ETV Bharat / sports

'ആദ്യം നല്ലൊരു ബാറ്ററാവൂ, ക്യാപ്റ്റനാവുന്നത് പിന്നെയാവാം' ; രോഹിത്തിന് വിമര്‍ശനം

author img

By ETV Bharat Kerala Team

Published : Feb 9, 2024, 8:34 PM IST

ക്യാപ്റ്റന്‍സിയേക്കാള്‍ തന്‍റെ ബാറ്റിങ്ങിലാണ് രോഹിത് ശര്‍മ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

India vs England Test  Sanjay Manjrekar  Rohit Sharma  രോഹിത് ശര്‍മ  ഇന്ത്യ vs ഇംഗ്ലണ്ട്
Sanjay Manjrekar has urged Rohit Sharma to focus on his game instead of captaincy

മുംബൈ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ (India vs England) ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) ഇതേവരെ തന്‍റെ മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിൽ 24, 39, 14, 13 എന്നിങ്ങനെയാണ് 36-കാരന്‍ നേടിയിട്ടുള്ളത്. ഇപ്പോഴിതാ ക്യാപ്റ്റന്‍സിയേക്കാള്‍ തന്‍റെ പ്രകടനത്തിനാണ് രോഹിത് ശര്‍മ പ്രധാന്യം നല്‍കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ (Sanjay Manjrekar).

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം രോഹിത്തിനെ പ്രതികൂലമായി ബാധിച്ചിരിക്കാമെന്നും സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു."ക്യാപ്റ്റനെന്ന നിലയില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമത്തിൽ രോഹിത് ശർമ തന്‍റെ പ്രകടനത്തില്‍ പിന്നോട്ടുപോവുകയാണ്. രോഹിത് ശര്‍മ, ആദ്യം ഒരു ബാറ്ററാവണം. പിന്നീടാണ് ക്യാപ്റ്റനാവേണ്ടത്. കാരണം ക്യാപ്റ്റന്‍ മാത്രമാവുമ്പോള്‍ നിങ്ങള്‍ക്ക് റണ്‍സ് നേടാന്‍ കഴിയുന്നില്ല"- സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

അഞ്ച് മത്സര പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും കളിക്കുന്നത്. ഫെബ്രുവരി 15-ന് രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക. ഇതടക്കം ബാക്കിയുള്ള ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഇതേവരെ ബിസിസിഐ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും വരാനുള്ള, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവരുടെ ഫിറ്റ്‌നസ് റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുന്നതിനാലാണ് ടീം പ്രഖ്യാപനം വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഏറെക്കുറെ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും ജഡേജയുടെ കാര്യത്തിലാണ് നിലവില്‍ സംശയമുള്ളതെന്നാണ് വിവരം. അതേസമയം അടുത്ത രണ്ട് ടെസ്റ്റുകള്‍ കൂടി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് താരം ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോലി പിന്മാറിയിരുന്നു.

ഇതിനിടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും പരമ്പരയില്‍ നിന്ന് പുറത്തായതായി റിപ്പോര്‍ട്ടുകളുണ്ട്. പുറംവേദനയാണ് 29-കാരനായ ശ്രേയസിന് തിരിച്ചടിയായിരിക്കുന്നത്. വിശാഖപട്ടണം ടെസ്റ്റിന് പിന്നാലെയാണ് താരത്തിന് പുറംവേദന അനുഭവപ്പെട്ടത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടിയ താരം നിലവില്‍ മുംബൈയിലേക്ക് മടങ്ങിയതായാണ് വിവരം.

ALSO READ: മുംബൈയെ നയിക്കുക ഹാര്‍ക്കിന് എളുപ്പമാവില്ല ; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പഠാന്‍

ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദിലും വിശാഖപട്ടണത്തും കളിച്ചിരുന്നുവെങ്കിലും ശ്രേയസിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഹൈദരാബാദില്‍ 35, 13 എന്നിങ്ങനെയും വിശാഖപട്ടണത്ത് 27, 29 എന്നിങ്ങനെയുമായിരുന്നു താരം സ്‌കോര്‍ ചെയ്‌തത്. 2022 ഡിസംബറിന് ശേഷം ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ചുറി പോലും 29-കാരന് നേടാന്‍ കഴിഞ്ഞിട്ടില്ല.

ഇതില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ കൂടിയാണ് താരത്തെ പരിക്കും പിടികൂടിയത്. പുറംവേദനയ്‌ക്ക് ശസ്ത്രക്രിയയ്‌ക്ക് വിധേയനായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏറെ മത്സരങ്ങള്‍ ശ്രേയസിന് നഷ്‌ടമായിരുന്നു. അന്നത്തെ പരിക്കിന്‍റെ തുടര്‍ച്ചയാണോ ഇപ്പോഴത്തേതെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

ALSO READ: ഫോമിലുള്ളപ്പോള്‍ അവസരം ലഭിച്ചില്ലെങ്കില്‍ ആത്മവിശ്വാസം ചോരും ; സര്‍ഫറാസിനെ കളിപ്പിക്കാത്തതില്‍ ദിലീപ് വെങ്‌സര്‍ക്കാര്‍

അതേസമയം ഹൈദരാബാദില്‍ വിജയിച്ച ഇംഗ്ലണ്ടിന് ഇന്ത്യ വിശാഖപട്ടണത്ത് തിരിച്ചടി നല്‍കിയിരുന്നു. ഇതോടെ ഇരു ടീമുകളും 1-1ന് പരമ്പരയില്‍ ഒപ്പമാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.