ETV Bharat / sports

ടി20 ലോകകപ്പ്: വെസ്റ്റ് ഇൻഡീസിലെ മത്സരങ്ങള്‍ക്ക് ഭീഷണിയുമായി പാക് തീവ്രവാദ സംഘടനകള്‍ - T20 WC Terror Attack Threat

author img

By ETV Bharat Kerala Team

Published : May 6, 2024, 2:22 PM IST

ടി20 ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസില്‍ നടക്കാനിരിക്കുന്ന മത്സരങ്ങള്‍ക്ക് ഭീകരാക്രമണ ഭീഷണി.

T20 WORLD CUP 2024  WEST INDIES TERROR ATTACK THREAT  ടി20 ലോകകപ്പ്  ഭീകരാക്രമണ ഭീഷണി
T20 WC (IANS)

ദുബായ്: അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി. ഐഎസ്-ഖൊറാസൻ ഉള്‍പ്പടെ വടക്കൻ പാകിസ്ഥാനില്‍ നിന്നുള്ള സംഘങ്ങളാണ് ഭീഷണിയ്‌ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന മത്സരങ്ങള്‍ക്കാണ് ഭീഷണിയുള്ളത്.

വെസ്റ്റ് ഇന്‍ഡീസിലെ ആന്‍റിഗ്വെ, ബര്‍ബുഡ, ഗയാന, സെന്‍റ് ലൂസിയ, സെന്‍റ് വിൻസെന്‍റ് ആന്‍ഡ് ഗ്രനേഡെൻസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, എന്നിവിടങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുക. ഫൈനല്‍ ഉള്‍പ്പടെയുള്ള പ്രധാന മത്സരങ്ങളും വെസ്റ്റ് ഇൻഡീസിലാണ് നടക്കുക. ലോകകപ്പ് മത്സരങ്ങള്‍ ഭീകരാക്രമണ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്‍റിനായി ശക്തമായ സുരക്ഷയൊരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഐസിസിയും.

സുരക്ഷയ്‌ക്കായിരിക്കും കൂടുതല്‍ മുൻഗണന നല്‍കുക എന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി തന്നെ നിരീക്ഷിച്ച് വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, യുഎസിലെ ഫ്ലോറിഡ, ടെക്‌സസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളും ലോകകപ്പിന് വേദിയാകുന്നുണ്ട്, നിലവില്‍ ഇവിടുത്തെ മത്സരങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ഭീഷണിയുമില്ല.

ജൂണ്‍ രണ്ടിന് ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലാണ് ലോകകപ്പിലെ ആദ്യ മത്സരം. ടെക്‌സസിലാണ് ഈ മത്സരം നടക്കുന്നത്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ കളി. ന്യൂയോര്‍ക്കിലാണ് ഈ പോരാട്ടം.

തുടര്‍ന്ന് പാകിസ്ഥാൻ, യുഎസ്, കാനഡ ടീമുകള്‍ക്കെതിരെയും ഇന്ത്യ കളിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കയിലെ വേദികളില്‍ മാത്രമാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്.

അതേസമയം, 20 ടീമുകളാണ് ഇക്കുറി ടി20 ലോകകപ്പില്‍ മത്സരിക്കുന്നത്. അഞ്ച് ടീമുകള്‍ അടങ്ങിയ നാല് ഗ്രൂപ്പുകളിലാണ് ആദ്യ റൗണ്ട് പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ എട്ടിലേക്ക് മുന്നേറും.

സൂപ്പര്‍ എട്ടില്‍ നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി പോരാട്ടങ്ങള്‍ നടക്കും. രണ്ട് ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക് യോഗ്യത നേടും. ജൂണ്‍ 27നാണ് സെമി ഫൈനല്‍, 29ന് ബാര്‍ബഡോസില്‍ ഫൈനലും നടക്കും.

Also Read : 'ടി20 ലോകകപ്പ് ടീമില്‍ നിന്നും രോഹിത് ശര്‍മയെ ഒഴിവാക്കണമായിരുന്നു'; വ്യാജ വാര്‍ത്തയില്‍ പൊട്ടിത്തെറിച്ച് ആകാശ് ചോപ്ര - Aakash Chopra On Rohit Sharma

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി , സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.