ETV Bharat / state

എയര്‍ ഇന്ത്യ വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സംഭവം: കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് - VD SATHEESAN ON AIR INDIA ISSUE

author img

By ETV Bharat Kerala Team

Published : May 8, 2024, 1:34 PM IST

Updated : May 8, 2024, 2:15 PM IST

FLIGHT CANCELLED  Air India Flight Issue  V D SATHEESAN  എയര്‍ ഇന്ത്യ
VD Satheesan (Etv Bharat)

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. പലരുടെയും ജോലി നഷ്‌ടമാകാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ സതീശന്‍.

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. യാത്ര മുടങ്ങിയാല്‍ ജോലി നഷ്‌ടപ്പെടുന്നവരുള്‍പ്പെടെ ഇന്ന് തന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരില്‍ പലരും. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം റദ്ദായത് യാത്രക്കാര്‍ അറിയുന്നത്.

മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ പോലും എയര്‍ ഇന്ത്യ തയാറാകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

Also Read: കേരളത്തെ ഇരുട്ടിലാക്കുന്നത് അംഗീകരിക്കാനാകില്ല, സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം': വിഡി സതീശന്‍

തിരുവനന്തപുരം, നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുൾപ്പടെ പുറപ്പെടേണ്ട 70 അന്താരാഷ്‌ട്ര, ആഭ്യന്തര വിമാന സർവീസുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ന് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. മുതിർന്ന ജീവനക്കാര്‍ കൂട്ടത്തോടെ മെഡിക്കൽ അവധിയില്‍ പോവുകയായിരുന്നു.

സീനിയർ അംഗങ്ങളില്ലാതെ സർവീസ് നടത്താൻ പാടില്ല എന്നാണ് ചട്ടം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട മസ്‌കറ്റ്, ഷാർജ, ദുബായ്, അബുദാബി സർവീസുകളും നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി, ഷാർജ, മസ്‌കറ്റ്, ദമാം സർവീസുകളും കണ്ണൂരിൽ നിന്നുള്ള അബുദാബി, ഷാർജ, മസ്‌കറ്റ് സർവീസുകളുമാണ് റദ്ദാക്കിയത്. ഇതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതിന് പുറമെ കൊച്ചി വിമാനത്താവളത്തിൽ ഇന്നെത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ്ദാക്കി. അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ മിന്നൽ പണിമുടക്കാണ് വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് വിവരം. കൂടുതൽ എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന.

അതേസമയം ക്ര്യൂ അംഗങ്ങളുടെ പെട്ടെന്നുള്ള കുറവാണ് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ വിമാനങ്ങൾ നിർത്തിവയ്‌ക്കാൻ കാരണമായത്. സിവിൽ ഏവിയേഷൻ അധികൃതർ വിഷയം പരിശോധിച്ചുവരികയാണ്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ ചില മുതിർന്ന ക്ര്യൂ അംഗങ്ങൾ ഫ്ലൈറ്റ് ഓപ്പറേഷനുകൾക്ക് തൊട്ടുമുമ്പ് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌തതായും വിവരമുണ്ട്.

ഇതര ജീവനക്കാരില്ലാത്തതിനാലാണ് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നത്. എയർ ഇന്ത്യ എക്‌സ്‌പ്രസ്, യാത്രക്കാരോട് ക്ഷമാപണം നടത്തി പ്രസ്‌താവനയിറക്കിയിട്ടുണ്ട്. യാത്രക്കാർക്ക് പൂർണമായ റീഫണ്ട് അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് കോംപ്ലിമെൻ്ററി റീഷെഡ്യൂൾ ഓഫർ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

Last Updated :May 8, 2024, 2:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.