ETV Bharat / state

കാട്ടാന ആക്രമണം: ആന്‍റോ ആന്‍റണി എംപിയുടെ നിലപാട് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നാടകം; അഡ്വ. സെബാസ്റ്റ്യൻ എംഎൽഎ - Adv Sebastian about Anto Antony MP

author img

By ETV Bharat Kerala Team

Published : Apr 3, 2024, 11:19 AM IST

ANTO ANTONY MP  LOK SABHA ELECTION 2024  ADV SEBASTIAN MLA  WILD ELEPHANT ATTACK
Anto Antony MP's Stand On Wild Elephant Attack Is A Drama For Election Purpose Said Adv Sebastian MLA

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നാടകമാണ് കാട്ടാന ആക്രമണത്തിലെ ആന്‍റോ ആന്‍റണി എം പിയുടെ നിലപാടെന്ന് അഡ്വ. സെബാസ്റ്റ്യൻ എംഎൽഎ.

Anto Antony MP's Stand On Wild Elephant Attack Is A Drama For Election Purpose Said Adv Sebastian MLA

കോട്ടയം : പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബിജു എന്ന ഓട്ടോ ഡ്രൈവർ മരിക്കാൻ ഇടയായ ദാരുണ സംഭവം ഏറെ ദൗർഭാഗ്യകരമെന്ന് അഡ്വ. സെബാസ്റ്റ്യൻ എംഎൽഎ. ബിജുവിന്‍റെ അനന്തരാവകാശികൾക്ക് മതിയായ നഷ്‌ടപരിഹാരവും, കുടുംബത്തിന് സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനും, സ്വത്തിനും നഷ്‌ടം സംഭവിക്കുന്ന സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ കഴിയുന്ന എല്ലാ നടപടികളും ഗവൺമെന്‍റിന്‍റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബിജുവിന്‍റെ മരണത്തിനിടയായ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന സ്ഥലം എംപിയുടെ നിലപാട് അപഹാസ്യമാണെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അഭിപ്രായപ്പെട്ടു.

കാട്ടാന ആക്രമണത്തിനെതിരെയുള്ള ആന്‍റോ ആന്‍റണി എംപിയുടെ നിലപാട് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. വനം വകുപ്പിന്‍റെ കണമല റേഞ്ച് ഓഫിസിന് മുന്നിൽ അദ്ദേഹം നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ വോട്ട് ലക്ഷ്യമിട്ട് മാത്രമാണ്. മനുഷ്യ- വന്യജീവി സംഘർഷത്തിന് സമ്പൂർണ്ണ പരിഹാരം കാണുന്നതിന് ഏറ്റവും ആവശ്യമുള്ളത് കേന്ദ്ര വനം - വന്യജീവി സംരക്ഷണ നിയമം തിരുത്തി വന്യജീവികളുടെ എണ്ണപ്പെരുപ്പം തടയുകയും ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഉടൻ വെടിവച്ചു കൊല്ലുന്നതിന് അധികാരം നൽകുന്ന നിയമ ഭേദഗതിയും മറ്റുമാണ്. ഇക്കാര്യങ്ങളൊന്നും നടപ്പിലാക്കി എടുക്കുന്നതിന് പാർലമെന്‍റിൽ ഒരു ഇടപെടലും നാളിതുവരെ എംപിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അഡ്വ. സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

അതുപോലെതന്നെ മനുഷ്യ - വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം ഒരുക്കുന്നതിനുവേണ്ടി സംസ്ഥാനത്ത് ജനവാസ മേഖലയും വനാതിർത്തിയുമായി പരിപൂർണ്ണമായി അതി ശക്തമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറാക്കി അതിനാവശ്യമായ 620 കോടി രൂപ കേന്ദ്ര സഹായം ആവശ്യപ്പെട്ട് സംസ്ഥാന ഗവൺമെന്‍റ് സമർപ്പിച്ച പദ്ധതി അനുവദിപ്പിക്കുന്നതിനോ, അത് കേന്ദ്രം തള്ളിക്കളഞ്ഞ അവസരത്തിൽ അതിനെതിരെ ഏതെങ്കിലും നിലപാടോ, നടപടിയോ സ്വീകരിക്കുന്നതിനോ ആന്‍റോ ആന്‍റണി എംപി ഒരു പ്രവർത്തനവും നടത്തിയിട്ടില്ല.

മനുഷ്യജീവനും സ്വത്തും വന്യജീവികളിൽ നിന്ന് സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് എം പി ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടുമില്ലെന്നും അഡ്വ. സെബാസ്റ്റ്യൻ വ്യക്തമാക്കി. മുൻപ് വന്യജീവി ആക്രമണങ്ങൾ സംഭവിച്ച അവസരങ്ങളിൽ ഒന്നും എംപി കാര്യമായി രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ 15 വർഷം ഈ വിഷയത്തിൽ കാര്യമായ ഒരു ഇടപെടലും നടത്താതെ ഈ തെരഞ്ഞെടുപ്പ് വേളയിൽ വീണുകിട്ടിയ ഒരു അവസരം എന്നുള്ള നിലയിൽ ഈ വിഷയത്തെ കണ്ട് അതിൽനിന്നും ജനവികാരം മുതലെടുക്കാൻ ശ്രമിക്കുന്ന എംപിയുടെ നിലപാട് കർഷകർ തിരിച്ചറിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ALSO READ : പത്തനംതിട്ട കാട്ടാന ആക്രമണം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്‌ ആന്‍റോ ആന്‍റണി, പ്രതിഷേധത്തില്‍ അനില്‍ ആന്‍റണിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.