ETV Bharat / state

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം; ഐക്യകണ്‌ഠേന പാസാക്കിയത് ഒന്നാം പിണറായി സര്‍ക്കാര്‍

author img

By ETV Bharat Kerala Team

Published : Mar 12, 2024, 4:03 PM IST

2019 ഡിസംബര്‍ 31നാണ് ഭരണ പക്ഷവും, പ്രതിപക്ഷവും ചേര്‍ന്ന് നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. സഭയിലെ ഏക ബിജെപി അംഗമായിരുന്ന ഒ. രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.

CAA Act  Pinarayi government  Kerala legislative assembly  Pinarayi vijayan
Kerala legislative Assembly against the Citizenship Amendment Act

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം വീണ്ടും വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും വഴി തുറക്കുമ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയമാണ്.

പാര്‍ലമെന്‍റില്‍ ഭേദഗതി നിയമം പാസാക്കിയതിനു തൊട്ടു പിന്നാലെ 2019 ഡിസംബര്‍ 31നാണ് ഭരണ പക്ഷവും, പ്രതിപക്ഷവും ചേര്‍ന്ന് നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. സഭയിലെ ഏക ബിജെപി അംഗമായിരുന്ന ഒ. രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത് (Kerala legislative Assembly against the Citizenship Amendment Act).

നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാന നിയമസഭയിലെ ഭരണ പക്ഷവും പ്രതിപക്ഷവും ഒന്നിച്ചു നിന്ന് ആദ്യമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി എന്ന പ്രത്യേകതയും ഈ സംഭവത്തിനുണ്ട്.

പൗരത്വം അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുന്ന 2019ലെ പൗരത്വ ഭേദഗതി നിയമം നമ്മുടെ ഭരണ ഘടനയിലെ മൂന്നാം ഭാഗമായ മൗലികാവകാശത്തില്‍ പറയുന്ന സമത്വം എന്ന ആശയത്തിന്‍റെ ലംഘനമാണെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്.

2019ലെ പൗരത്വ ഭേദഗതി നിയമം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍, എന്നീ രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 ന് മുമ്പ് കുടിയേറിപ്പാര്‍ത്ത ഹിന്ദു, സിഖ്, ബുദ്ധ, ജൈന പാഴ്‌സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതിനും മുസ്ലീം മത വിഭാഗങ്ങളെ അതില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്ന വ്യവസ്ഥ ഉള്‍പ്പെടുന്ന ഒന്നാണ്.

മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കപ്പടുമ്പോള്‍ മത രാഷ്ട്ര സമീപനമാണ് അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. അത് ഭരണ ഘടന മുന്നോട്ടു വയ്ക്കുന്ന മതേതര കാഴ്‌ചപ്പാടിനു വിരുദ്ധമായതിനാല്‍ ഈ നിയമം ഭരണ ഘടനയുടെ അടിസ്ഥാന ഘടകവുമായി യോജിക്കുന്നതല്ല (Kerala legislative Assembly against the Citizenship Amendment Act).

നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ഉയര്‍ന്നു വരുന്ന ആശങ്കകള്‍ കണക്കിലെടുത്തു കൊണ്ട് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനു വഴിവയ്ക്കുന്നതും, ഭരണഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷത തകര്‍ക്കുന്നതുമായ 2019 ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്ന പ്രമേയം അവതരിപ്പിക്കുന്നു എന്നായിരുന്നു പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗം.

പ്രമേയത്തെ അന്നത്തെ വ്യവസായ മന്ത്രിയും ഇപ്പോഴത്തെ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍ പിന്താങ്ങി. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പൗരത്വ നിയമ ഭേദഗതി എന്നായിരുന്നു പ്രമേയത്തെ പിന്താങ്ങി അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

ഇത് മുസ്ലീങ്ങള്‍ക്കെതിരായ നിയമമാണെന്ന് വ്യാഖ്യാനിക്കുന്നത് ഇന്ത്യയിലെ പ്രതിപക്ഷമാണെന്നായിരുന്നു പ്രമേയത്തെ എതിര്‍ത്ത ഏക ബിജെപി അംഗം ഒ. രാജഗോപാലിന്‍റെ അഭിപ്രായം. ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജും പ്രമേയത്തെ അന്ന് അനുകൂലിക്കുകയായിരുന്നു (Kerala legislative Assembly against the Citizenship Amendment Act).

വി.ഡി. സതീശന്‍, കെ.സി. ജോസഫ്, മോന്‍സ് ജോസഫ്, ഡോ എം.കെ. മുനീര്‍, എം. സ്വരാജ്, എ.എന്‍. ഷംസീര്‍, ജെയിംസ് മാത്യു, സി. ദിവാകരന്‍, കെ.വി. അബ്‌ദുള്‍ ഖാദര്‍, മാത്യു ടി. തോമസ്, കെ.ബി. ഗണേഷ്‌ കുമാര്‍, ഇ.എസ്. ബിജിമോള്‍, കോവൂര്‍ കുഞ്ഞുമോന്‍, മാണി സി. കാപ്പന്‍, അനൂപ് ജേക്കബ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു. കേരളത്തിന്‍റെ ചുവടുപിടിച്ച് പശ്ചിമ ബംഗാള്‍ നിയമസഭയും ഈ നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.