെ മൊഴിയെടുത്താണ് കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മകൾ സിജിക്കുമെതിരെ കുമളി പൊലീസ് കേസെടുത്തത്.

Last Updated :Jan 31, 2024, 10:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.