ETV Bharat / state

ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ

author img

By ETV Bharat Kerala Team

Published : Mar 18, 2024, 9:09 AM IST

തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടെത്തി. പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന.

Aluva abduction case update   Aluva abduction case  young man kidnapped in Aluva  Aluva kidnapping case  abduction
Aluva abduction case

എറണാകുളം : ആലുവ നഗരമധ്യത്തിൽ നിന്ന് ഞായറാഴ്‌ച രാവിലെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന രണ്ടു പേരെയാണ് തൃശൂരിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഏറെ ദുരൂഹത നിറഞ്ഞ ഈ സംഭവത്തിൽ ആരെയാണ് തട്ടിക്കൊണ്ടുപോയതെന്നോ, ആരാണ് കൃത്യം നടത്തിയതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ആലുവ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് ഞായറാഴ്‌ച രാവിലെ ഏഴുമണിക്ക് ശേഷമാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ ഒരു യുവാവിനെ ബലമായി തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിൽ വിവരം നൽകുകയായിരുന്നു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ല. അതേസമയം തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്.

തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് 'റെൻ്റ് എ കാർ' വാഹനമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതേസമയം കഴിഞ്ഞയാഴ്‌ചയും നഗരത്തിൽ സമാന രീതിയിലുള്ള തട്ടിക്കൊണ്ടുപോകൽ നടന്നതായി പരാതി ഉയർന്നിരുന്നു.

പിന്നീട് തട്ടിക്കൊണ്ടുപോയ ആളെ ആലപ്പുഴയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രണ്ടാമത്തെ തട്ടിക്കൊണ്ടു പോകലും നടന്നത്. ഈ രണ്ടു സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

ഇതിനിടെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം വാടകയ്‌ക്ക് എടുത്തത് ഒരു പൊലീസുകാരനാണെന്ന ആരോപണവും ഉയർന്നിരുന്നു. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.