ETV Bharat / bharat

ഈറോഡ് എംപി ഗണേശമൂർത്തി അന്തരിച്ചു ; മരണം ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ - Erode MP Ganeshamoorthy Died

author img

By ETV Bharat Kerala Team

Published : Mar 28, 2024, 10:24 AM IST

Updated : Mar 28, 2024, 11:01 AM IST

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈറോഡ് എം പി ഗണേശമൂർത്തി ഇന്ന് (മാർച്ച് 28) പുലർച്ചെ 5 മണിയോടെ അന്തരിച്ചു

ERODE MP  ERODE MP GANESHAMOORTHY DIED  MP GANESHAMOORTHY PASSED AWAY  MDMK
Erode MP Ganeshamoorthy Died

കോയമ്പത്തൂർ (തമിഴ്‌നാട്) : ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഈറോഡ് എംഡിഎംകെ എംപി ഗണേശമൂർത്തി ഇന്ന് (28-03-2024) പുലർച്ചെ അഞ്ച് മണിയോടെ മരണത്തിന് കീഴടങ്ങി. മുന്നണി ധാരണ പ്രകാരം ഈറോഡ് മണ്ഡലത്തില്‍ ഇത്തവണ ഡിഎംകെയാണ് മത്സരിക്കുന്നത്. ഇതോടെ ഗണേശമൂർത്തിക്ക് അവസരം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് സൂചന.

കഴിഞ്ഞ ഞായറാഴ്‌ച (മാർച്ച് 24) ഈറോഡിലെ വീട്ടിൽ വച്ചാണ് ഗണേശമൂർത്തി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടർ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മൂന്ന് തവണ എംപിയായും ഒരു തവണ എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗണേശമൂർത്തി. 2019ലെ തെരഞ്ഞെടുപ്പിൽ ഈറോഡ് മണ്ഡലത്തിൽ ഉദയസൂര്യൻ ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ചത്. ഇക്കുറി ഈറോഡ് സീറ്റ് ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ധാരണ പ്രകാരം ഡിഎംകെ ഏറ്റെടുത്തു. പകരം വിരുതുനഗർ സീറ്റ് എംഡിഎംകെയ്‌ക്ക് വിട്ടുനൽകി. പാർട്ടിക്ക് ലഭിച്ച ഒരു സീറ്റിൽ എംഡിഎംകെ നേതാവ് വൈക്കോയുടെ മകൻ ദുരൈ വൈക്കോയാണ് മത്സരിക്കുന്നത്. ഇതോടെ ഗണേശമൂർത്തി നിരാശനാവുകയായിരുന്നു.

ഇപ്രാവശ്യവും തനിക്ക് സീറ്റ് ലഭിക്കുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നതായി പാർട്ടി നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാൽ, മുതിർന്ന നേതാവായ ഗണേശമൂർത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതും പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുമെന്ന് ആരോപണമുണ്ട്. ഇതിൽ ഗണേശമൂർത്തി മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു.

ALSO READ : തമിഴ്‌നാട്ടില്‍ സിറ്റിങ് എംപി ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു; സീറ്റ് നിഷേധിച്ചതിനാലെന്ന് സൂചന

അതേസമയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള ഒരു മണ്ഡലത്തിൽ അദ്ദേഹത്തെ നിർത്താമെന്നാണ് കരുതിയതെന്ന് കഴിഞ്ഞ ദിവസം എംഡിഎംകെ നേതാവ് വൈക്കോ വിശദീകരിച്ചിരുന്നു. അല്ലെങ്കില്‍, എംകെ സ്‌റ്റാലിനോട് മറ്റൊരു പദവിക്കായി അഭ്യര്‍ഥിക്കാമെന്ന് കരുതിയിരുന്നതാണെന്നും വൈക്കോ പ്രതികരിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ​ഗണേശമൂർത്തിക്ക് സീറ്റ് നൽകാമെന്നുപറഞ്ഞ് പാർട്ടി നേതൃത്വം അനുനയ ശ്രമം നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

Last Updated : Mar 28, 2024, 11:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.