ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; സി വിജില്‍ വഴി ഇതുവരെ ലഭിച്ചത് 1,07,202 പരാതികൾ - CVigil mobile app

author img

By ETV Bharat Kerala Team

Published : Apr 8, 2024, 10:32 AM IST

ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ മെബൈൽ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. സി വിജിൽ വഴി സംസ്ഥാനത്ത് നിന്ന് ലഭിച്ചത് 1,07,202 പരാതികൾ.

ELECTION COMMISSION OF INDIA  ELECTION 2024  LOKSABHA ELECTION 2024  CVIGIL MOBILE APP
LOK SABHA ELECTION 2024, 1,07,202 COMPLAINTS HAVE BEEN RECEIVED THROUGH CVIGIL

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. ഇതിൽ 1,05,356 പരാതികളില്‍ നടപടി എടുത്തതായും 183 പരാതികളില്‍ നടപടി പുരോഗമിക്കുന്നതായും സഞ്ജയ് കൗള്‍ അറിയിച്ചു.

മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെയുള്ള കണക്കാണിത്. സി വിജില്‍ മുഖേന അനുമതിയില്ലാതെ പതിച്ച പോസ്‌റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്‌റ്ററുകള്‍, വസ്‌തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.

ലഭിച്ച പരാതികൾ:

  • അനുമതിയില്ലാത്ത പോസ്‌റ്ററുകളും ബാനറുകളും സംബന്ധിച്ച പരാതികള്‍ 93,540
  • വസ്‌തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച പരാതികള്‍ 5,908
  • നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്‌റ്ററുകള്‍ സംബന്ധിച്ച പരാതികൾ 2,150
  • അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 177 പരാതികൾ
  • പണവിതരണം 29
  • മദ്യവിതരണം 32
  • സമ്മാനങ്ങള്‍ നല്‍കല്‍ 24
  • ആയുധപ്രദര്‍ശനം 110
  • വിദ്വേഷപ്രസംഗം 19
  • സമയപരിധി കഴിഞ്ഞ് സ്‌പീക്കര്‍ ഉപയോഗിക്കല്‍ 10

1,663 പരാതികള്‍ വസ്‌തുതയില്ലെന്ന് കണ്ട് തള്ളി.

എന്താണ് സി വിജില്‍ ആപ്പ്? എങ്ങനെ പരാതിപ്പെടാം? : സി വിജില്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച ഏതുതരം പരാതികളും അപ്പപ്പോള്‍ സി വിജില്‍ ആപ്പ് വഴി അയക്കാം. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനിറ്റില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നല്‍കുന്ന പരാതികള്‍ക്ക് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും.

ആയുധങ്ങള്‍ കൊണ്ടുനടക്കല്‍, ഭീഷണിപ്പെടുത്തല്‍, സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍, മദ്യവിതരണം, പണം വിതരണം, പെയ്‌ഡ് ന്യൂസ്, ഡിക്ലറേഷനില്ലാത്ത പോസ്‌റ്ററുകള്‍, അനുമതിയില്ലാതെ പോസ്‌റ്ററും ബാനറും പതിക്കല്‍, വസ്‌തുവകകള്‍ നശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍, സന്ദേശങ്ങള്‍, റാലികള്‍ക്ക് പൊതുജനങ്ങളെ കൊണ്ടുപോകല്‍, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ കൊണ്ടുപോകല്‍, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ് സ്‌പീക്കര്‍ ഉപയോഗിക്കല്‍, അനുമതി കൂടാതെയുള്ള വാഹന ഉപയോഗം എന്നിവയടക്കം സി വിജില്‍ വഴി പരാതിപ്പെടാം.

പരാതികൾ എത്തുന്നത് കളക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമിൽ : ജില്ല കലക്‌ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമിലാണ് സി വിജില്‍ വഴി അയക്കുന്ന പരാതികള്‍ എത്തുക. ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ പ്രദേശങ്ങളില്‍ ആ സമയത്തുള്ള നിരീക്ഷണ സ്‌ക്വാഡുകള്‍ക്ക് ഉടന്‍ കൈമാറും. അന്വേഷണം നടത്തി 30 മിനിറ്റിനകം ഫീല്‍ഡ് സ്‌ക്വാഡ് വിവരം ജില്ലാതല കേന്ദ്രത്തിന് കൈമാറും. ജില്ലാതലത്തില്‍ നടപടിയെടുക്കേണ്ട വിഷയങ്ങളില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കും. അല്ലാത്ത വിഷയങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസിന് കൈമാറും. പരാതിയിന്മേൽ സ്വീകരിച്ച നടപടി ഉടന്‍ പരാതിക്കാരനെ അറിയിക്കും.

സി വിജില്‍ ആപ്പിന്‍റെ പ്രത്യേകതകൾ : ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചു ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താൻ സാധിക്കും. പരാതി അപ്‌ലോഡ് ചെയ്‌താൽ യുണീക് ഐഡി ലഭിക്കും. ഇതുവഴി പരാതിയുടെ ഫോളോ അപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ സാധിക്കും. പരാതി നൽകുന്ന ആളുകളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ആപ്പ് വഴി അയക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ കഴിയില്ല. വ്യാജപരാതികള്‍ ഒഴിവാക്കാന്‍ കഴിയും. ചട്ടലംഘനം എന്ന പേരില്‍ വാട്‌സ്‌ആപ്പിലൂടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണു സ്വന്തം ഫോണ്‍ക്യാമറ വഴി എടുത്ത ചിത്രങ്ങള്‍ക്ക് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ : ലോക്‌സഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.