ETV Bharat / state

അബ്‌ദുല്‍ നാസര്‍ മദനി ഗുരുതരാവസ്ഥയിൽ; വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു - PDP Chief Madani health update

author img

By ETV Bharat Kerala Team

Published : Mar 28, 2024, 12:01 PM IST

PDP CHAIRMAN ABDUL NAZER MAHDANI  PDP CHAIRMAN  ERNAKULAM  BENGALURU BLAST CASE
PDP Chairman Abdul Nazer Mahdani In Critical Condition

പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസർ മദനിയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

എറണാകുളം : പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മാസം പത്തൊമ്പതാം തീയതിയാണ് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരു വൃക്കകളും തകരാറിലായ മദനിക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുകയായിരുന്നു. ഉയർന്ന പ്രമേഹം അദ്ദേഹത്തിന്‍റെ കാഴ്‌ചശക്തിയെ ബാധിച്ചിരുന്നു. മറ്റ് നിരവധി ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ആരോഗ്യം ക്ഷയിച്ച നിലയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

പ്രമുഖ നെഫ്രോളജിസ്‌റ്റ് ഡോ. ഇഖ്ബാലിൻ്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘമാണ് മദനിയുടെ ചികിത്സകൾ ഏകോപിപ്പിക്കുന്നത്. ബെംഗളൂരു സ്ഫോടനക്കേസിൻ പ്രതിയായ മദനിക്ക് സുപ്രീം കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂലൈയിൽ അദ്ദേഹം കേരളത്തിലെത്തിയത്. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്ത് തുടരുകയായിരുന്നു.

രോഗിയായ പിതാവിനെ കാണാൻ കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ മദനി കൊച്ചിയിൽ വിമാന മാർഗമെത്തി. അവിടെനിന്ന് കൊല്ലം അൻവാർശേരിയിലേക്കുള്ള യാത്ര മധ്യേ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.

ALSO READ : ഈറോഡ് എംപി ഗണേശമൂർത്തി അന്തരിച്ചു ; മരണം ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ

തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം പിതാവിനെ കാണാതെ ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. രണ്ടാമതും ചികിത്സയ്‌ക്ക് വേണ്ടി ഇളവ് തേടി കോടതിയെ സമീപിച്ച വേളയിലാണ് സ്ഥിരമായി കേരളത്തിൽ കഴിയാൻ സുപ്രീം കോടതി അനുമതി നൽകിയത്. അതിനുശേഷമാണ് കൊല്ലത്ത് എത്തി മദനി പിതാവിനെ കണ്ടത്. പിന്നീട് ചികിത്സയ്ക്കായി താമസം താത്‌കാലികമായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.