ETV Bharat / state

ഓരോ പെൺകുട്ടിയും ഓരോ 'ആർച്ച', അടവും തടവും ആയുധ വണക്കവും പഠിച്ച് വടകരയുടെ മക്കൾ

author img

By ETV Bharat Kerala Team

Published : Feb 15, 2024, 2:47 PM IST

വടകര നഗരസഭ പരിധിയിലെ ഏഴ് സ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് കളരി അധിഷ്‌ഠിത സ്വയരക്ഷ പരിശീലനം നൽകുന്നത്.

padma sree meenakshi amma  school kalari  വടകര നഗരസഭ  പദ്‌മശ്രീ മീനാക്ഷി  സ്‌കൂളുകളില്‍ കളരി
Kalari based self defense training for girls in Vadakara municipality

കളരിയില്‍ തെളിയട്ടെ പെണ്‍മക്കള്‍.. വടകര നഗരസഭയില്‍ കളരി അധിഷ്‌ഠിത സ്വയരക്ഷ പരിശീലനത്തിന് തുടക്കം

കോഴിക്കോട്: പദ്‌മശ്രീ മീനാക്ഷി എന്ന പേര് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. ഏഴാം വയസ്സു മുതല്‍ 67 വര്‍ഷത്തിലധികമായി കളരി ജീവിതമാക്കിയ മീനാക്ഷി ഗുരുക്കൾ. പെൺകുട്ടികൾ കളരിമുറ്റത്തേക്ക് ഇറങ്ങാൻ മടിച്ചിരുന്ന കാലത്ത് കളരി അഭ്യസിച്ച് തുടങ്ങിയതാണ് മീനാക്ഷി അമ്മ.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളും കളരിമുറകൾ പഠിക്കണം എന്നത് മീനാക്ഷി ഗുരുക്കളുടെ എക്കാലത്തേയും വലിയ ആഗ്രഹമാണ്. ഇന്നത് കാലഘട്ടത്തിന്‍റെ കൂടി ആവശ്യമായി മാറിയിരിക്കുന്നു. മന്ത്രിമാരോടും നഗരസഭാ അധികൃതരോടുമെല്ലാം പല തവണ ആവശ്യപ്പെട്ടു. ഒടുവിൽ ആ ആഗ്രഹം സാധ്യമാകുകയാണ്. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായി "ആർച്ച" എന്ന പേരിൽ വടകര നഗരസഭയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. നഗരസഭ പരിധിയിലെ ഏഴ് സ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് കളരി അധിഷ്‌ഠിത സ്വയരക്ഷ പരിശീലനം നൽകുന്നത് (Kalari based self defense training for girls in Vadakara municipality).

സെന്‍റ് ആന്‍റണീസ് ഗേൾസ് സ്‌കൂളിൽ മീനാക്ഷി ഗുരുക്കൾ തന്നെയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അവരുടെ മക്കളും ശിഷ്യന്മാരും സഹകളരിയിലെ പരിശീലകരുമാണ് പെൺകുട്ടികൾക്ക് അവരുടെ സ്‌കൂളുകളിൽ തന്നെ ആയോധന മുറകൾ പകർന്ന് നൽകുന്നത്. അടവും തടവും ആയുധ വണക്കവും പഠിച്ച് ലഭിക്കുന്ന മെയ്ക്കരുത്തിനൊപ്പം മാനസിക ഉല്ലാസം വലുതാണെന്ന് കുട്ടികൾ തന്നെ പറയുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും നഗരസഭയുടെ പേരും, എംബ്ലവും പതിച്ച യൂണിഫോമും നൽകും.

ഫെബ്രുവരി 16, 17, 18 തിയ്യതികളിലാണ് ആർജ്ജിച്ച മുറകൾ പെൺകുട്ടികൾ പൊതുവേദിയിൽ അവതരിപ്പിക്കുക. നഗരസഭ പരിധിയിലുള്ള ഹൈസ്‌കൂളുകളിലെ പ്രധാന അധ്യാപികമാർ ചേർന്നാലോചിച്ചാണ് 'ആർച്ച'യിൽ എത്തിയത്. ഇത് വരും വർഷങ്ങളിലും തുടരാൻ എന്ത് ചെയ്യണമെന്ന ആലോചനയാണിപ്പോൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.