ETV Bharat / sports

'ഞങ്ങളും ക്രിക്കറ്റ് കളിച്ചിട്ടുള്ളവരാണ്..'; വിരാട് കോലിയ്‌ക്ക് മറുപടിയുമായി സുനില്‍ ഗവാസ്‌കര്‍ - Sunil Gavaskar Reply To Virat Kohli

author img

By ETV Bharat Kerala Team

Published : May 5, 2024, 11:00 AM IST

തനിക്കെതിരായ സ്‌ട്രൈക്ക് റേറ്റ് വിമര്‍ശനങ്ങളില്‍ കമന്‍റേറ്റര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നേരത്തെ വിരാട് കോലി രംഗത്ത് എത്തിയിരുന്നു. അഹമ്മദാബാദില്‍ ഗുജറാത്തും ആര്‍സിബിയും തമ്മിലേറ്റുമുട്ടിയ മത്സരത്തിന് ശേഷമായിരുന്നു ഇക്കാര്യത്തില്‍ കോലിയുടെ പ്രതികരണം.

SUNIL GAVASKAR ON VIRAT KOHLI  VIRAT KOHLI STRIKE RATE  RCB VS GT  IPL 2024
Sunil Gavaskar On Kohli (IANS)

ബെംഗളൂരു : ഐപിഎല്‍ പതിനേഴാം പതിപ്പിലെ പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്നായിരുന്നു വിരാട് കോലിയും താരത്തിന്‍റെ സ്ട്രൈക്ക് റേറ്റും. സീസണിന്‍റെ തുടക്കത്തില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് വ്യാപക വിമര്‍ശനങ്ങളായിരുന്നു വിരാട് കോലിയ്‌ക്ക് നേരിടേണ്ടി വന്നത്. രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ കോലി തന്‍റെ ഇന്നിങ്‌സില്‍ 43 പന്ത് നേരിട്ട് 51 റണ്‍സ് നേടി പുറത്തായതോടെ താരത്തിനെതിരായ വിമര്‍ശനങ്ങളും ശക്തമായി.

ഇതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസിനെതിരായി അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 44 പന്തില്‍ 70 റണ്‍സായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ കോലി നേടിയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഗുജറാത്ത് ആര്‍സിബി മത്സരത്തിന് ശേഷം തനിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി വിരാട് കോലി തന്നെ രംഗത്ത് എത്തുകയും ചെയ്‌തു. കമന്‍ററി ബോക്‌സില്‍ ഇരുന്ന് സംസാരിക്കുന്നത് പോലെയല്ല ഗ്രൗണ്ടിലെ കാര്യങ്ങള്‍ എന്നായിരുന്നു ആ മത്സരത്തിന് ശേഷം വിമര്‍ശകര്‍ക്ക് കോലി നല്‍കിയ മറുപടി.

ടീമിനെ ജയിപ്പിക്കുക എന്നത് മാത്രമാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തനിക്ക് അത് ചെയ്യാനും സാധിക്കുന്നുണ്ട്. മത്സരങ്ങളെ കുറിച്ചും താരങ്ങളെ കുറിച്ചും ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാൻ കഴിയുമെങ്കിലും കളിക്കുന്ന താരങ്ങള്‍ക്ക് മാത്രമാകും ഗ്രൗണ്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മനസിലാകുക എന്നായിരുന്നു വിരാട് കോലി പറഞ്ഞത്.

എന്നാല്‍, ഇപ്പോള്‍ വിരാട് കോലിയുടെ ഈ പ്രതികരണത്തിന് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കളിക്കളത്തിന് പുറത്തുനിന്നുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് താരങ്ങള്‍ ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ നടത്തുന്നതെന്ന് ഗവാസ്‌കര്‍ ചോദിച്ചു. കമന്‍റേറ്റര്‍മാര്‍ക്ക് പ്രത്യേക അജണ്ടകള്‍ ഒന്നുമില്ലെന്നും അവരും അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുനില്‍ ഗവാസ്‌കറുടെ പ്രതികരണം ഇങ്ങനെ...

'ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്തെ ബഹളങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് പറയുന്നവരാണ് പലരും. അത് നല്ല കാര്യമാണ്. എന്നാല്‍, പിന്നെ എന്തിനാണ് പുറത്ത് നിന്നും കേള്‍ക്കുന്ന കാര്യങ്ങള്‍ക്ക് ഇവര്‍ മറുപടി പറയുന്നത്.

ഞങ്ങളെല്ലാവരും കുറച്ചെങ്കിലും ക്രിക്കറ്റ് കളിച്ചിട്ടുള്ളവരാണ്. ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു അജണ്ടയുമില്ല. ഞങ്ങള്‍ക്ക് ഇഷ്‌ടനിഷ്‌ടങ്ങള്‍ ഉണ്ടാകണമെന്നില്ല. ഗ്രൗണ്ടില്‍ ഞങ്ങളുടെ കണ്ണിന് മുന്നില്‍ എന്ത് സംഭവിക്കുന്നോ അതിനെ കുറിച്ച് ഞങ്ങള്‍ പറയുന്നു...' സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

Also Read : അതിങ്ങ് തന്നേക്ക് റിതുരാജെ...; ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് വിരാട് കോലി - Virat Kohli In Orange Cap List

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.