ETV Bharat / state

ഉപദ്രവകാരികളായ വന്യ ജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര നിയമത്തിൽ ഭേദഗതി; പ്രമേയം പാസാക്കി കേരള നിയമസഭ

author img

By ETV Bharat Kerala Team

Published : Feb 14, 2024, 3:37 PM IST

eliminate invasive wildlife  Kerala Legislative Assembly  ഉപദ്രവകാരികളായ വന്യ ജീവികൾ  കേന്ദ്ര നിയമത്തിൽ ഭേദഗതി  കേരള നിയമസഭ
Kerala Legislative assembly

കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കേരള നിയമസഭ ഏകകണ്‌ഠമായി പാസാക്കിയ പ്രമേയത്തില്‍ പറയുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമങ്ങളും ജീവഹാനിയും കണക്കിലെടുത്ത് വനത്തിനു പുറത്ത് പെറ്റുപെരുകുന്ന ഉപദ്രവകാരികളായ വന്യ ജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കേരള നിയസഭ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു (Kerala Legislative assembly passed the resolution of Amendment of Central Act to eliminate invasive wildlife).

വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കേന്ദ്ര വന്യ ജീവി സംരക്ഷണത്തിന്‍റെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും നിയമസഭ ഏകകണ്‌ഠമായി പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നിയമസഭാ ചട്ടം 118 പ്രകാരം വനം മന്ത്രി എകെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്.

കേരളത്തിന്‍റെ പല ഭാഗങ്ങളിലും വന്യജീവികള്‍ ജനവാസ മേഖലകളിലിറങ്ങുന്നത് മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിക്കുന്നതിനും മനുഷ്യന്‍റെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നതായി പ്രമേയം വ്യക്തമാക്കുന്നു. കേന്ദ്ര വന്യജീവി നിയമ പ്രകാരം വന്യജീവികളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കാട്ടുപന്നി, വിവിധയിനം കുരങ്ങുകള്‍, മറ്റ് ജീവികള്‍ എന്നിവ വനത്തിനു പുറത്ത് പെറ്റു പെരുകി വന്യജീവി ശല്യം സംസ്ഥാനത്ത് രൂക്ഷമാണ്.

ജനവാസ മേഖലകളിലിറങ്ങുന്ന ഇത്തരം വന്യജീവികളെ നശിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും തടസമാകുന്ന കര്‍ശന വ്യവസ്ഥകളാണ് കേന്ദ്ര വന്യജീവി നിയമത്തിലുള്ളത്. ഇത് കാലോചിതമായി പരിഷ്‌കരിക്കാന്‍ കേന്ദ്രം തയ്യാറാകണം. സംസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാട്ടുപന്നി ഉള്‍പ്പെടെ വനത്തിനു പുറത്തു പെറ്റുപെരുകുന്ന ഉപദ്രവകാരികളായ വന്യ ജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്രം അനുമതി നിഷേധിക്കുന്നു.

പൊതുജനങ്ങള്‍ക്ക് ജനവാസമേഖലകളില്‍ ഭീതി കൂടാതെ ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു നല്‍കിയിട്ടുള്ള എല്ലാ അധികാരങ്ങളും അടിയന്തിര നടപടി സ്വീകരിക്കാന്‍ കഴിയും വിധം ചീഫ് ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍മാരെ ഏല്‍പ്പിക്കുന്നതിനുള്ള ഭേദഗതി കേന്ദ്രം പാസാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പ്രമേയത്തിന്‍മേല്‍ പ്രതിപക്ഷം ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും അത് അംഗീകരിച്ചില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.