ETV Bharat / state

ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച സംഭവം: പ്രധാനാധ്യാപികയ്‌ക്ക് മുന്‍കൂര്‍ ജാമ്യം

author img

By ETV Bharat Kerala Team

Published : Jan 23, 2024, 10:17 PM IST

Updated : Jan 23, 2024, 10:38 PM IST

സ്‌കൂള്‍ അസംബ്ലിക്കിടെ ദലിത് വിദ്യാര്‍ഥിയുടെ മുടിമുറിച്ച കേസില്‍ പ്രധാനാധ്യാപികക്ക് മുന്‍കൂര്‍ ജാമ്യം.സംഭവമുണ്ടായത് ചിറ്റാരിക്കൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ യുപി സ്‌കൂളില്‍. അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ പെന്‍ഷന്‍ മുടങ്ങിയ കേസിലെ ഹര്‍ജിയും കോടതി പരിഗണിച്ചു.

Dalit Student Hair Cut Case  ദലിത് വിദ്യാര്‍ഥി മുടിമുറിച്ചു  മറിയക്കുട്ടിയുടെ പെന്‍ഷന്‍  Pension Case Of Mariyakutty
Dalit Student Hair Cut Case HC Granted Anticipatory Bail To Principal

എറണാകുളം: കാസര്‍കോട് സ്‌കൂള്‍ അസംബ്ലിക്കിടെ ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പ്രധാനാധ്യാപികക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. പ്രധാനാധ്യപികയായ ഷേര്‍ളി ജോസഫിനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ശനിയാഴ്‌ച (ജനുവരി 27) ഷേര്‍ളിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

കേസില്‍ അറസ്റ്റുണ്ടായാല്‍ ഒരു ലക്ഷം രൂപ ബോണ്ട് അല്ലെങ്കില്‍ രണ്ടാള്‍ ജാമ്യത്തിലും വിടാന്‍ നിര്‍ദേശം. കഴിഞ്ഞ ഒക്‌ടോബറില്‍ ചിറ്റാരിക്കൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ യുപി സ്‌കൂളിലാണ് കേസിനാസ്‌പദമായ സംഭവം. മുടി വെട്ടാതെ ക്ലാസിലെത്തിയ ദലിത് വിദ്യാര്‍ഥിയെ അസംബ്ലിക്കിടെ വിളിച്ചുവരുത്തി മുടി മുറിച്ചുവെന്നാണ് കേസ്.

അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയെയാണ് അസംബ്ലിക്കിടെ മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പരസ്യമായി മുടി മുറിച്ചത്. വിദ്യാര്‍ഥിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തത്. പട്ടിക ജാതി - പട്ടിക വർഗ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്‌ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സ്വമേധയ കേസെടുത്തിരുന്നു.

മറിയക്കുട്ടിയുടെ ഹർജി പരിഗണിച്ചു: പെൻഷൻ വിതരണത്തിൽ ഇടപെടൽ തേടിയുള്ള അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ ഹർജി പരിഗണിച്ച് ഹൈക്കോടതി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ കേസില്‍ സ്വമേധയ കക്ഷിചേർത്തു. വിഷയത്തില്‍ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നോട്ടിസ് അയച്ചു.

സാമ്പത്തിക സഹായം ആവശ്യമാണെന്ന് മറിയക്കുട്ടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കവെ ഹൈക്കോടതി നേരത്തെ സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജൂലൈ മുതലുള്ള 5 മാസത്തെ പെൻഷനാണ് മറിയക്കുട്ടിയ്ക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത്.

സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. ഏപ്രിൽ മുതൽ കേന്ദ്ര പെൻഷൻ വിഹിതം ലഭിക്കുന്നില്ല. ഇത് ഇരട്ടി ഭാരമുണ്ടാക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന കർശന നിലപാടാണ് ഹൈക്കോടതിയുടേത്.

സർക്കാരിന് മറ്റു പല കാര്യങ്ങൾക്കും ചെലവഴിക്കാൻ പണമുണ്ടെന്നും ഹർജിക്കാരിയുടെ ആവശ്യത്തിന് എന്തുകൊണ്ട് മുൻഗണന നൽകുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

Last Updated : Jan 23, 2024, 10:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.