ETV Bharat / state

മേയർ-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം: മേയറും എംഎൽഎയ്‌ക്കും എതിരെയുള്ള എഫ്ഐആർ കോടതിയിൽ ഹാജരാക്കി - MAYOR KSRTC ISSUE FIR ON COURT

author img

By ETV Bharat Kerala Team

Published : May 7, 2024, 9:33 PM IST

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയിലാണ് അഞ്ച് പേര്‍ക്കെതിരെ എഫ്ഐആർ തയ്യാറാക്കിയത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് യദു ഹർജി നൽകിയത്.

KSRTC DRIVER MAYOR ROW  മേയർ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം  CASE AGAINST ARYA SACHIN
KSRTC Driver Mayor Row (ETV Bharat Reporter)

തിരുവനന്തപുരം : മേയർ-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കത്തിൽ ഡ്രൈവര്‍ യദുവിന്‍റെ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഭർത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദ് എന്ന നന്ദു, അരവിന്ദിന്‍റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന യുവാവ് അടക്കം അഞ്ച് പേര്‍ക്കെതിരെയുള്ള എഫ്ഐആർ കോടതിയിൽ ഹാജരാക്കി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനിമോള്‍ എസ് രാജേന്ദ്രനാണ് കന്‍റോണ്‍മെന്‍റ് പൊലീസിനോട് കേസെടുക്കാന്‍ നേരത്തെ നിർദേശിച്ചിരുന്നത്.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, അന്യായമായി തടഞ്ഞ് വച്ചു, ബസിനുളളിലേക്ക് അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. 2024 ഏപ്രില്‍ 27ന് തൃശൂരില്‍ നിന്ന് ഉച്ചക്ക് ഒരു മണിക്ക് ബസ് തിരിക്കുമ്പോള്‍ ഡിപ്പോയില്‍ വച്ച് ബസ് പരിശോധിച്ച് സിസിടിവി ക്യാമറകള്‍ അടക്കം പ്രവര്‍ത്തന സജ്ജമാണെന്ന് വിലയിരുത്തിയിരുന്നു. ഈ ബസിലെ മെമ്മറി കാര്‍ഡാണ് പിന്നീട് കാണാതായത്.

യൂണിവേഴ്‌സിറ്റി കോളജ് ജങ്‌ഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുക, മേയറുടെയും കൂട്ടരുടെയും അതിക്രമങ്ങള്‍ ചിത്രീകരിച്ച യാത്രക്കാരന്‍റെ മൊബൈലില്‍ നിന്ന് ദൃശ്യങ്ങള്‍ എംഎല്‍എ ഭീഷണിപ്പെടുത്തി നീക്കം ചെയ്‌തത് വീണ്ടെടുക്കുക, മേയറുടെ സ്വകാര്യ വാഹനം പിടിച്ചെടുക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. 2024 ഏപ്രില്‍ 27ന് രാത്രി 10 മണിയോടടുപ്പിച്ചാണ് പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ വച്ച് മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസിന് കുറുകെയിട്ട് തടഞ്ഞ് ഡ്രൈവറുമായി വാക്ക് തര്‍ക്കം ഉണ്ടായത്.

Also Read: വാഹനമോടിക്കുന്നതിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; യദുവിനെതിരെ പൊലീസ് റിപ്പോർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.