ETV Bharat / sports

ആറ് മാസത്തിന് ശേഷം ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി, രാജ്‌കോട്ടില്‍ നിലയുറപ്പിച്ച് രോഹിത് ശര്‍മ

author img

By ETV Bharat Kerala Team

Published : Feb 15, 2024, 1:10 PM IST

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം. രാജ്‌കോട്ടിലെ ആദ്യ ദിനത്തില്‍ രോഹിത് ശര്‍മയ്‌ക്ക് അര്‍ധസെഞ്ച്വറി. എട്ട് ഇന്നിങ്‌സിന് ശേഷം ഇന്ത്യന്‍ നായകന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന ആദ്യ അര്‍ധ സെഞ്ച്വറി.

Rohit Sharma  Rohit Sharma Half Century  India vs England 3rd Test  രോഹിത് ശര്‍മ അര്‍ധസെഞ്ച്വറി  ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
Rohit Sharma Scored A Half Century

രാജ്‌കോട്ട്: നായകൻ രോഹിത് ശര്‍മയുടെ (Rohit Sharma) ചെറുത്തുനില്‍പ്പാണ് രാജ്‌കോട്ടില്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കൂട്ടത്തകര്‍ച്ചയിലേക്ക് വീഴാതെ ഇന്ത്യന്‍ ടീമിനെ ഒരുവിധം കരകയറ്റിയത് (India vs England 3rd Test). മത്സരത്തിന്‍റെ ആദ്യ പത്ത് ഓവറിനുള്ളില്‍ തന്നെ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), ശുഭ്‌മാന്‍ ഗില്‍ (Shubman Gill), രജത് പടിദാര്‍ (Rajat Patidar) എന്നിവരുടെ വിക്കറ്റുകള്‍ ടീം ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജയെ (Ravindra Jadeja) കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ രോഹിത് മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടുകയും ചെയ്‌തു.

എട്ട് ഇന്നിങ്‌സുകള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ നേടുന്ന ആദ്യത്തെ അര്‍ധസെഞ്ച്വറിയായിരുന്നു ഇത് (Rohit Sharma Half Century After 8 Test Innings). ടെസ്റ്റില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ രോഹിത് ബുദ്ധിമുട്ട് നേരിടുന്നുവെന്ന പഴി കേള്‍ക്കുന്നതിനിടെയാണ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍റെ നിര്‍ണായക ബാറ്റിങ് പ്രകടനം. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് തന്നെ രോഹിതിന് അര്‍ധസെഞ്ച്വറിയിലേക്ക് എത്താന്‍ സാധിച്ചിരുന്നു.

ഇന്ത്യന്‍ നായകന്‍റെ ബാറ്റിങ് മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ ടീമിന് മികച്ച സ്കോറിലേക്ക് എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അതേസമയം, അഞ്ചാം നമ്പറില്‍ സ്ഥാനക്കയറ്റം ലഭിച്ച് ബാറ്റിങ്ങിനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യന്‍ നായകന് മികച്ച പിന്തുണ നല്‍കുന്നുണ്ട്. കരുതലോടെ ഇംഗ്ലീഷ് ബൗളര്‍മാരെ നേരിട്ടാണ് ഇരുവരും ഇന്ത്യയ്‌ക്കായി റണ്‍സ് കണ്ടെത്തുന്നത്.

അതേസമയം, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് പ്രതീക്ഷിച്ച തുടക്കമല്ല മത്സരത്തില്‍ ലഭിച്ചത്. ഒന്നാം ഇന്നിങ്‌സിന്‍റെ നാലാം ഓവറില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി പത്ത് പന്തില്‍ പത്ത് റണ്‍സ് നേടിയ ജയ്‌സ്വാളിനെ മാര്‍ക്ക് വുഡാണ് വീഴ്‌ത്തിയത്.

പിന്നാലെ ക്രീസിലെത്തിയ ശുഭ്‌മാന്‍ ഗില്‍ റണ്‍സൊന്നും നേടാതെ മടങ്ങി. മാര്‍ക്ക് വുഡായിരുന്നു ഗില്ലിന്‍റെ വിക്കറ്റും നേടിയത്. 9-ാം ഓവറില്‍ രജത് പടിദാറിനെയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി.

15 പന്തില്‍ 5 റണ്‍സായിരുന്നു പടിദാറിന്‍റെ സമ്പാദ്യം. 33 റണ്‍സ് മാത്രമായിരുന്നു ആദ്യ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നായിരുന്നു രോഹിത് ജഡേജ സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനം.

Also Read : അര്‍ധസെഞ്ച്വറിയുമായി രോഹിത്, കട്ടയ്ക്ക് കൂടെ നിന്ന് ജഡേജ; രാജ്‌കോട്ടില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.