ETV Bharat / sports

രാജ്‌കോട്ടില്‍ ജയ്‌സ്വാള്‍ 'ഷോ'; ഇംഗ്ലീഷ് ബൗളര്‍മാരെ 'പഞ്ഞിക്കിട്ട്' കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറി

author img

By ETV Bharat Kerala Team

Published : Feb 18, 2024, 1:16 PM IST

രാജ്‌കോട്ട് ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിന് ഇരട്ടസെഞ്ച്വറി. ടെസ്റ്റ് കരിയറില്‍ 22കാരന്‍റെ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറി നേട്ടം.

Yashasvi Jaiswal  Yashasvi Jaiswal Double Hundred  India vs England  യശസ്വി ജയ്‌സ്വാള്‍  ഇരട്ടസെഞ്ച്വറി
Yashasvi Jaiswal Double Hundred

രാജ്‌കോട്ട് : അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ഇരട്ടസെഞ്ച്വറി നേടി ഇന്ത്യയുടെ യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal Double Hundred). ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ (India vs England 3rd Test) നാലാം ദിനത്തിലാണ് ജയ്‌സ്വാള്‍ കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയടിച്ചത്. 231 പന്തുകളില്‍ നിന്നും 14 ഫോറുകളുടെയും 10 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ജയ്‌സ്വാള്‍ ഇരട്ടശതകം (200*) പൂര്‍ത്തിയാക്കിയത്.

മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ജയ്‌സ്വാള്‍ പുറം വേദനയെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു. തുടര്‍ന്ന്, ഇന്ന് ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റ് നഷ്‌ടമായതോടെയാണ് താരം ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം അവസാനിപ്പിച്ചടുത്ത് നിന്നും തന്നെ ഇന്ന് ബാറ്റിങ് ആരംഭിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു.

ഇംഗ്ലീഷ് സ്‌പിന്നര്‍മാരെ കടന്നാക്രമിച്ച ജയ്‌സ്വാള്‍ അനായാസം സ്കോര്‍ ഉയര്‍ത്തി. ആദ്യം കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ചായിരുന്നു അടി. പിന്നീട് ക്രീസിലെത്തിയ സര്‍ഫറാസ് ഖാനൊപ്പവും (Sarfaraz Khan) മത്സരത്തില്‍ നിര്‍ണായകമായ കൂട്ടുകെട്ട് ജയ്‌സ്വാള്‍ പടുത്തുയര്‍ത്തി. അതിവേഗത്തിലാണ് ജയ്‌സ്വാള്‍ - സര്‍ഫറാസ് സഖ്യം ഇന്ത്യയ്‌ക്കായി റണ്‍സ് കണ്ടെത്തിയത്.

നേരത്തെ, പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയ്‌സ്വാള്‍ ഇരട്ടസെഞ്ച്വറി നേടിയിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 290 പന്തില്‍ 209 റണ്‍സ് നേടിയായിരുന്നു ജയ്‌സ്വാള്‍ പുറത്തായത് (Yashasvi Jaiswal First Double Hundred). 19 ഫോറും ഏഴ് സിക്‌സറുകളും അടങ്ങിയതായിരുന്നു ആ മത്സരത്തിലെ താരത്തിന്‍റെ ഇന്നിങ്‌സ്.

അതേസമയം, രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 500 പിന്നിട്ടു. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് 196-2 എന്ന നിലയില്‍ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ അനായാസമാണ് സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് അടിച്ചുചേര്‍ത്തത്. 91 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്‍ 27 റണ്‍സടിച്ച കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് ഇന്ന് നഷ്‌ടമായത്.

രണ്ടാം ഇന്നിങ്‌സില്‍ 97 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 412 റണ്‍സാണ് ഇന്ത്യ നേടിയത്. 538 റണ്‍സിന്‍റെ ലീഡ് നിലവില്‍ ഇന്ത്യയ്‌ക്കുണ്ട്. ഡബിള്‍ സെഞ്ച്വറിയടിച്ച ജയ്‌സ്വാളിനൊപ്പം അര്‍ധ സെഞ്ച്വറിയുമായി സര്‍ഫറാസ് ഖാനാണ് (51*) ക്രീസില്‍ (India vs England 3rd Test Score Updates).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.