ETV Bharat / sports

ഐപിഎല്‍ 2024 : ഓറഞ്ച് പടയെ കമ്മിന്‍സ് നയിക്കും ; ഔദ്യോഗിക പ്രഖ്യാപനമായി

author img

By ETV Bharat Kerala Team

Published : Mar 4, 2024, 1:42 PM IST

Updated : Mar 4, 2024, 4:54 PM IST

കഴിഞ്ഞ ഐപിഎല്‍ താര ലേലത്തില്‍ 20.5 കോടി രൂപയ്ക്കായിരുന്നു കമ്മിൻസിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.

Sunrisers Hyderabad  Pat Cummins  IPL 2024  പാറ്റ് കമ്മിന്‍സ്  ഐപിഎല്‍ 2024
Sunrisers Hyderabad appoint Pat Cummins as captain for IPL 2024

ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (Sunrisers Hyderabad ) ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് (Pat Cummins) നയിക്കും. കമ്മിന്‍സിനെ ക്യാപ്റ്റനായി നിയമിച്ചതായി ഫ്രഞ്ചൈസി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഐപിഎല്‍ 2024 സീസണില്‍ ഓറഞ്ച് പടയ്‌ക്ക് 30-കാരനായ കമ്മിന്‍സ് നേതൃത്വം നല്‍കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇന്നാണ് ഫ്രാഞ്ചൈസി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയെ 2023-ല്‍ രണ്ട് ഐസിസി കിരീടങ്ങളിലേക്ക് നയിക്കാന്‍ കമ്മിന്‍സിന് കഴിഞ്ഞിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലോകകപ്പ് കിരീടങ്ങളാണ് കമ്മിന്‍സിന് കീഴില്‍ ഓസീസ് നേടിയെടുത്തത്. ഹൈദരാബാദിന്‍റെ മുഖ്യ പരിശീലകന്‍ ഡാനിയേല്‍ വെട്ടോറിക്കൊപ്പം നേരത്തെ ഓസീസ് ടീമില്‍ പ്രവര്‍ത്തിച്ച പരിചയവും 30-കാരനുണ്ട്.

ഇതാദ്യമായാണ് കമ്മിൻസ് ഐപിഎല്ലിൽ ഒരു ടീമിന്‍റെ ക്യാപ്റ്റനാകുന്നത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനാണ് കമ്മിന്‍സ്. 2015 മുതൽ 2021 വരെ 67 മത്സരങ്ങളിൽ നയിച്ച ഡേവിഡ് വാർണറാണ് ഫ്രാഞ്ചൈസിയുടെ ആദ്യ ഓസീസ് ക്യാപ്റ്റന്‍.

2023- ഡിസംബറില്‍ ദുബായിൽ നടന്ന താര ലേലത്തിൽ, 20.5 കോടി രൂപയ്ക്കായിരുന്നു കമ്മിൻസിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ കളിക്കാരനായും താരം മാറി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ കനത്ത വെല്ലുവിളി മറികടന്നാണ് ഓസീസ് ക്യാപ്റ്റനെ ഹൈദരാബാദ് സ്വന്തമാക്കിയത്.

ലേലത്തിന്‍റെ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലായിരുന്നു കമ്മിന്‍സിനായി രംഗത്ത് ഉണ്ടായിരുന്നത്. തുക ഏഴ്‌ കോടി കടന്നതോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്ത് എത്തുന്നത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്മാറുകയും പോരാട്ടം ബാംഗ്ലൂരും ഹൈദരാബാദും തമ്മിലാവുകയും ചെയ്‌തു.

ഒടുവില്‍ ഓസീസ് സൂപ്പര്‍ താരത്തെ ഹൈദരാബാദ് തന്നെ കൂടെക്കൂട്ടുകയായിരുന്നു. നേരത്തെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്കായി കമ്മിന്‍സ് കളിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് സീസണുകളില്‍ ദക്ഷിണാഫ്രിക്കന്‍ താരം എയ്‌ഡന്‍ മാര്‍ക്രമാണ് (Aiden Markram) ഹൈദരാബാദിനെ നയിച്ചിരുന്നത്. എന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഫ്രാഞ്ചൈസിക്ക് കഴിഞ്ഞിരുന്നില്ല.

ഐപിഎല്‍ 2013 സീസണിലാവട്ടെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രമായിരുന്നു ടീമിന് നേടാന്‍ കഴിഞ്ഞത്. അതേസമയം 2016 സീസണില്‍ ജേതാക്കളായ സൺറൈസേഴ്‌സ് ഹൈദരാബാദ് മാർച്ച് 23-നാണ് പുതിയ സീസണിലെ (IPL 2024) ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.

ALSO READ: ചെന്നൈ സൂപ്പര്‍ കിങ്സിന് 'പരിക്ക് ആശങ്ക' ; സ്റ്റാര്‍ ബാറ്റര്‍ക്ക് മെയ് വരെയുള്ള മത്സരങ്ങള്‍ നഷ്‌ടമാകും

രണ്ട് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവരുടെ തട്ടകമായ ഈഡൻ ഗാർഡൻസിലാണ് കളി നടക്കുന്നത്. മാർച്ച് 27-ന് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിൽ ആദ്യ ഹോം മത്സരം കമ്മിന്‍സും സംഘവും കളിക്കുക.

Last Updated : Mar 4, 2024, 4:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.