ETV Bharat / state

'ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്'; രാജ്ഭവനിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് സി വി ആനന്ദ ബോസ് - Bengal Governor alleges conspiracy

author img

By ETV Bharat Kerala Team

Published : May 3, 2024, 5:38 PM IST

BENGAL GOVERNOR CV ANANDA BOSE  BV ANANDA BOSE MOLESTATION  ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്  സിവി ആനന്ദ ബോസ് ലൈംഗിക ആരോപണം
Bengal Governor CV Ananda Bose alleges conspiracy against him, Says He Expects More Allegations (Etv Bharat Network)

തനിക്കെതിരെ ഉയര്‍ന്ന ആരോപണം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയാണെന്നാണ് പേരെടുത്തു പറയാതെ ബംഗാള്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചത്.

കൊൽക്കത്ത: തനിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഇനിയും ഉയര്‍ന്ന് വരുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ്. ആരോപണങ്ങളെ അസംബന്ധ നാടകം എന്ന് വിശേഷിപ്പിച്ച ബോസ്, അഴിമതി തുറന്നുകാട്ടാനും അക്രമം തടയാനുമുള്ള തന്‍റെ ശ്രമങ്ങളിൽ നിന്ന് ആര്‍ക്കും പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു.

'ചില രാഷ്‌ട്രീയ ശക്തികൾ നടത്തുന്ന ആരോപണങ്ങളെയും അടിക്കടിയുള്ള നുണപ്രചാരണങ്ങളെയും ഞാൻ സ്വാഗതം ചെയ്യുന്നു. സുഹൃത്തുക്കളേ, സമാനമായ കൂടുതൽ കാര്യങ്ങൾ ഇനിയും വരാനുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഒരു കാര്യം വ്യക്തമാണ്, അഴിമതി തുറന്നുകാട്ടാനും അക്രമം തടയാനുമുള്ള എന്‍റെ ശ്രമങ്ങളിൽ നിന്ന് ഈ അസംബന്ധ നാടകങ്ങളൊന്നും എന്നെ തടയില്ല.'-രാജ്ഭവൻ പുറത്തിറക്കിയ റെക്കോർഡ് ചെയ്‌ത പ്രസ്‌താവനയിൽ ആനന്ദ ബോസ് പറഞ്ഞു.

വ്യക്തിത്വ ഹത്യയാണ് പരാജയപ്പെടുന്ന ദുഷ്‌ടതയുടെ അവസാന ആശ്രയമെന്നും ബോസ് പറഞ്ഞു. രാജ്ഭവനിൽ കൂടുതൽ ദുഷിച്ച ഗൂഢാലോചന നടന്നിരിക്കുന്നു എന്നും ഗവര്‍ണര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. 1943-ല്‍ ബംഗാളിലുണ്ടായ കൊടും പട്ടിണിക്കും 1946-ലെ കൽക്കട്ട കൊലപാതകങ്ങൾക്കും താനാണ് ഉത്തരവാദി എന്ന് ഒരിക്കല്‍ പറയുമെന്നും ബോസ് പരിഹസിച്ചു. ഇതാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന രാഷ്‌ട്രീയ ശക്തികളുടെ സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ നിരവധി കൊടുങ്കാറ്റുകളെ ധൈര്യപൂർവം നേരിട്ട വ്യക്തിയാണ്. എനിക്കെതിരെ ഗൂഢാലോചന നടത്തുന്ന രാഷ്‌ട്രീയ പാർട്ടിയോട് ഞാൻ പറയുന്നു. ഇത് കൊടുങ്കാറ്റല്ല, കേവലം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. ഞാൻ കൊടുങ്കാറ്റാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞാൽ അതിശയിക്കേണ്ടതില്ല. എല്ലാ ആയുധങ്ങളും പുറത്തെടുക്കൂ. നിങ്ങളുടെ ആയുധശേഖരം എനിക്കെതിരെ ഉപയോഗിക്കൂ.'- ഗവര്‍ണര്‍ പറഞ്ഞു.

ഇന്നലെയാണ് രാജ്ഭവനിലെ കരാർ ജീവനക്കാരി ഗവര്‍ണര്‍ക്കെതിരെ പീഡന പരാതി നല്‍കിയത്. അതേസമയം പാർട്ടിക്ക് ഇതിൽ പങ്കില്ലെന്നും സത്യാവസ്ഥ കണ്ടെത്തുന്നതിന് നിഷ്‌പക്ഷമായ അന്വേഷണം വേണമെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

ഗവര്‍ണര്‍ക്കെതിരെയും മോദിക്കെതിരെയും ആഞ്ഞടിച്ച് മമത ബാനര്‍ജി

രാജ്ഭവനിൽ പീഡനത്തിനിരയായ സ്‌ത്രീയെ ഓർത്ത് തന്‍റെ ഹൃദയം നുറുങ്ങുന്നു എന്നും സംഭവം ലജ്ജാകരമാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചത്. പുർബ ബർധമാൻ ജില്ലയിൽ ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

'ഇന്നലെ രാജ്ഭവനിൽ ജോലി ചെയ്‌തിരുന്ന ഒരു യുവതി ഗവർണറുടെ പീഡനത്തിനെതിരെ സംസാരിച്ചു. ആ സ്‌ത്രീയുടെ കണ്ണുനീർ എന്‍റെ ഹൃദയം തകർത്തു. അവരുടെ വീഡിയോ സാക്ഷ്യം ഞാൻ കണ്ടു. സന്ദേശ്ഖാലിയെക്കുറിച്ച് പറയുന്നതിന് മുമ്പ്, രാജ്ഭവനിൽ ജോലി ചെയ്യുന്ന സ്‌ത്രീയോട് ഗവർണർ ഇത് എന്തിന് ചെയ്‌തു എന്ന് ബിജെപി പറയണം.' -മമത ബാനർജി പറഞ്ഞു.

ഇന്നലെ രാത്രി രാജ്ഭവനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ഒരക്ഷരം മിണ്ടിയില്ലെന്നും മമത പറഞ്ഞു. ഇവരാണോ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും മാനത്തെ കുറിച്ച് സംസാരിക്കുന്നതെന്നും അവര്‍ ചോദിച്ചു.

Also Read : പശ്ചിമ ബംഗാൾ ഗവർണര്‍ സിവി ആനന്ദ ബോസിനെതിരെ പീഡന പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.