ETV Bharat / state

പഠനത്തിന് പ്രായം തടസമല്ല ; 47ാം വയസിൽ മകൾക്കൊപ്പം നീറ്റ് പരീക്ഷ എഴുതി അരീക്കോടുകാരന്‍ - FATHER AND DAUGHTER WROTE NEET

author img

By ETV Bharat Kerala Team

Published : May 8, 2024, 7:27 PM IST

NEET EXAM 2024  NEET EXAM RESULT 2024  മകൾക്കൊപ്പം നീറ്റ് പരീക്ഷ എഴുതി  NATIONAL ELIGIBILITY ENTRANCE TEST
FATHER AND DAUGHTER WROTE NEET (Source: Etv Bharat Reporter)

നീറ്റ് എന്ന ആഗ്രഹം മകളോടൊപ്പം പൂർത്തീകരിച്ച്‌ 47 കാരനായ മുഹമ്മദലി സഖാഫി.

കോഴിക്കോട്: അരീക്കോട് വാക്കാലൂർ സ്വദേശി മുഹമ്മദലി സഖാഫിയുടെ വളരെ കാലത്തെ ആഗ്രഹമാണ് നീറ്റ് പരീക്ഷയെഴുതണമെന്നത്. ആ ആഗ്രഹ സഫലീകരണമാണ് ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയെഴുതി മുഹമ്മദലി സഖാഫി പൂർത്തീകരിച്ചത്. അതും സ്വന്തം മകൾക്കൊപ്പം. മകൾ ഫാത്തിമ സനിയ്യക്കൊപ്പമാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാൻ മുഹമ്മദലി സഖാഫി എത്തിയത്.

32 വർഷം മുമ്പ് സുല്ലമുസ്ലാം ഹൈസ്‌കൂളിൽ നിന്ന് എസ്എസ്എൽസിയും തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ നിന്ന് പ്രീഡിഗ്രിയും, ശേഷം മർകസിൽ നിന്ന് മതപഠനത്തോടൊപ്പം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയും പൂർത്തിയാക്കിയ മുഹമ്മദലി സഖാഫിയുടെ ഏറെ കാലത്തെ ആഗ്രഹമാണ് നീറ്റ് പരീക്ഷയെന്ന കടമ്പ.

ഹയർ സെക്കൻഡറി പഠനം കഴിഞ്ഞ് മകൾ ഫാത്തിമ സനിയ്യയും നീറ്റിന് ശ്രമം തുടങ്ങിയതോടെ മുഹമ്മദലി സഖാഫിക്കും കാര്യങ്ങൾ എളുപ്പമായി. അങ്ങനെ മകളോടൊപ്പം തന്നെ നീറ്റ് എന്ന ആഗ്രഹം പൂർത്തീകരിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു മുഹമ്മദലി സഖാഫി. കൂട്ടിന് മകളുള്ളതിനാൽ പാഠഭാഗങ്ങൾ ഒരുമിച്ച് ചർച്ച ചെയ്‌ത്‌ പഠിക്കാനായെന്ന് മുഹമ്മദലി പറയുന്നു.

നേരത്തേ എടുത്തത് പ്രീഡിഗ്രി തേർഡ് ഗ്രൂപ്പായതു കൊണ്ട് ഏറെ കാലത്തെ ആഗ്രഹമായ നീറ്റ് എഴുതാൻ വേണ്ടിമാത്രം വീണ്ടും കഴിഞ്ഞ വർഷം കോട്ടക്കൽ വിദ്യാഭവൻ സീനിയർ സെക്കൻഡറി ഇംഗ്ലീഷ് സ്‌കൂളിൽ നിന്ന് പ്ലസ്‌ടു സയൻസ് പഠിച്ച് എഴുതുകയായിരുന്നു.
നീറ്റിന് വേണ്ടി പ്രത്യേക കോച്ചിംഗ് സെന്‍ററുകളിൽ പോകാനുള്ള സാമ്പത്തികമോ മറ്റോ അനുകൂല സാഹചര്യമല്ലാത്തത് കാരണം മകൾ വീട്ടിൽ നിന്നും സഖാഫി ജോലി സ്ഥലത്തുവെച്ചുമാണ് പഠിച്ചിരുന്നത്.

പ്രധാനമായും 2008-2022 വരെയുള്ള ചോദ്യങ്ങൾ ആവർത്തിച്ച് പഠിക്കുന്നതായിരുന്നു ഇവരുടെ രീതി. ഫ്രീ ഓൺലൈൻ ആപ്പുകളും ഉപയോഗപ്പെടുത്തിയായിരുന്നു പഠനം. ചെറിയ കാരണങ്ങൾ മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവർക്ക് പ്രചോദനവും മാതൃകയുമാണ് ഈ ഉപ്പയും മകളും. കൂടാതെ പഠനത്തിന് പ്രായം പ്രതിബന്ധമല്ലെന്നകാര്യം തെളിയിക്കുക കൂടിയാണ് മുഹമ്മദലി സഖാഫി.

ALSO READ: ഉള്ളിൽ പരീക്ഷാച്ചൂട്, പുറത്ത് വേനൽച്ചൂട്; നീറ്റ് പരീക്ഷക്കിടെ രക്ഷിതാക്കൾക്ക് സ്‌നേഹത്തണലൊരുക്കി മഹ്ളറ ബദരിയ ഇസ്‌ലാമിക് കോംപ്ലക്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.