ETV Bharat / state

നവജാത ശിശുവിനെ എറിഞ്ഞുകൊന്ന സംഭവം : അമ്മയുടെ സുഹൃത്തിനെതിരെ കേസ്, നടപടി പീഡന പരാതിയില്‍ - Infant Murder Case

author img

By ETV Bharat Kerala Team

Published : May 16, 2024, 4:16 PM IST

എറണാകുളത്ത് ശിശുവിനെ റോഡിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിക്കെതിരെ കേസ്. വിവാഹ വാഗ്‌ദാനം നല്‍കി തന്നെ സുഹൃത്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി. മെയ്‌ 3ന് പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലാണ് യുവതി പ്രസവിച്ചത്.

INFANT MURDER CASE KOCHI  നവജാത ശിശുവിനെ കൊലപ്പെടുത്തി  നവജാത ശിശുവിനെ റോഡിലെറിഞ്ഞ് കൊന്നു  RAPE CASE IN PANAMPILLY NAGAR
Infant Murder case (Source: Etv Bharat Reporter)

എറണാകുളം : പനമ്പിള്ളി നഗറില്‍, പ്രസവിച്ചയുടന്‍ നവജാത ശിശുവിനെ റോഡിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്. തൃശൂര്‍ സ്വദേശിയായ സുഹൃത്തിനെതിരെയാണ് കേസ്. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ പിടിയിലായ യുവതി സുഹൃത്ത് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. എന്നാല്‍ യുവതി രേഖാമൂലം പരാതി നല്‍കിയതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. പീഡന കേസിലെ അതിജീവിതയെന്ന നിലയിലാണ് യുവതിയെ പൊലീസ് പരിഗണിച്ചത്.

പീഡനത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തിയ ശേഷമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സമൂഹമാധ്യമത്തിലൂടെയാണ് യുവതി നര്‍ത്തകനായ സുഹൃത്തിനെ പരിചയപ്പെട്ടത്.

കൊലപാതകത്തിന് പിന്നാലെ സുഹൃത്തിനെതിരെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് മൊബൈല്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. യുവതിയുടെ ഫോണ്‍ പരിശോധിച്ചതിലൂടെ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ യുവതി നിലവില്‍ റിമാന്‍ഡിലാണ്.

മെയ്‌ 3നാണ് പനമ്പിള്ളിയില്‍ ഫ്ലാറ്റില്‍ നിന്നും യുവതി കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത്. കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് യുവതി പറഞ്ഞത്.

റോഡിന് അപ്പുറമുള്ള പറമ്പ് ലക്ഷ്യമാക്കിയാണ് എറിഞ്ഞതെങ്കിലും ലക്ഷ്യം തെറ്റി റോഡില്‍ പതിക്കുകയായിരുന്നു. കുഞ്ഞിനെ എറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നു.

Also Read: കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം : പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്, ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം - Infant Thrown From Flat Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.