ETV Bharat / state

വയനാട് സസ്‌പെന്‍സിന് വിരാമം, എന്‍ഡിഎ ടിക്കറ്റ് സുരേന്ദ്രന്; 20 ഇടത്തും ശക്തമായ ത്രികോണപ്പോരിന് കളമൊരുങ്ങി - loksabha candidates list in kerala

author img

By ETV Bharat Kerala Team

Published : Mar 25, 2024, 7:52 PM IST

Updated : Mar 26, 2024, 2:56 PM IST

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ശക്തമായ ത്രികോണപ്പോരിന് കളമൊരുങ്ങി. കഴിഞ്ഞ ദിവസം ബാക്കിയുള്ള മണ്ഡലങ്ങളില്‍ കൂടി ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് മത്സരം അതിന്‍റെ മൂര്‍ധന്യത്തിലേക്ക് കടന്നിരിക്കുന്നത്.

LOKSABHA CANDIDATES LIST IN KERALA  UNION MINISTERS IN CAPITAL DISTRICT  VVIP COMPETITION IN WAYANADU  LOKSABHA ELECTION 2024
20-loksabha-candidates-list-in-kerala

തിരുവനന്തപുരം : ദീര്‍ഘനാളത്തെ സസ്‌പെന്‍സിനു പിന്നാലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചതോടെ കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലും ശക്തമായ ത്രികോണപ്പോരിന് കളമൊരുങ്ങി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സംസ്ഥാന പ്രസിഡന്‍റിനെ തന്നെ രംഗത്തിറക്കി ശക്തമായി തന്നെ തങ്ങള്‍ മത്സര രംഗത്തുണ്ടെന്ന പ്രതീതി സൃഷ്‌ടിച്ചിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം (20 loksabha candidates list in kerala).

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കെ സുരേന്ദ്രനെ വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിപ്പിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന. ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം മനസില്ലാമനസോടെയെങ്കിലും അംഗീകരിക്കുകയായിരുന്നു സുരേന്ദ്രന്‍. സംസ്ഥാന പ്രസിഡന്‍റു പദമൊഴിയുന്ന സുരേന്ദ്രന് ദേശീയ നേതൃത്വം പുതിയ പദവി നല്‍കാനാണ് സാദ്ധ്യത (Heavy Triangle competition)

തിരുവനന്തപുരത്ത് കളം നിറഞ്ഞ് യുഡിഎഫ്, ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപി രംഗത്തിറക്കിയത് രണ്ടു കേന്ദ്രമന്ത്രിമാരെ (Union Ministers in Thiruvananthapuram) : ലേറ്റാ വന്താലും ലേറ്റസ്റ്റായി വരും എന്ന സിനിമ ഡയലോഗ് അന്വര്‍ഥമാക്കുന്ന തരത്തിലാണ് വൈകി വന്ന ശശി തരൂര്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കളം നിറയുന്നത്. ബിജെപി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരത്ത് ആദ്യം സ്ഥാനാര്‍ഥി നിര്‍ണയം നടത്തി രംഗത്തിറങ്ങിയത് എല്‍ഡിഎഫായിരുന്നു.

പിന്നാലെ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനെ ബിജെപിയും സ്ഥാനര്‍ഥിയാക്കി. തിരുവനന്തപുരത്ത് സിറ്റിങ് എംപി തരൂര്‍ തന്നെ സ്ഥാനാര്‍ഥിയാകും എന്നറിയാമായിരുന്നെങ്കിലും പ്രഖ്യാപനം വൈകിയതിനാല്‍ തരൂര്‍ രംഗത്തിറങ്ങാന്‍ വൈകി. ഈ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനും ബിജെപി സ്ഥാനാര്‍ഥി രാജിവ് ചന്ദ്രശേഖറും പ്രചാരണത്തില്‍ ബഹുദൂരം മുന്നേറി.

എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ രംഗത്തിറങ്ങിയ തരൂര്‍ അതിവേഗം കളം പിടിച്ചു. ഇപ്പോള്‍ പ്രചാരണ രംഗത്ത് മൂന്നു സ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പമെന്നതാണ് അവസ്ഥ. ആറ്റിങ്ങലിലും യുഡിഎഫിന് സമാന സ്ഥിതിയിലാണ് കാര്യങ്ങള്‍. അവിടെ അഞ്ച് വര്‍ഷം തികച്ചും ജനകീയനായി മണ്ഡലം നിറഞ്ഞു പ്രവര്‍ത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

എന്നാല്‍ 2019ല്‍ ശോഭ സുരേന്ദ്രനിലൂടെ ചരിത്രത്തിലാദ്യമായി വോട്ട് മൂന്ന് ലക്ഷം കടന്നതാണ് ബിജെപിയുടെ പ്രതീക്ഷകളെ ഉയര്‍ത്തുന്നത്. കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരനെ തന്നെ ഇവിടെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത് 2019 ലെ കണക്കിന്‍റെ കൂടി ബലത്തിലാണ്. സിപിഎം ജില്ല സെക്രട്ടറിയും വര്‍ക്കലയിലെ സിറ്റിങ് എംഎല്‍എ കൂടിയായ വി ജോയിയെ രംഗത്തിറക്കിയതോടെ ഏതു വിധേനയും മണ്ഡലം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള സമുദായാംഗങ്ങളാണ് മൂന്ന് സ്ഥാനാര്‍ഥികളും എന്നതും ശ്രദ്ധേയം (Lok sabha election 2024).

കൊല്ലത്ത് പ്രേമചന്ദ്രനെ വീഴ്ത്താന്‍ മുകേഷ് എന്ന പൂഴിക്കടകനുമായി സിപിഎം : ഒരിക്കല്‍ തങ്ങള്‍ക്കൊപ്പമായിരുന്ന പ്രേമചന്ദ്രന്‍ തുടര്‍ച്ചയായി കൊല്ലത്തു ഹാട്രിക് നേടുക എന്നത് സിപിഎമ്മിന് തീര്‍ത്തും അചിന്ത്യമാണ്. എങ്ങനെയും പ്രേമചന്ദ്രന്‍റെ വിജയക്കുത്തക തര്‍ക്കുക എന്നത് മാത്രം കണക്കിലെടുത്താണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ സിപിഎം പ്രേമചന്ദ്രനെതിരെ പരീക്ഷിക്കുന്നത്. ആര്‍എസ്‌പി വളരെ നേരത്തെ തന്നെ പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയാക്കി പ്രചാരണത്തില്‍ ബഹുദൂരം മുന്നോട്ടു പോയി.

ഇവിടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെ പ്രധാനമന്ത്രിയും പ്രേമചന്ദ്രനുമായുള്ള വിരുന്നുമായി കൂട്ടിക്കെട്ടി എല്‍ഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് ബിജെപി നടന്‍ കൃഷ്‌ണകുമാറിനെ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കിയത്. കൃഷ്‌ണകുമാറിന് ശക്തമായ മത്സരം കാഴ്‌ച വയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

തൊട്ടടുത്ത മാവേലിക്കരയില്‍ ഘടകക്ഷിയായ ബിഡിജെഎസിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. 2009 മുതല്‍ മണ്ഡലത്തില്‍ ജൈത്രയാത്ര തുടരുന്ന കൊടിക്കുന്നില്‍ സുരേഷിനെ വീഴ്ത്താന്‍ യുവ നേതാവായ സി എ അരുണ്‍കുമാറിനെയാണ് സിപിഐ രംഗത്തിറക്കിയത്. പ്രവചനാതീതമാണ് ഇവിടെ കാര്യങ്ങള്‍.

പത്തനംതിട്ടയില്‍ മുന്‍ മന്ത്രി തോമസ് ഐസക്ക് എല്‍ഡിഎഫിനും സിറ്റിങ് എംപി ആന്‍റോ ആന്‍റണി യുഡിഎഫിനും വേണ്ടി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിക്കായി മത്സരിക്കുന്നു. ആദ്യ ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി ബിജെപി ഇവിടെ രംഗം കൊഴുപ്പിച്ചിരുന്നു. മതസാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമായ ഇവിടെയും വിജയി ആരെന്നത് പ്രവചനാതീതമാണ്.

യുഡിഎഫ് തരംഗത്തിലും ഇളകാത്ത ആലപ്പുഴ തിരിച്ചു പിടിക്കാന്‍ കെസി : 2019ല്‍ 20ല്‍ 19 സീറ്റും യുഡിഎഫ് പിടിച്ചിട്ടും എല്‍ഡിഎഫിനൊപ്പം അടിയുറച്ചു നിന്ന ആലപ്പുഴയില്‍ ഇക്കുറി മുന്‍ എംപിയും കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവുമായ കെസി വേണുഗോപാലിനെയാണ് യുഡിഎഫ് ഇറക്കിയിട്ടുള്ളത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കു ശേഷമാണ് യുഡിഎഫ് വേണുഗോപാലിനെ സ്ഥാനാര്‍ഥിയാക്കിയത്.

സിറ്റിങ് എംപി ആരിഫ് ആദ്യമേ തന്നെ രംഗത്തിറങ്ങി പ്രചാരണത്തില്‍ മുന്‍ തൂക്കം നേടിക്കഴിഞ്ഞു. ആലപ്പുഴയില്‍ നേരത്തെ എംഎല്‍എയും രണ്ടു തവണ എംപിയുമായിരുന്നതാണ് കെസിയുടെ കരുത്ത്. ബിജെപിക്കു വേണ്ടി കരുത്തയായ ശോഭ സുരേന്ദ്രനാണ്. ശക്തമായ ത്രികോണപ്പാരാണ് ആലപ്പുഴയില്‍.

കോട്ടയത്ത് ഇത്തവണ കേരള കോണ്‍ഗ്രസുകള്‍ പരസ്‌പരം ഏറ്റു മുട്ടുകയാണ്. സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും മുന്‍ ഇടുക്കി എംപി ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിനായും മത്സരിക്കുന്നു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎക്കായി രംഗത്തുണ്ട്. മലയോര മണ്ഡലമായ ഇടുക്കിയില്‍ സിറ്റിങ് എംപി ഡീന്‍ കുര്യാക്കോസ് യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ എംപി ജോയ്‌സ് ജോര്‍ജ് എല്‍ഡിഎഫിനായും ഏറ്റുമുട്ടുമ്പോള്‍ സംഗീത വിശ്വനാഥനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

കോണ്‍ഗ്രസിന്‍റെ ഇളകാത്ത എറണാകുളം കോട്ട പിടിക്കാന്‍ പുതുമുഖത്തെ ഇറക്കി എല്‍ഡിഎഫ് : പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൈവെള്ളയില്‍ കൊണ്ടു നടക്കുന്ന എറണാകുളത്ത് സിറ്റിങ് എംപി ഹൈബി ഈഡന്‍ തന്നെ മത്സരത്തിനിറങ്ങുന്നു. വനിത പുതുമുഖ സ്ഥാനാര്‍ഥിയും പറവൂര്‍ നഗരസഭ കൗണ്‍സിലറുമായ കെ ജെ ഷൈന്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ കോണ്‍ഗ്രസ് നേതാവും കാലടി സര്‍വകലാശാല മുന്‍ വിസിയുമായ കെ എസ് രാധാകൃഷ്‌ണനാണ് ബിജെപി സ്ഥാനാര്‍ഥി.

കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ ചാലക്കുടിയില്‍ ചതുഷ്‌കോണ മത്സരത്തിനു കളമൊരുക്കുകയാണ് ട്വന്‍റി ട്വന്‍റി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അവര്‍ ഇത്തരമൊരു തന്ത്രം പയറ്റി പരാജയപ്പെട്ടതാണ്. ട്വന്‍റി ട്വന്‍റി മത്സരം കടുപ്പിക്കുമ്പോള്‍ ഉള്ളില്‍ തീയാളുന്നത് കോണ്‍ഗ്രസിനാണ്.

സിറ്റിങ് എംപി ബെന്നി ബഹനാനെ നേരിടാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെയാണ് എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. എന്‍ഡിഎക്കു വേണ്ടി ബിഡിജെസ് സ്ഥാനാര്‍തഥി കെ എ ഉണ്ണികൃഷ്‌ണനും ട്വന്‍റി ട്വന്‍റിക്ക് വേണ്ടി ചാര്‍ലി പോളും മത്സരിക്കുന്നു.

ഇക്കുറി തൃശൂര്‍ ആരെടുക്കും : ബിജെപി വളരെക്കാലമായി ഉള്ളില്‍ക്കൊണ്ടു നടക്കുന്നൊരു മോഹമാണ് കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനത്തെ എടുക്കുക എന്നത്. ബിജെപി വന്‍ കുതിപ്പു നടത്തിയ 2019 ല്‍ സുരേഷ് ഗോപി ഇതേ ലക്ഷ്യവുമായി തൃശൂരില്‍ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.

ഇപ്പോള്‍ അതേ സുരേഷ് ഗോപി പഴയ മോഹവുമായി തൃശൂരിലെത്തിയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി സുനില്‍കുമാറും എത്തിയതോടെ കളി മാറി. തൃശൂരിന്‍റെ മുക്കും മൂലയുമറിയുന്ന എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളോട് കരുത്തനായ ബിജെപി സ്ഥാനാര്‍ഥി കൂടി മത്സരിക്കുമ്പോള്‍ ഫലം പ്രവചനാതീതം.

ആലത്തൂര്‍ സിപിഎമ്മിന് ഇത്തവണ അഭിമാന പോരാട്ടമാണ്. നഷ്‌ടപ്പെട്ട തട്ടകം തിരിച്ചെടുക്കണം. അത് സംസ്ഥാന മന്ത്രി കെ രാധാകൃഷ്‌ണനിലൂടെ നടത്തിയെടുക്കാമെന്ന് സിപിഎം കരുതുന്നു. എന്നാല്‍ സിറ്റിങ് എംപി രമ്യ ഹരിദാസിനെ തന്നെ വീണ്ടും കളത്തിലിറക്കി യുഡിഎഫും മത്സരം വാശിയേറിയതാക്കുമ്പോള്‍ പൊരിഞ്ഞപോരാണ് ആലത്തൂരില്‍. വികടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ടി എന്‍ സരസുവാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.

പോളിറ്റ് ബ്യൂറോ അംഗത്തെ കളത്തിലിറക്കി പാലക്കാട് പിടിക്കാന്‍ സിപിഎം : സിറ്റിങ് എംപി വികെ ശ്രീകണ്‌ഠനെ വീഴ്ത്താന്‍ പോളിറ്റ് ബ്യൂറോ അംഗവും മുന്‍ പാലക്കാട് എംപിയുമായ എ വിജയരാഘവനെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി കൃഷ്‌ണകുമാര്‍ കൂടി എത്തുന്നതോടെ പാലക്കാടിന്‍റെ ത്രികോണപ്പോരിന് വല്ലാത്ത ചൂടായി. ലീഗിന്‍റെ പൊന്നാപുരം കോട്ടകളായ പൊന്നാനിയും മലപ്പുറവും വിറപ്പിക്കാനാണ് എല്‍ഡിഎഫ് ശ്രമം.

പൊന്നാനിയില്‍ മലപ്പുറം സിറ്റിങ് എംപി അബ്‌ദുല്‍ സമദ് സമദാനിയും മലപ്പുറത്ത് പൊന്നാനി സിറ്റിങ് എംപി ഇ ടി മുഹമ്മദ് ബഷീറും മത്സരിക്കുന്നു. പൊന്നാനിയില്‍ കെ എസ് ഹംസ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും നിവേദിത സുബ്രഹ്മണ്യന്‍ ബിജെപി സ്ഥാനാര്‍ഥിയുമായും മത്സരിക്കുന്നു. മലപ്പുറത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പി വസീഫ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ബിജെപിക്കു വേണ്ടി ഡോ.അബ്‌ദുല്‍ സലാം മതസരിക്കുന്നു. കോഴിക്കോട് ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ്. സിറ്റിങ് എംപി എം കെ രാഘവന്‍ യുഡിഎഫിനും രാജ്യസഭ അംഗം എളമരം കരീം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും എം ടി രമേശ് ബിജെപി സ്ഥാനാര്‍ഥിയായും രംഗത്തിറങ്ങിയതോടെ ഇവിടെ മത്സരം പൊടിപാറും.

വിവിഐപി മണ്ഡല പ്രതിച്ഛായ നിലനിര്‍ത്തി വയനാട് (VVIP competition in Wayanad) : രാഹുല്‍ ഇക്കുറിയും മത്സരിക്കാന്‍ തെരഞ്ഞെടുത്തതോടെ വയനാട് മണ്ഡലം ഇക്കുറിയും വിവിഐപി പരിഗണനയില്‍ തന്നെ. എല്‍ഡിഎഫിനു വേണ്ടി സിപിഐ ദേശീയ നേതാവ് ആനി രാജയും ബിജെപിക്കുവേണ്ടി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും രംഗത്തുണ്ട്. വടകര ഷാഫി പറമ്പിലെത്തിയതോടെ സംസ്ഥാനത്തെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്കെത്തി.

എല്‍ഡിഎഫിനു വേണ്ടി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ മത്സരിക്കുന്നു എന്നതു കൊണ്ടു തന്നെ തെരഞ്ഞെടുപ്പിന് വീറും വാശിയും കൂടും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുല്‍കൃഷ്‌ണനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. സിറ്റിങ് എംപിയും കെപിസിസി പ്രസിഡന്‍റുമായ കെ സുധാകരനെതിരെ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍ രംഗത്തു വന്നതോടെ പ്രവചനാതീതമായ മണ്ഡലങ്ങളിലൊന്നായി ഇതു മാറി. മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.

Also Read: അതിഥികൾക്ക് ജയമൊരുക്കുന്ന തിരുവനന്തപുരം; ജില്ലയ്‌ക്ക് പുറത്തുള്ളവര്‍ എംപിമാരായത് 8 തവണ

സിറ്റിങ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ വീഴ്ത്തി തങ്ങളുടെ കോട്ട പിടിച്ചെടുക്കാന്‍ സിപിഎം ജില്ല സെക്രട്ടറി എവി ബാലകൃഷ്‌ണനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ്. മഹിള മോര്‍ച്ച നേതാവ് എം എല്‍ അശ്വിനിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.

Last Updated : Mar 26, 2024, 2:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.