ETV Bharat / sports

'യുവതാരങ്ങള്‍ വിരാട് കോലിയില്‍ നിന്നും പഠിക്കേണ്ടത് ഈ കാര്യങ്ങളാണ്'; വിശദീകരിച്ച് രോഹിത് ശര്‍മ

author img

By ETV Bharat Kerala Team

Published : Jan 28, 2024, 12:20 PM IST

ബാറ്റിങ് ടെക്‌നിക്കിന് പുറമെ യുവതാരങ്ങള്‍ക്ക് വിരാട് കോലിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെന്ന് രോഹിത് ശര്‍മ.

Rohit Sharma On Virat Kohli  Rohit Sharma To Young Cricketers  India vs England 1st Test  രോഹിത് ശര്‍മ വിരാട് കോലി
Rohit Sharma On VIrat Kohli

ഹൈദരാബാദ് : സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (Rohit Sharma Praised Virat Kohli). ക്രിക്കറ്റ് മൈതാനത്തിന് അകത്തും പുറത്തും യുവതാരങ്ങള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ മികച്ച ഉദാഹരണമാണ് വിരാട് കോലിയെന്ന് രോഹിത് അഭിപ്രായപ്പെട്ടു. ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജിയോ സിനിമയിലൂടെ ദിനേശ് കാര്‍ത്തിക്കിനോട് സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യന്‍ നായകന്‍റെ പ്രതികരണം.

'16 വര്‍ഷത്തോളമായി അന്താരാഷ്‌ട്ര ക്രിക്കറ്റിലെ സജീവ സാന്നിധ്യമാണ് വിരാട് കോലി. ഈ കാലയളവില്‍ ഒരിക്കല്‍ പോലും കോലി എന്‍സിഎയില്‍ എത്തിയിട്ടില്ല. എല്ലാ യുവതാരങ്ങളും ഈ കാര്യം വേണം കോലിയില്‍ നിന്നും പഠിക്കേണ്ടത്.

കവർ ഡ്രൈവ്, ഫ്ളിക്ക്, കട്ട് മുതലായ ഷോട്ടുകള്‍ എങ്ങനെ കളിക്കുന്നു എന്നത് രണ്ടാമത്തെ മാത്രം കാര്യമാണ്. കോലിയെന്ന കളിക്കാരനെ ഇന്ന് ഈ കാണുന്ന നിലയില്‍ എത്തിച്ചത് എന്താണ് എന്ന കാര്യമാണ് ഓരോ യുവതാരങ്ങളും ആദ്യം മനസിലാക്കേണ്ടത്.

കോലിയെ ഏറെക്കാലമായി തന്നെ ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. തന്‍റെ നേട്ടങ്ങളില്‍ അയാള്‍ തൃപ്‌തനാണ്. ടീമിനായി എപ്പോഴും മികച്ച പ്രകടനം നടത്താനാണ് കോലി ആഗ്രഹിക്കുന്നത്. കോലിയുടെ അത്തരത്തിലുള്ള മൈന്‍ഡ്‌സെറ്റ് കണ്ട് പഠിക്കണം. അത് മറ്റാര്‍ക്കും പഠിപ്പിച്ചുതരാന്‍ സാധിക്കുന്ന ഒന്നല്ല. സാങ്കേതിക മികവിനെ കുറിച്ച് പഠിക്കുന്നതിന് മുന്‍പ് കോലിയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ വേണം ഓരോ താരവും ആദ്യം മനസിലാക്കേണ്ടത്' - രോഹിത് ശര്‍മ പറഞ്ഞു.

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് നിലവില്‍ വിരാട് കോലി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരം ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും പിന്മാറിയത്. പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ കോലിയുടെ പകരക്കാരനായി മധ്യപ്രദേശ് താരം രജത് പടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read : 'ബാസ്‌ബോള്‍' ഇവിടെ നടക്കില്ല, ഇംഗ്ലണ്ടിനെ അനായാസം ഇന്ത്യ പരാജയപ്പെടുത്തും : സൗരവ് ഗാംഗുലി

അതേസമയം, ഹൈദരാബാദില്‍ പുരോഗമിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ പടിദാറിന് സാധിച്ചിരുന്നില്ല. കെഎല്‍ രാഹുലാണ് ഈ മത്സരത്തില്‍ കോലിയുടെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ കളിക്കാനിറങ്ങിയത്. നാലാം നമ്പറില്‍ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌ത രാഹുലിന് അര്‍ധസെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.