ETV Bharat / state

നെൽ കർഷകർക്ക് ആശ്വാസം; സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചെന്ന് കെ എൻ ബാലഗോപാൽ

author img

By ETV Bharat Kerala Team

Published : Feb 28, 2024, 10:31 PM IST

സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. അടിയന്തരമായി തുക ലഭ്യമാക്കിയത്‌ കേന്ദ്ര കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണെന്നും മന്ത്രി.

കെ എൻ ബാലഗോപാൽ  K N Balagopal  Civil Supplies Corporation  സിവിൽ സപ്ലൈസ്‌ കോർപറേഷൻ  നെല്ല്‌ സംഭരണം
203.9 crore has been allocated to Civil Supplies Corporation

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാനം അടിയന്തരമായി തുക ലഭ്യമാക്കിയത്‌ നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്‍റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

380 കോടി നേരത്തെ രണ്ട് തവണയായി നൽകിയിരുന്നു. കേന്ദ്രത്തിന്‍റെ താങ്ങുവില സഹായത്തിൽ മൂന്ന് വർഷത്തെ 763 കോടി രൂപ കുടിശികയുണ്ടെന്നും, ഈ വർഷത്തെ 388.81 കോടി രുപയും, കഴിഞ്ഞ വർഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ 2021-22ലെ 23.11 കോടി രൂപയും കുടിശ്ശികയുണ്ട്.

സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണെന്നും, കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതിയെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാണ്‌ സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നത്. കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ കർഷകന്‌ നെൽവില ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Also Read: കേന്ദ്രം മര്‍ക്കടമുഷ്‌ടി കാണിക്കുന്നു; പണം കിട്ടിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ബാലഗോപാൽ

പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ കേരളത്തിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും. സംസ്ഥാന സർക്കാർ പലിശയും മുതലും ചേർത്തുള്ള വായ്‌പ തിരിച്ചടവ്‌ നിർവഹിക്കും. കർഷകൻ നൽകുന്ന ഉൽപാദന ബോണസിന്‍റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നതെന്നും, ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നുവെന്നും വായ്‌പ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.