തിരുവനന്തപുരം: കടുത്ത വേനൽ ചൂടിനെ പ്രതിരോധിക്കാൻ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ കർട്ടൻ ഘടിപ്പിച്ച് തുടങ്ങി. മന്ത്രി കെബി ഗണേഷ് കുമാറിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്താകെ 151 സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളാണുള്ളത്.
ആദ്യഘട്ടത്തില്‍ 75 ബസുകളിലാണ് കർട്ടൻ ഘടിപ്പിക്കുന്നത്. ഘട്ടംഘട്ടമായി മറ്റു ബസുകളിലും കര്‍ട്ടനുകൾ ഘടിപ്പിക്കും. പാപ്പനംകോട് സെൻട്രൽ വർക് ഷോപ്പിൽ പച്ച, നീല, മഞ്ഞ എന്നിങ്ങനെ മുന്ന് നിറങ്ങളിലുള്ള കർട്ടനുകൾ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമികുകയാണെന്നും ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സ്വിഫ്റ്റിന്റെ കീഴിലുള്ള എ സി സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ബസുകളിലും ഗജരാജ് എ സി സ്ലീപ്പർ ബസ്, ഗരുഡ എ സി സീറ്റർ ബസ് എന്നിവയിൽ നിലവിൽ കർട്ടനുകളുണ്ട്. സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഷട്ടറിന് പകരം മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ഗ്ലാസുകളാണുള്ളത്.
പകൽ, ഉച്ച സമയങ്ങളിൽ അസഹനീയമായ വെയിലാണ് ഇതുവഴി യാത്രക്കാരിലേക്ക് പതിക്കുന്നത്. ഇതുമൂലം യാത്രക്കാർ ഈ ബസുകളിൽ യാത്ര ചെയ്യാൻ വിമുഖത കാട്ടുന്നതിനെ തുടർന്നാണ് മാനേജ്മെന്റിന്റെ കരുതൽ നടപടി.
ALSO READ: 'വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്' ; അറിയിപ്പുമായി കെഎസ്ആർടിസി