ETV Bharat / sports

ഒരു കളിക്കാരനും 24.75 കോടി രൂപയുടെ മൂല്യമില്ല; സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത മുടക്കിയത് അമിത വിലയെന്ന് ഗവാസ്‌കര്‍

author img

By ETV Bharat Kerala Team

Published : Feb 11, 2024, 6:17 PM IST

മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത മുടക്കിയ 24.75 കോടി മുതലാവാന്‍ ഐപിഎല്ലിലെ 14 മത്സരങ്ങളില്‍ നാലെണ്ണത്തിലെങ്കിലും തന്‍റെ മികവുകൊണ്ട് താരം ടീമിനെ വിജയിപ്പിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍.

Kolkata Knight Riders  Mitchell Starc  Sunil Gavaskar  സുനില്‍ ഗവാസ്‌കര്‍  മിച്ചല്‍ സ്റ്റാര്‍ക്ക്
Sunil Gavaskar on KKR spending huge amount for Mitchell Starc

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണിന് (IPL 2024) മുന്നോടിയായുള്ള താരലേലം അടുത്തിടെ അവസാനിച്ചിരുന്നു. കളിക്കാര്‍ക്കായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ വാശിയോടെ മത്സരിച്ചതോടെ കനത്ത ലേലമാണ് ഇക്കുറിയും നടന്നത്. ഇതിന്‍റെ ഫലമായി ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമേറിയ താരമായി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (Sunil Gavaskar) മാറുകയും ചെയ്‌തു.

24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സായിരുന്നു (Kolkata Knight Riders) സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കനത്ത വെല്ലുവിളി മറികടന്നായിരുന്നു 34-കാരനായ ഓസീസ് താരത്തെ കൊല്‍ക്കത്ത കൂടാരത്തില്‍ എത്തിച്ചത്. എന്നാല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത ഇത്രയും വലിയ തുക മുടയ്‌ക്കേണ്ടിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

"ഉള്ളത് പറഞ്ഞാല്‍, അത്രയും വലിയ തുകയ്‌ക്ക് മൂല്യമുള്ള ഒരാളും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. 14 മത്സരങ്ങളില്‍ നാലെണ്ണത്തിലെങ്കിലും തന്‍റെ മികവുകൊണ്ട് സ്റ്റാര്‍ക്ക് കളി ജയിപ്പിക്കുകയാണെങ്കില്‍ മാത്രമേ കൊല്‍ക്കത്തയ്‌ക്ക് തങ്ങളുടെ പണത്തിന്‍റെ മൂല്യം ലഭിക്കു. അതില്‍ കൂടുതല്‍ മത്സരങ്ങളില്‍ സ്റ്റാര്‍ക്കിന്‍റെ സംഭാവന ടീമിന് ലഭിക്കുകയാണെങ്കില്‍ അതു വളരെ നല്ലതാണ്.

14 മത്സരങ്ങളിൽ നാലെണ്ണത്തിലെങ്കിലും അവന്‍ മാച്ച് വിന്നിങ്‌ സ്‌പെല്ലുകൾ എറിയേണ്ടതുണ്ട്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് എതിരെ നിര്‍ണായ പ്രകടനം നടത്തണം. ഏറെ മികച്ച ബാറ്റിങ് നിരയുള്ള ഈ മൂന്ന് ടീമുകളേയും അവന്‍ പുറത്താക്കട്ടെ. അപ്പോള്‍ മാത്രമേ സ്റ്റാര്‍ക്കിനായി മുടക്കിയ കോടികള്‍ക്ക് കൊല്‍ക്കത്തയ്‌ക്ക് മുതലായെന്ന് പറയാന്‍ കഴിയൂ"- ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ: 'സ്റ്റാര്‍ക്കിന് 24.75 കോടിയെങ്കില്‍, കോലിയ്‌ക്ക് 42 കോടിയും ബുംറയ്ക്ക് 35 കോടിയും വേണം': ആകാശ് ചോപ്ര

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഇതേവരെ രണ്ട് സീസണുകളില്‍ മാത്രമാണ് സ്റ്റാര്‍ക്ക് കളിച്ചിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 2014, 15 സീസണുകളിലായിരുന്നു ഓസീസ് പേസര്‍ കളത്തിലെത്തിയത്. 27 കളികളില്‍ നിന്നായി 20.38 ശരാശരിയില്‍ 34 വിക്കറ്റുകളാണ് സ്റ്റാര്‍ക്കിന് ഐപിഎല്ലില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളത്.

അതേസമയം ഇന്ത്യയില്‍ നിന്നും ഏകദിന ലോകകപ്പ് നേടി മടങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിലെ മറ്റ് ചില താരങ്ങള്‍ക്കും വലിയ വില ലഭിച്ചിരുന്നു. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് (Pat Cummins) 20.50 കോടി രൂപയാണ് ലഭിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ( Sunrisers Hyderabad) ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നല്‍കി കമ്മിന്‍സിനെ സ്വന്തമാക്കിയത്.

ALSO READ: സ്റ്റാര്‍ക്കിന്‍റെ ഒരു പന്തിന് ഐപിഎല്ലില്‍ ലഭിക്കുക ലക്ഷങ്ങള്‍; ഞെട്ടിക്കുന്ന കണക്ക് അറിയാം...

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഹീറോ ആയ ട്രാവിസ് ഹെഡിനും കോടികള്‍ ലഭിച്ചിരുന്നു. 6.8 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു താരത്തേയും തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.