ETV Bharat / state

ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ തട്ടിപ്പ്; വ്യാജ ഒപ്പിട്ട് 20 ലക്ഷം വായ്‌പയെടുത്തെന്ന് പരാതി

author img

By ETV Bharat Kerala Team

Published : Mar 6, 2024, 6:56 PM IST

സിജുവിന്‍റെ പേരെഴുതി വ്യാജ ഒപ്പിട്ടാണ് സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജീഷ് 20 ലക്ഷം രൂപ വായ്‌പയെടുത്തത്. എന്നാൽ നടപടിയിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്ന് സഹകരണ സംഘം ഭാരവാഹികൾ.

ഇടുക്കി പൊലീസ് സഹകരണ സംഘം തട്ടിപ്പ്  വ്യാജ ഒപ്പിട്ട് വായ്‌പയെടുത്തു  Idukki Police Co operative Society  Police Co operative Society Forgery
Idukki Police Co operative Society Forgery: Senior Civil Police Officer Has Taken 20 Lakhs Loan

ഇടുക്കി: ഇടുക്കി ജില്ലാ പൊലീസ് സഹകരണ സംഘത്തിൽ തട്ടിപ്പ്. പൊലീസുകാരന്‍റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ 20 ലക്ഷം വായ്‌പയെടുത്തതായാണ് പരാതി. സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറ് പേർക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു. ഇടുക്കി പടമുഖം സ്വദേശിയായ കെ കെ സിജുവാണ് പരാതി നൽകിയത്.

കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജീഷാണ് സിജുവിന്‍റെ വ്യാജ ഒപ്പിട്ട് 20 ലക്ഷം രൂപ വായ്‌പയെടുത്തത്. 2017ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ഇയാൾക്കൊപ്പം ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെ അക്കൗണ്ട്സ് ഓഫിസർ മീനകുമാരി, പൊലീസ് സഹകരണ സംഘം പ്രസിഡന്‍റും സെക്രട്ടറിയുമായിരുന്ന കെ കെ ജോസി, ശശി ഇപ്പോഴത്തെ ഭാരവാഹികളായ സനൽ കുമാർ, അഖിൽ വിജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പരാതി ഇങ്ങനെ: നാലു പേരുടെ ജാമ്യത്തിലാണ് പൊലീസ് സൊസൈറ്റിയിൽ നിന്നും വായ്‌പ അനുവദിക്കുന്നത്. ഇതിൽ മൂന്നാമത്തേതായി സിജുവിന്‍റെ പേര് എഴുതി വ്യാജ ഒപ്പിട്ടെന്നാണ് പരാതി. ഇത് കൃത്യമായി പരിശോധിക്കാതെ എസ് പി ഓഫീസിലെ അക്കൗണ്ട്സ് ഓഫിസർ സാലറി സർട്ടിഫിക്കറ്റ് നൽകി. സഹകരണ സംഘം ഇതിന്‍റെ അടിസ്ഥാനത്തിൽ മതിയായ പരിശോധന നടത്താതെ വായ്‌പ അനുവദിച്ചു.

അജീഷ് വായ്‌പ തിരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരിൽ നിന്നും ഈടാക്കുമെന്നുള്ള നോട്ടിസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്. ഉടൻ തന്നെ ഇടുക്കി എസ് പിക്ക് പരാതി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതിനു ശേഷമാണ് ഇടുക്കി പൊലീസിൽ സിജു പരാതി നൽകിയത്. അക്കൗണ്ട്സ് ഓഫിസർ നൽകിയ രേഖയുടെ അടിസ്ഥാനത്തിലാണ് വായ്‌പ അനുവദിച്ചതെന്നും നടപടിയിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്നുമാണ് സംഘം ഭാരവാഹികളുടെ വിശദീകരണം.

Also read: പുരാവസ്‌തു തട്ടിപ്പ് കേസ്‌ : കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.