ETV Bharat / sports

ഗംഭീറിന്‍റെ നെറുകയില്‍ ഷാരൂഖിന്‍റെ സ്‌നേഹചുംബനം ; കൊല്‍ക്കത്തയുടെ കിരീടനേട്ടം ആഘോഷമാക്കി കിങ് ഖാൻ - SRK Kisses Gautam Gambhir Forehead

author img

By ETV Bharat Kerala Team

Published : May 27, 2024, 12:45 PM IST

ഐപിഎല്‍ ഫൈനലിലെ വിജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം അംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് ടീം ഉടമ ഷാരൂഖ് ഖാൻ

IPL 2024  KKR VS SRH  SHAH RUKH KHAN  ഷാരൂഖ് ഖാൻ
Shah Rukh Khan Kisses Gautam Gambhir's Forehead (IANS)

ചെന്നൈ : ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നെങ്കിലും ഐപിഎല്ലിന്‍റെ കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കയ്യടിക്കാൻ ടീം സഹഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനും ചെപ്പോക്കിലെ ഗാലറിയില്‍ ഉണ്ടായിരുന്നു. ഷാരൂഖിന്‍റെ സാന്നിധ്യത്തില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്തയ്‌ക്ക് മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കാനും സാധിച്ചിരുന്നു. മത്സരത്തിന് മുന്‍പ് ആദ്യം എൻ95 മാസ്‌ക് ധരിച്ചായിരുന്നു കാണപ്പെട്ടതെങ്കിലും പിന്നീട് ടീമിന്‍റെ ജയം ആഘോഷിക്കാൻ മാസ്‌ക് അഴിച്ചുവച്ചായിരുന്നു കിങ് ഖാൻ ഗ്രൗണ്ടിലേക്കിറങ്ങിയത്.

വിജയാഘോഷങ്ങള്‍ക്കായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ഷാരൂഖ് ഖാൻ ടീം മെന്‍റര്‍ ഗൗതം ഗംഭീറിന്‍റെ നെറ്റിയില്‍ സ്നേഹചുംബനം നല്‍കിക്കൊണ്ടായിരുന്നു തന്‍റെ ആഹ്ളാദപ്രകടനം നടത്തിയത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു റോളില്‍ ഗംഭീര്‍ കൊല്‍ക്കത്തയ്‌ക്ക് ഐപിഎല്‍ കിരീടം നേടിക്കൊടുത്തതിന്‍റെ ത്രില്ലില്‍ ആയിരുന്നു ഷാരൂഖ് ഖാനും. ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയും ഷാരൂഖിനൊപ്പം ചെന്നൈയിലെ ഫൈനല്‍ കാണാൻ എത്തിയിരുന്നു.

അഹമ്മദാബാദില്‍ ഇതേ ടീമുകള്‍ ഏറ്റുമുട്ടിയ ഒന്നാം ക്വാളിഫയറിനിടെയാണ് ഷാരൂഖ് ഖാന് നിര്‍ജലീകരണത്തെ തുടര്‍ന്ന് ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. താരം വേഗത്തില്‍ സുഖം പ്രാപിച്ചുവെന്നും ചെന്നൈയിലെ ഫൈനല്‍ കാണാൻ എത്തുമെന്നും സുഹൃത്തും ബോളിവുഡ് താരവുമായ ജൂഹി ചൗളയും നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചതിന് പിന്നാലെ താരം ആശുപത്രി വിടുകയായിരുന്നു.

അതേസമയം, ഐപിഎല്‍ പതിനേഴാം പതിപ്പിന്‍റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദിനെ 113 റണ്‍സില്‍ എറിഞ്ഞിടാൻ കൊല്‍ക്കത്തയ്‌ക്കായി. മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്, ഹര്‍ഷിത് റാണ എന്നിവരും ചേര്‍ത്തായിരുന്നു കലാശപ്പോരില്‍ ഹൈദരാബാദിനെ തകര്‍ത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കെകെആര്‍ 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തിലാണ് ജയത്തിലേക്ക് എത്തിയത്. വെങ്കടേഷ് അയ്യരുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയായിരുന്നു കൊല്‍ക്കത്തയ്‌ക്ക് ചെപ്പോക്കില്‍ അനായാസ ജയം സമ്മാനിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരം 26 പന്തില്‍ പുറത്താകാതെ 52 റണ്‍സായിരുന്നു നേടിയത്.

Also Read: മടങ്ങിവരവ് അതി'ഗംഭീരം', മൂന്നാം തവണയും കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയ 'ചാണക്യൻ'; ഗംഭീറിന്‍റെ അടുത്ത റോള്‍ ടീം ഇന്ത്യയ്‌ക്കൊപ്പം...? - Gautam Gambhir Journey In KKR

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.