ETV Bharat / sports

അണ്ടർ 19 ലോകകപ്പ്‌ : ഫൈനലുറപ്പിക്കാന്‍ നീലപ്പട നാളെ ഇറങ്ങും, എതിരാളി ദക്ഷിണാഫ്രിക്ക

author img

By ETV Bharat Kerala Team

Published : Feb 5, 2024, 4:30 PM IST

India vs South Africa  U19 World Cup 2024  Uday Saharan  അണ്ടര്‍ 19 ലോകകപ്പ്  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
U19 World Cup 2024 India vs South Africa Preview

അണ്ടര്‍ 19 ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടീമുകള്‍ നാളെ നേര്‍ക്കുനേര്‍. ടൂര്‍ണമെന്‍റിന് മുന്നെ കളിച്ച രണ്ട് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

ബെനോനി : അണ്ടർ 19 ലോകകപ്പിന്‍റെ (U19 World Cup 2024) ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാളെ ഇറങ്ങുന്നു. ആതിഥേയരായ ദക്ഷിണാഫ്രിക്കയാണ് എതിരാളി. (India vs South Africa) ബെനോനിയിലെ സഹാറ പാര്‍ക്ക് വില്ലോമൂർ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് കളി ആരംഭിക്കുക.

ടൂർണമെന്‍റില്‍ കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ഇരുടീമുകളും തോല്‍വി അറിയാതെയാണ് സെമിയ്‌ക്ക് ഇറങ്ങുന്നത്. ഉദയ്‌ സഹാരണിന്‍റെ (Uday Saharan) നേതൃത്വത്തില്‍ കളിക്കുന്ന ഇന്ത്യ ഓള്‍റൗണ്ടിങ് മികവുമായാണ് കഴിഞ്ഞ മത്സരങ്ങളില്‍ വിജയിച്ച് കയറിയത്. പ്രത്യേകിച്ച് അവസാന മത്സരങ്ങളില്‍ ബാറ്റര്‍മാര്‍ റണ്‍മല തീര്‍ക്കുകയും ബോളര്‍മാര്‍ നിറഞ്ഞാടുകയും ചെയ്‌തതോടെ കുറഞ്ഞത് 130 റണ്‍സിനായിരുന്നു നീലപ്പട മത്സരം പിടിച്ചിരുന്നത്.

രണ്ട് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയുമായി ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ മുഷീർ ഖാനാണ് (Musheer Khan) നിലവില്‍ ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതുള്ളത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 83.50 എന്ന ശരാശരിയില്‍ 334 റൺസാണ് താരം നേടിയിട്ടുള്ളത്. 61.60 ശരാശരിയിൽ രണ്ട് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും സഹിതം 304 റൺസ് നേടിയ ഇന്ത്യൻ നായകൻ ഉദയ് സഹാരണ്‍ പിന്നില്‍ തന്നെയുണ്ട്.

നേപ്പാളിനെതിരായ ഇന്ത്യയുടെ അവസാന സൂപ്പർ സിക്‌സ് മത്സരത്തിൽ സെഞ്ചുറി നേടിയ സച്ചിന്‍ ദാസും (Sachin Dhas) ഫോമിലാണ്. ബോളിങ് യൂണിറ്റിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഇടംകൈയ്യൻ സ്പിന്നറുമായ സൗമി കുമാർ പാണ്ഡെയുടെ (Saumy Kumar Pandey) പ്രകടനം ടീമിന് മുതല്‍ക്കൂട്ടാണ്. റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാണിക്കുന്ന സൗമിയ്‌ക്ക് 2.17 എന്ന അസൂയാവഹമായ ഇക്കോണമി റേറ്റാണുള്ളത്.

പവർപ്ലേയില്‍ തന്‍റെ മികച്ച ലൈനും ലെങ്ത്തും ഉപയോഗിച്ച് എതിർ ബാറ്റര്‍മാരെ വിറപ്പിക്കുന്ന താരത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. സീമര്‍മാരായ നമാൻ തിവാരി, രാജ് ലിംബാനി എന്നിവരും നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വീഴ്‌ത്താന്‍ കെല്‍പ്പുള്ളവരാണ്. നമാൻ തിവാരി ഒമ്പതും രാജ് ലിംബാനി നാലും വിക്കറ്റുകളാണ് ഇതേവരെ വീഴ്‌ത്തിയിട്ടുള്ളത്.

ജുവാന്‍ ജെയിംസിന്‍റെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് അരങ്ങേറിയ ത്രിരാഷ്‌ട്ര പരമ്പരയിലെ തുടർച്ചയായ രണ്ട് ഏകദിനങ്ങളിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകർത്തിരുന്നു. ഇതിന്‍റെ ആത്മവിശ്വാസത്തിലായിരിക്കും നീലപ്പട വീണ്ടും ടീമിനെതിരെ ഇറങ്ങുക.

എന്നാല്‍ സെമി ഫൈനല്‍ മത്സരത്തിന്‍റെ സമ്മര്‍ദത്തിനൊപ്പം ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ ക്വെന മഫാക (Kwena Maphaka) ഇന്ത്യയ്‌ക്ക് വെല്ലുവിളിയാവും. അഞ്ച് മത്സരങ്ങളില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ക്വെന മഫാക നിലവില്‍ ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരനാണ്. 18 വിക്കറ്റുകളാണ് താരം ഇതേവരെ വീഴ്‌ത്തിയിട്ടുള്ളത്.

ALSO READ: ഇംഗ്ലണ്ടിനും ബാസ്‌ബോളിനും പൂട്ട് ; വിശാഖപട്ടണത്ത് 106 റണ്‍സിന്‍റെ ജയം പിടിച്ച് ഇന്ത്യ

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയുടെ മികച്ച വിജയങ്ങള്‍ക്ക് ക്വെന മഫാകയുടെ പങ്ക് നിര്‍ണായകമാണ്. ദക്ഷിണാഫ്രിക്കയുടെ അവസാന സൂപ്പർ സിക്‌സ് മത്സരത്തിൽ ശ്രീലങ്കയ്‌ക്ക് എതിരെ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയ താരം തിളങ്ങിയിരുന്നു. ഇതോടെ പ്രധാന പോരാട്ടം ഇന്ത്യന്‍ ബാറ്റര്‍മാരും ക്വെന മഫാകയും തമ്മിലാവുമെന്ന് ഉറപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.