ETV Bharat / sports

തെങ്ങിന്‍റെ മടല്‍ ഉപയോഗിച്ചാണ് കളിച്ച് തുടങ്ങിയത്, ഇപ്പോള്‍ സ്വപ്‌നം ഇന്ത്യന്‍ ടീം : മനസുതുറന്ന് സജന

author img

By ETV Bharat Kerala Team

Published : Feb 25, 2024, 2:13 PM IST

Updated : Feb 25, 2024, 5:16 PM IST

വനിത പ്രീമിയര്‍ ലീഗിലൂടെ ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലയാളി താരം സജന സജീവന്‍.

Sajana Sajeevan  WPL 2024  Mumbai Indians  സജന സജീവന്‍  മുംബൈ ഇന്ത്യന്‍സ്
Sajana Sajeevan recalls Cricket journey

ബെംഗളൂരു : വനിത പ്രീമിയര്‍ ലീഗിന്‍റെ (Women's Premier League) രണ്ടാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അവിശ്വസനീയ വിജയം സമ്മാനിക്കാന്‍ മലയാളി താരം സജന സജീവന് (Sajana Sajeevan) കഴിഞ്ഞിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന് (Delhi Capitals) എതിരായ മത്സരത്തില്‍ അരങ്ങേറ്റക്കാരിയായ സജന ക്രീസിലേക്ക് എത്തുമ്പോള്‍ അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു വിജയത്തിനായി മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) വേണ്ടിയിരുന്നത്.

ആലീസ് കാപ്‌സി എറിഞ്ഞ പന്ത് പിച്ച് ഔട്ട് ചെയ്‌ത് ലോങ് ഓണിലേക്ക് പറത്തിയ 29-കാരി നിലവിലെ ചാമ്പ്യന്മാരുടെ വിജയം ഉറപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായി മാറാനും മാനന്തവാടി സ്വദേശിയായ സജനയ്‌ക്ക് കഴിഞ്ഞു. വളരെ മോശം പശ്ചാത്തലത്തില്‍ നിന്നാണ് സജന ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് 29-കാരി.

"ക്രിക്കറ്റ് കളിക്കാൻ തുടങ്ങുമ്പോൾ എനിക്ക് അഞ്ച് വയസായിരുന്നു പ്രായം. എന്നാൽ വനിത ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. എൽസമ്മ ടീച്ചറാണ് എനിക്ക് ക്രിക്കറ്റിനെ കൂടുതല്‍ പരിചയപ്പെടുത്തിയത്.

ക്രിക്കറ്റ് ബാറ്റ് ഇല്ലാത്തിനാല്‍, തെങ്ങിന്‍റെ മടലും മറ്റും ഉപയോഗിച്ചായിരുന്നു ആദ്യം കളിച്ചിരുന്നത്. കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചപ്പോഴാണ് എനിക്ക് ഒരു പ്രൊഫഷണൽ കിറ്റ് ലഭിക്കുന്നത്. സാമ്പത്തികമായി കുടുംബ പശ്ചാത്തലം അല്‍പം മോശമായിരുന്നു. അതിനാല്‍ തന്നെ കളിക്കുമ്പോള്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്ന ഡിഎ, ടിഎ, മാച്ച് ഫീ എന്നിവ വലിയ ആശ്വാസമായി മാറി" - സജന പറഞ്ഞു.

വനിത പ്രീമിയര്‍ ലീഗിന്‍റെ ആദ്യ സീസണിന് മുന്നോടിയായി നടന്ന താര ലേലത്തില്‍ സജന അണ്‍സോള്‍ഡ് ആയിരുന്നു. എന്നാല്‍ കഴിഞ്ഞ (WPL 2024) ലേലത്തില്‍ 15 ലക്ഷം രൂപ നല്‍കിയാണ് മാനന്തവാടിക്കാരിയെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കൂടെക്കൂട്ടിയത്. വനിത പ്രീമിയര്‍ ലീഗിലൂടെ ഇന്ത്യയ്‌ക്കായി കളിക്കുക എന്ന തന്‍റെ സ്വപ്‌നം യാഥാര്‍ഥ്യമാവുമെന്ന് കരുതുന്നതായും സജന കൂട്ടിച്ചേര്‍ത്തു.

"കഴിഞ്ഞ വർഷം വനിത പ്രീമിയര്‍ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിനാൽ എനിക്ക് വലിയ നിരാശയുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ മികച്ച പ്രകടനം നടത്തി. ഈ വർഷം മുംബൈ ഇന്ത്യൻസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വളരെ സന്തോഷവും ആവേശവും നല്‍കുന്ന കാര്യമാണിത്. മുംബൈ ക്യാമ്പിൽ സമയം ചെലവഴിക്കാനും ഇതിഹാസങ്ങൾക്കൊപ്പം ഡ്രസ്സിങ്‌ റൂം പങ്കിടാനും കഴിഞ്ഞതില്‍ ഞാൻ വളരെ ആവേശത്തിലായിരുന്നു.

ALSO READ: എന്തൊരു താരമാണവള്‍; വയനാട്ടുകാരി സജനയെ വാഴ്‌ത്തി ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസ്

എന്‍റെ റോൾ മോഡൽ ഹർമൻപ്രീത് കൗറും (Harmanpreet Kaur ) ഇവിടെയുണ്ട്. എനിക്ക് ഒരുപാട് കാര്യങ്ങൾ ഇവിടെ നിന്നും പഠിക്കേണ്ടതുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം എന്‍റെ നൂറ് ശതമാനവും ഞാന്‍ മുംബൈ ഇന്ത്യന്‍സ് കുടുംബത്തിനായി നല്‍കും. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതാണ് സ്വപ്‌നം. വനിത ഐപിഎല്ലിലൂടെ അവിടെ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്" - സജന പറഞ്ഞു.

Last Updated :Feb 25, 2024, 5:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.