ETV Bharat / state

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും, 15 വരെ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച

author img

By ETV Bharat Kerala Team

Published : Feb 11, 2024, 4:53 PM IST

നാളെ പുനരാരംഭിക്കുന്ന നിയമസഭാ പൊതുസമ്മേളനത്തില്‍ വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിച്ചേക്കും

Assembly session will resume  നിയമസഭാ സമ്മേളനം പുനരാരംഭിക്കും  ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച  budget in Assembly session  Wildlife Attacks Urgent Issue
Assembly session will resume

തിരുവനന്തപുരം: നിയമസഭാ പൊതുസമ്മേളനം നാളെ പുനരാരംഭിക്കും. ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാകും നാളെ മുതല്‍ ഫെബ്രുവരി 15 വരെ. സിപിഐ മന്ത്രിമാരുടെ ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം വകുപ്പുകള്‍ക്ക് ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന പരാതി മന്ത്രിമാര്‍ തന്നെ നേരിട്ട് ഉന്നയിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്.

പരസ്യ പ്രതികരണം പാടില്ലെന്ന പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തിന്‍റെ പശ്ചാതലത്തില്‍ മന്ത്രിമാര്‍ വിമര്‍ശനമുന്നയിക്കാന്‍ സാധ്യതയില്ല. എന്നാല്‍ സിപിഐ മന്ത്രിമാരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്ന പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല. പ്രതിപക്ഷം വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാണ് സാധ്യത.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള കെപിസിസി യുടെ സമരാഗ്നി തുടരുന്ന സാഹര്യത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരികെ കോഴിക്കോടേക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഫെബ്രുവരി 15 ന് നിയമസഭ പിരിയുന്നത്.

സമ്പൂര്‍ണ ബജറ്റ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പാസാക്കും. അതേ സമയം നാല് മാസത്തെ ചിലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാകും നിയമസഭ പിരിയുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രചരണം ശക്തമാക്കാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷത്തില്‍ പരിഗണനയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.