ETV Bharat / state

'സാങ്കല്‍പിക അന്യഗ്രഹ ജീവികളുമായി സംഭാഷണം, ദിനോസറുകൾക്ക് വംശനാശം സംഭവിച്ചില്ലെന്ന് വിശ്വാസം'; ഞെട്ടിക്കുന്ന ഡിജിറ്റൽ തെളിവുകള്‍ - malayalees death in Arunachal

author img

By ETV Bharat Kerala Team

Published : Apr 5, 2024, 1:14 PM IST

അരുണാചൽ പ്രദേശിൽ മരണപ്പെട്ട മലയാളി ദമ്പതികളും സുഹൃത്തും വിചിത്ര വിശ്വാസികളായിരുന്നുവെന്ന് പൊലീസിന്‍റെ കണ്ടെത്തൽ.

ARUNACHAL MALAYALEES DEATH  DIGITAL EVIDENCE TAKEN  MALAYALEES DEATH CASE  STRANGE BELIEFS
MALAYALEES DEATH IN ARUNACHAL

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മരണപ്പെട്ട മലയാളി ദമ്പതികളുടെയും സുഹൃത്തിന്‍റെയും ലാപ്ടോപ്പുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും ശേഖരിച്ച ഡിജിറ്റൽ തെളിവുകളിൽ നിന്നും ഇവര്‍ വിചിത്ര വിശ്വാസികളായിരുന്നുവെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. മൂവരും സാങ്കൽപ്പിക അന്യഗ്രഹ ജീവിയുമായി നിരന്തരം സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നതായി ഡിജിറ്റൽ തെളിവുകളിൽ നിന്നും വ്യക്തമാകുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

മരണപ്പെട്ട ആര്യയും ദേവിയും വർഷങ്ങൾക്ക്‌ മുൻപ് സുഹൃത്തുക്കളുമായി പങ്കുവെച്ച പി ഡി എഫിൽ നിന്നും പൊലീസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകളിൽ നിന്നുമാണ് ടെലിഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴി വ്യാജ അക്കൗണ്ടുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തിരിച്ചറിഞ്ഞത്. ദിനോസറുകൾക്ക് വംശനാശം സംഭവിച്ചില്ലെന്നും മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിയതാണെന്നും ഈ വ്യാജ പ്രൊഫൈൽ മൂവരെയും വിശ്വസിപ്പിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്.

ഭൂമിയിലെ 90 ശതമാനത്തോളം മനുഷ്യരെയും മറ്റ് ഗ്രഹത്തിലേക്ക് മാറ്റാനാകുമെന്നും ഉൽക്കകളിലെ ആന്‍റി കാർബൺ ഇന്ധനമായി മാറ്റി അന്യഗ്രഹ സഞ്ചാരം സാധ്യമാണെന്നും ഇവര്‍ വിശ്വസിച്ചിരുന്നതായി ഡിജിറ്റൽ തെളിവുകളിൽ വിശദീകരിക്കുന്നു. സാങ്കൽപ്പിക അന്യഗ്രഹ ജീവിയെന്ന പേരിലുള്ള വ്യാജനുമായുള്ള സംഭാഷണം പി ഡി എഫായി മൂവരുടെയും ലാപ്ടോപ്പിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

2021 മുതലുള്ള ഇവരുടെ ഇ-മെയിൽ മെസേജുകളും പൊലീസ് പരിശോധിച്ച് വരികയാണ്. വായിച്ച പുസ്‌തകങ്ങളുടെ സ്വാധീനമാണ് മരണകാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ നിധിൻ രാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകളിൽ നിന്നും പുറത്തു വരുന്ന വിവരങ്ങൾ.

തിരുവനന്തപുരം, വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29), കോട്ടയം, മീനിടം നെടുംപൊയ്‌കയിൽ നവീൻ തോമസ് (39), ഭാര്യയായ ദേവി (41) എന്നിവരെ ഏപ്രിൽ 2-നായിരുന്നു അരുണാചലിന്‍റെ തലസ്ഥാനമായ ഇറ്റാനഗറിൽ നിന്നും 100 കിലോമീറ്ററോളം മാറി സിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിലെ കട്ടിലിൽ നിന്നാണ് ദേവിയുടെയും ആര്യയുടെയും മൃതദേഹം കണ്ടെത്തിയത്. ഇവരെ ഹോട്ടൽ ജീവനക്കാരാണ് ആദ്യം കണ്ടത്. ശേഷം പൊലീസ് എത്തി പരിശോധിച്ചപ്പോൾ മുറിയിലെ ബാത്‌റൂമിൽ നിന്നുമാണ് നവീനിന്‍റെ മൃതദേഹം കണ്ടെത്തിയതെന്നും അരുണാചൽ ഇറ്റാനഗർ പൊലീസ് അറിയിച്ചിരുന്നു.

ALSO READ: മലയാളികളുടെ കൂട്ട ആത്മഹത്യ അന്യഗ്രഹത്തിലെത്താനെന്ന് സൂചന; ആശയം ലഭിച്ചത് ഡാർക്ക് നെറ്റിൽ നിന്ന്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് - Malayalis Suicide In Arunachal

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.